🔺Ada Mwone വാപ്പസിയുടെ പടം തകർത്തു എന്ന് കേട്ടല്ലോ??

🔻പിന്നല്ലാതെ.. എനിക്ക് കുട്ടനാടിനെ കുറിച്ച് ഓർത്താണ് സങ്കടം.. ഒരു പ്രകൃതി ദുരന്തം കഴിഞ്ഞു വന്നതേയുള്ളൂ..ഇപ്പൊ ദാ..അടുത്തത്..

🔺അപ്പോൾ തകർത്തത് പ്രേക്ഷകന്റെ ചങ്ക് ആണല്ലേ..

🔰🔰🔰Whats Good??🔰🔰🔰

ഒന്നേയൊന്ന്..അത് അവസാനം വാൽകഷണമായി പറയാം.

🔰🔰🔰Whats Bad??🔰🔰🔰

അതീ കോളത്തിൽ മാത്രമായി പറയാൻ പറ്റില്ല.തുടർന്ന് വായിക്കൂ…

🔰🔰🔰Watch Or Not??🔰🔰🔰

കുട്ടനാട്ടിലെ ഹരീന്ദ്രൻ കൈമൾ അഥവാ ഹരിയേട്ടൻ എന്ന പരോപകാരിയും ചെറുപ്പക്കാരുടെ റോൾ മോഡലും സർവ്വോപരി ഏതു പെണ്ണിന്റെയും മനം കവരാൻ കഴിവുള്ള ഒരു പണക്കാരന്റെ കഥയാണ് ബ്ലോഗ് പറയുന്നത്. നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടിയുള്ള ഹരിയുടെ സഹായങ്ങളുടെ കഥ ആദ്യപകുതിയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃത്യമായ പേസിങ്ങും വെള്ളമടിച്ചുള്ള പാട്ടും മറ്റുമായി ആഖ്യാനം മുന്നോട്ടു പോകുമ്പോൾ സ്വിച്ച് ഓഫ് ചെയ്ത് വെച്ച മൊബൈലിന്റെ ഫ്രീയായ 1GB ഡാറ്റാ തീർന്നിരിക്കുന്നു. എന്തൊരു അത്ഭുതം അല്ലെ..അതേ.. ബ്ലോഗ് ഒരു ഫാന്റസി കൂടിയാണ്.

ഭാര്യ മരിച്ച ഹരിയേട്ടന് പെണ്ണുങ്ങളെ സെറ്റ് ആക്കാൻ വളരെയെളുപ്പം ആണെന്ന് സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്. തളർന്നു കിടക്കുന്ന ഒരു മാഷിന്റെ കുടുംബവും ആയുള്ള ഹരിയുടെ ബന്ധം എന്താണെന്ന് ആർക്കുമറിയില്ല.അവിടെ പ്രായമുള്ള രണ്ടു പെണ്കുട്ടികളുമുണ്ട്. അങ്ങനെയിരിക്കെ പഴയ കാമുകിയായ ശ്രീജ വിവാഹബന്ധം വേർപ്പെടുത്തി ഫ്രീയായി നാട്ടിൽ എത്തുന്നു. ഹരിയുടെ സൗഹൃദം സ്ഥാപിക്കുന്ന ശ്രീജ പതുക്കെ പ്രണയത്തിലേക്ക് വഴി മാറുമ്പോൾ കഥയിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.

പല്ലാവൂർ ദേവനാരായണൻ,ബസ് കണ്ടക്ടർ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ നമ്മൾ നേരെത്തെ തന്നെ കണ്ടു മടുത്ത അവിഹിത ഗർഭവും അതിൽ പെട്ടുപോകുന്ന നായകന്റെയും കഥയാണ് ബ്ലോഗ് രണ്ടേകാൽ മണിക്കൂറിൽ താരാട്ട് പോലെ പാടി പറഞ്ഞു ഉറക്കുന്നത്.

സാധാരണ സിനിമയുടെ കഥ ഇത്രയധികം പറയുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല.മുകളിൽ അത്രയും വിവരിച്ചത് എന്തെന്നാൽ ഇത്രയെങ്കിലും പറയാതെ ഒന്നും പറയാൻ ആകില്ല. ഒരു സിനിമ എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമായി പറയണം എന്ന പക്ഷക്കാരനാണ് ഞാൻ. ദിശ അറിയാതെ പറക്കുന്ന പട്ടം പോലെയുള്ള ആദ്യപകുതിയിൽ പകുതിയിലധികവും അനാവശ്യരംഗങ്ങൾ തന്നെയാണ്. പതിഞ്ഞ താളത്തിലുള്ള കഥ പറച്ചിൽ പലപ്പോഴും വിരസത സമ്മാനിക്കുന്നുണ്ട്.

രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ തേപ്പുപാട്ടും ട്വിസ്റ്റും ഫേസ്ബുക് ചതിക്കുഴികളും ഒക്കെയായി ആദ്യപകുതിയേക്കാൾ വേഗത രണ്ടാം പകുതി കൈവരിക്കുന്നു എങ്കിലും അറുബോറൻ അനുഭവം എന്നതിൽ മാറ്റമൊന്നുമില്ല. ഒറ്റയടിക്ക് മറുകണ്ടം ചാടുന്ന നന്ദിയില്ലാത്ത നാട്ടുകാരും ഒരുലോഡ് നന്മയുമായി ഇടവേളയിൽ വലിയൊരു കോൺഫ്ലിക്റ്റ് ഉണ്ടാക്കിയ ആ വലിയ സംഭവം “ആഹാ..ഇത്രയേ ഉള്ളൂ” എന്ന രീതിയിൽ അവസാനിക്കുന്നു.

മമ്മൂട്ടി ചിത്രത്തിൽ നായികമാരായി എത്തുന്നത് റായ് ലക്ഷ്മി,അനു സിത്താര, ഷംന കാസിം,അനന്യ എന്നിവരാണ്. അനു സിത്താരയുടെ കഥയുടെ ട്രാക്ക് ഒരു ബ്ലൻഡർ ആയാണ് ആർക്കും തോന്നുക. ലൂപ് ഹോൾസിനും ലോജിക്കിനും ഒരു പരിധിയില്ല എന്ന് തെളിയിക്കുന്നു. ഷംന നല്ല സുന്ദരി ആയിരുന്നു. അനന്യ ഇടയ്ക്കിടെ വന്നു പോകുന്നു. ആവശ്യമുള്ള കഥാപാത്രം ഒന്നുമല്ല..

റായ് ലക്ഷ്മിയെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ആന പോലെ വരുന്ന പ്രശ്നങ്ങൾ ചേന പോലെയാക്കി പരിഹരിച്ചു പ്രേക്ഷകനെ മണ്ടനാക്കി സിനിമ അവസാനിക്കുമ്പോൾ ഗർഭത്തിനു ഉത്തരവാദി ഹരിയേട്ടൻ ആകില്ല എന്നും ഹരിയേട്ടന് അത് പറ്റില്ല എന്നും FFC പിള്ളേർക്ക് അറിയാവുന്നത് പോലെ പ്രേക്ഷകർക്കും അറിയാം.. എന്നിട്ടും വലിച്ചു നീട്ടിയ ഒരു രണ്ടാം പകുതിയും അവിഞ്ഞ ക്ലൈമാക്‌സും നൽകിയ സംവിധായകന് കൂപ്പുകൈ!

🔰🔰🔰Last Word🔰🔰🔰

വൈറ്റില ബ്ലോക്കിൽ കിടക്കുന്നതാണ് ഈ ബ്ലോഗിനേക്കാൾ ഭേദം!

വാൽകഷ്ണം – ഹരിയേട്ടനോട് ശ്രീജയെ കെട്ടാൻ എല്ലാവരും നിർബന്ധിക്കുമ്പോൾ ഹരി പറ്റില്ല എന്ന് പറയുന്നു. അപ്പോൾ കൂടെ നിൽക്കുന്ന ആൾ ഇയാൾക്ക് വേറേ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്നു ചോദിക്കുന്നു. പെട്ടെന്ന് FFC യും WBC യും ഓർമ വന്നു. അങ്ങനെ ആദ്യമായി ഈ സിനിമ എന്നെ ചിരിപ്പിച്ചു.