വർഷം 2003. ഒരു സിനിമാപ്രേമിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷം ആയിരുന്നു അത്. മലയാളത്തേക്കാൾ തമിഴ് സിനിമകളായിരുന്നു അന്ന് കാണാൻ കൂടുതൽ ഇഷ്ടം. എന്റെ സ്കൂൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും അടുത്ത ഫ്രണ്ട് തമിഴ് നാട്ടിൽ ജനിച്ചു വളർന്നവൻ ആയതിനാലും അവന്റെ സ്വാധീനം സിനിമ കാണലിൽ ഒരുപാട് ഉള്ളതിനാലും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമ കാണൽ ഒരു ശീലം തന്നെ ആയിരുന്നു.

രജനിയുടെ ബാബയുടെ ടിക്കറ്റ് ആദ്യദിനം ഒപ്പിച്ചു തന്നെ അവന്റെ കൂടെ ആ സമയം കണ്ട സിനിമകൾക്ക് കണക്കില്ല. വിക്രം, അജിത്ത്, വിജയ് സിനിമകൾക്കായിരുന്നു കാത്തിരിപ്പ് കൂടുതൽ. ജെമിനി റിലീസ് സമയം (2002) മണിച്ചേട്ടന്റെ വില്ലൻ വേഷം എന്ന നിലയിലും കേരളത്തിൽ സംസാരവിഷയം ആയിരുന്നു. ജെമിനിയുടെ വിജയം പിന്നീട് റിലീസായ സാമുറായ്, കിംഗ് എന്നിവയ്ക്ക് ഉണ്ടാക്കാൻ ആയില്ല. അങ്ങനെയാണ് ധൂൾ റിലീസ് ആയതു. 2003 പൊങ്കലിനോട് അനുബന്ധിച്ചു ആയിരുന്നു റിലീസ്. വലിയൊരു വിജയം എന്ന് മാത്രമല്ല.. ഇപ്പോൾ കണ്ടാലും ഒരു ഫ്രഷ് ഫീൽ ഉണ്ടാക്കുന്ന നല്ലൊരു മസാല സിനിമ ആയിരുന്നു അത്.

വേറേ രസം എന്തെന്നാൽ.. ധൂളിന്റെ കൂടെ റിലീസായ അൻപേ ശിവം അന്ന് തീയേറ്ററിൽ പോയിട്ട്, കള്ള സീഡി കാണാൻ പോലും താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിക്ക് മസാല പടങ്ങളോടുള്ള ഇഷ്ടം..അല്ലാതെ എന്ത് പറയാൻ.. വിജയ് യുടെ വസീഗരയും കൂടെ റിലീസ് ഉണ്ടായിരുന്നു. തീയേറ്ററിൽ കണ്ടില്ല എങ്കിലും വ്യാജ സീഡിയിൽ അന്ന് കണ്ടിരുന്നു. കമലാഹാസനെയും വിജയ് യെയും മലർത്തിയടിച്ചു വിക്രം പൊങ്കൽ വിന്നർ ആയി.

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ സാമി റിലീസ് ആയി. ഹരിയുടെ രണ്ടാമത്തെ ചിത്രം. സാമിയുടെ അത്ര വിജയം നേടിയ മറ്റൊരു ചിത്രം ഹരി ഇതുവരെ നേടിയില്ല എന്നതും സത്യം. സാമി വിക്രമിന്റെ കരിയറിനെ മാത്രമല്ല, തൃഷയുടെ കരിയറിലെയും പ്രധാന ചിത്രമാണ്. ലേസാ ലേസാ എന്ന പ്രിയദർശൻ ചിത്രമാണ് തൃഷയുടെ ആദ്യത്തെ ചിത്രം.അത് പെട്ടിയിൽ കിടക്കുമ്പോൾ ആണ് സാമി റിലീസ്. പിന്നെ തൃഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കോട്ട ശ്രീനിവാസ റാവു തമിഴിൽ അരങ്ങേറിയ ചിത്രം കൂടിയായിരുന്നു സാമി. അദ്ദേഹത്തിനെ പിന്നീട് വില്ലൻ റോളുകളിൽ നാം ധാരാളം കണ്ടു. റാവുവിന്റെ തമിഴ് കരിയറിനും വലിയൊരു ബ്രേക്ക്‌ ആയിരുന്നു സാമി. നന്ദമുറി ബാലകൃഷ്ണയും, മിഥുൻ ചക്രബർത്തിയും, സഞ്ജയ്‌ ദത്തും പിന്നീട് സാമി പല ഭാഷകളിൽ റീമെയ്ക് ചെയ്തു. പക്ഷെ ഒന്നിനും ഒറിജിനൽ ഉണ്ടാക്കിയ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ആയില്ല എന്നതാണ് സത്യം.

സാമി സക്സസ് മീറ്റിൽ ഓരു ചാമി, രണ്ടു ചാമി, മൂന്ന് ചാമി എന്ന പഞ്ചു ഡയലോഗ് സാക്ഷാൽ രജനി കാന്ത് പറയുന്നതൊക്കെ അന്ന് കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ചെറുതല്ല. ഹാരിസ് ജയരാജ് നൽകിയ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ വിജയത്തിൽ വലിയൊരു പങ്കു വഹിച്ചിരുന്നു. വിവേകിന്റെ പുരോഗമനവാദം ഉന്നയിക്കുന്ന കഥാപാത്രം ഒക്കെ കോമിക് ആയി പറഞ്ഞ കാര്യങ്ങൾക്കു ഇന്നും പ്രസക്തിയുണ്ട്.

വിവേകിന്റെ കോമഡി ട്രാക്ക് സിനിമയിൽ സൈഡ് ആയി വന്നും പോയും ഇരുന്നു. അതിൽ മുടി നീട്ടി വളർത്തിയ വിവേക് ഓരു ഡയലോഗ് പറയുന്നുണ്ട്.. 2005 ൽ ഇതായിരിക്കും ഫാഷൻ.. അന്ന് സാക്ഷാൽ വിജയ് കാന്ത് വരെ ഈ ഗെറ്റപ്പിൽ വരും എന്ന്… എന്തായാലും വിജയ് കാന്ത് താരമൂല്യം ഇടിഞ്ഞു ഇല്ലാതായി എങ്കിലും 2005 ൽ മുടി നീട്ടി വളർത്തൽ ട്രെൻഡ് ആയി. കാരണം.. അന്യൻ റിലീസ് ആയി.. റെമോയുടെ സ്റ്റൈൽ എത്രത്തോളം ട്രെൻഡ് ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ..

സാമി ഇറങ്ങി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ കാതൽ കൊണ്ടേൻ റിലീസ് ആയി. “ഇവർ കുട്ടികളാണ്.. ഇവരെ തെറ്റിദ്ധരിക്കരുത്” എന്നൊക്കെയുള്ള പോസ്റ്റർ ആയിരുന്നു സിനിമയ്ക്ക്. തുണ്ടുപടം പോലെ തോന്നിക്കും. എറണാകുളത്തെ തീയേറ്ററിൽ A പടം വന്നാലും പിള്ളേർക്ക് കയറാമായിരുന്നു. കാതൽ കൊണ്ടേൻ തീയേറ്ററിൽ രണ്ടു തവണ കണ്ടതാണ്.

“ഇങ്ങനെയും ഒരു കമ്മീഷണറോ” എന്ന് പോസ്റ്ററിൽ എഴുതിയ ഒരു സിനിമ കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി. കാക്ക കാക്ക.. ഹോ.. കൂട്ടുകാരുമായി ആകെ മൊത്തം മൂന്ന് തവണ തീയർട്ടറിൽ കണ്ട പടം. ഉയിരിൻ ഉയിരേ റെക്കോർഡ് ചെയ്ത ഓഡിയോ കാസറ്റും വാക്മാനും ഒക്കെയായി ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്നു. കാക്ക കാക്കയുടെ സീഡി റൈറ്റ് ചെയ്തു കൊടുത്തു കാശ് ഉണ്ടാക്കിയതും ഒരു കാലം..

പിന്നെ ബോയ്സ് ഇറങ്ങി.. ബോയ്സ് മോഡൽ ബാഗ് ഒക്കെ ട്രെൻഡ്. ഒരുപാട് നേരം ക്യൂ നിന്നു ടിക്കറ്റ് എടുത്ത പടം ബോയ്സ് ആണ്. നനഞ്ഞ ഷർട്ട് ഊരി പിഴിഞ്ഞാണ് തീയേറ്ററിലേക്ക് ഓടിയത്. മന്മദ റാസാ എന്ന പാട്ടോടു കൂടി ധനുഷിന്റെ തിരുടാ തിരുടി വൈകാതെ എത്തി. കാതൽ കൊണ്ടേൻ കണ്ടു ഫാനായ ഞാൻ അതും കൊണ്ടാടി.

അർജുൻ പടങ്ങളായ പരശുറാമും ഒറ്റനും ഒക്കെ ആ കാലയളവിൽ കണ്ട സിനിമകളാണ്. അർജുൻ സിനിമകൾക്ക് അന്നൊക്കെ നല്ല തിരക്ക് ഉണ്ടാവുമായിരുന്നു. നായകനെക്കാൾ പേര് നേടിയ കോമഡി താരം എന്നൊക്കെ ജയം എന്ന സിനിമയുടെ പോസ്റ്ററിൽ അന്ന് കണ്ടിരുന്നു. ജയം സീഡിയിലാണ് കണ്ടത്.

വിക്രം-അജിത്ത്-വിജയ്-സൂര്യ-അർജുൻ സിനിമകളായ ഒറ്റൻ, പിതാമഹൻ, ആഞ്ജനേയ, തിരുമലൈ എന്നിവയൊക്കെ തമിഴ് നാട്ടിലും ഇവിടെയും ഒരുമിച്ചു റിലീസ് ആയി. പതിവ് പോലെ വിക്രം ഡോമിനേറ്റ് ചെയ്തു. എന്നിരുന്നാലും വിജയ്‍യും ലോറൻസും ചേർന്ന് കളിച്ച ഡാൻസ് അന്നത്തെ പിള്ളേർക്ക് ഒരു അത്ഭുതം ആയിരുന്നു. പിള്ളേർക്കിടയിൽ തിരുമലൈ ആയിരുന്നു മുന്നിൽ.

ആഞ്ജനേയ പിന്നീട് ഇടപ്പള്ളിയിലെ C ക്ലാസ് തീയേറ്ററായ വനിതയിൽ കണ്ടു. ഇന്നിപ്പോൾ എറണാകുളത്തെ ടൗൺ ഏരിയയിൽ ഉള്ള ഒരേഒരു 4K തീയേറ്ററാണ് ഇടപ്പള്ളി വനിത/വിനീത., C ക്ലാസ്സ്‌ തീയേറ്റർ ആയിരുന്നപ്പോൾ പെട്ടെന്ന് ഒരുനാൾ അവിടെ തിരുപ്പാച്ചി റിലീസ് ആയി. അന്നാണ് ആ തീയേറ്റർ ഒന്നു നിറഞ്ഞു കണ്ടത്. ഇന്നിപ്പോൾ ലെവൽ തന്നെ മാറി.

ശ്രീകാന്തും ചിമ്പുവും ഒക്കെ തമിഴ് നാട്ടിൽ ശ്രദ്ധിക്കപ്പെട്ടു എങ്കിലും കേരളത്തിൽ വലിയ ചലനം ഒന്നും ഉണ്ടാക്കാൻ 2003 ൽ അവർക്കായിട്ടില്ല. 2003 വിക്രം വിജയക്കൊടി പാറിച്ച വർഷമാണ്. ധൂൾ, സാമി, പിതാമഹൻ എന്നിങ്ങനെ ഹാട്രിക്ക്.. അതും നിരൂപകരെയും പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തിയ വർഷം. പിന്നീട് ഇതുപോലെ അടുപ്പിച്ചു വിജയം നേടിയ ഒരു സമയം വിക്രമിന് ഉണ്ടായിട്ടില്ല.

സാമിയുടെ രണ്ടാം ഭാഗം എന്ന പേരിൽ ഡബിൾ റോളിൽ വിക്രം എത്തുന്ന സാമി സ്‌ക്വയർ ഒക്കെ ഒരു ബോംബ് ആയെ തോന്നുന്നുള്ളൂ.. സാമി നൽകിയ എന്റർടൈൻമെന്റിന്റെ നൂറിൽ ഒന്നു പോലും നൽകുമോ എന്ന് സംശയമാണ്. കാത്തിരുന്നു കാണാം.