ത്രില്ലർ സിനിമകളിൽ 100% Desi എന്ന് പറയാൻ പറ്റുന്ന എത്ര സിനിമകളുണ്ട്? ഒരുപാട് ത്രില്ലറുകൾ പല ഭാഷകളിലായി ഇന്ത്യയിൽ ഇറങ്ങുന്നുണ്ട്. എല്ലാത്തിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ വിദേശ സിനിമകളുടെ ഇൻസ്പിരേഷൻ കടന്നു കൂടാറുണ്ട്. ചെറുപ്പത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ കണ്ട റസ്റ്റ്‌ ഹൌസ് പോലുള്ള സിനിമകൾ പോലും ഈ പറഞ്ഞ ഇൻസ്പിരേഷൻ ലിസ്റ്റിൽ പെടുന്നുണ്ട്. പക്ഷെ നമ്മുടെ സംസ്കാരവും പൈതൃകവും ജീവിത സാഹചര്യവും ഒക്കെയായി അടുത്തുനിൽക്കുന്ന നല്ല ത്രില്ലർ കഥകളും ഇന്ത്യൻ സിനിമയിലുണ്ട്.

Movie – Ee Karaala Ratri (2018)

Genre – Crime Drama

Language – Kannada

മുകളിൽ ആമുഖമായി കൊടുത്തിരിക്കുന്നത് പോലെ 100% ദേശി ആയി നമുക്ക് തോന്നുന്ന രീതിയിൽ കഥ പറയുന്നു എങ്കിലും ഇതിലും ഇൻസ്പിരേഷൻ ഉണ്ട്. മോഹൻ ഹബ്ബുവിന്റെ കന്നഡ നാടകത്തെ ആധാരമാക്കിയതാണ് ഈ ചിത്രം.നാടകത്തിന്റെ കഥ The Return Of The Soldier എന്ന റഷ്യൻ കഥയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് പറയപ്പെടുന്നു.

ആഗ്രഹം എത്രത്തോളം ഒരു മനുഷ്യനെ നീചൻ ആക്കുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണം ആയി ഈ കഥയെ കാണാം. ഭാവിയെ കുറിച്ചുള്ള ചിന്ത തന്നെ ഒരുപക്ഷെ നമ്മെ അത്യാഗ്രഹി ആക്കിയേക്കാം. ദാരിദ്രം ഒരു കുറ്റമായി കാണാനാകില്ല എങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ദാരിദ്രം കൂടെയുണ്ടെങ്കിൽ നിരാശയും ജീവിതത്തിന്റെ ഭാഗമായി മാറും.അതിൽ നിന്നൊരു മോചനം രക്തം കൊണ്ടെഴുതിയ പ്രവൃത്തിയിലൂടെ മാത്രമേ ലഭിക്കൂ എങ്കിൽ നിങ്ങളിൽ എത്ര പേർ അതിനു മുതിരും?

അപരിചിതനായ ഒരാളെ രാത്രി വീട്ടിൽ താങ്ങാൻ അനുവദിക്കുന്ന ഒരു കുടുംബം നേരിടേണ്ടി വരുന്ന ഒറ്റ രാത്രിയിലെ കഥയാണ് സസ്പെൻസ് കലർത്തി വെറും ഒന്നര മണിക്കൂറിൽ പറയുന്നത്. കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷൻ ആദ്യത്തെ സീനുകളിലായി നമുക്ക് നൽകി നേരെ കഥയിലേക്ക് കടക്കുകയാണ്.

നാല് പ്രധാന കഥാപാത്രങ്ങളെ മാത്രം അണിനിരത്തിയ ഈ ചിത്രത്തിൽ അനുപമ ഗൗഡയുടെ പ്രകടനം കയ്യടി അർഹിക്കുന്നു.വീണ സുന്ദർ,രംഗയന രഘു,കാർത്തിക് ജയറാം എന്നിവരുടെ പ്രകടനവും ഒരേ തുലാസിൽ തന്നെ കൃത്യമായി തൂങ്ങുന്നതിനാൽ പ്രകടനപരമായി യാതൊതു കുറവും സിനിമയിലില്ല. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചെറുപ്പത്തിൽ നമ്മൾ വായിച്ച ഒരു കഥ ആയിരുന്നല്ലോ ഇതെന്ന് നമ്മൾ തിരിച്ചറിയും. എന്നാൽ അതുകൊണ്ടൊന്നും രസച്ചരട് മുറിയുന്നില്ല.

കൺടെന്റ് നല്ലതാണെങ്കിൽ എത്ര ലോ ബജറ്റ് പടം ആണെങ്കിലും പ്രേക്ഷകന് നല്ലൊരു അനുഭവം ആയിരിക്കും എന്ന് പറയുന്ന സിനിമ. കാണാത്തവർ കാണുക..