അമൽ നീരദ് സിനിമകൾ ടെക്ക്നിക്കലി സൗണ്ട് ആയ, സ്റ്റൈലിഷ് സിനിമകൾ ആയിരിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.. ഹോളിവുഡ് സിനിമകളുടെ ഇൻസ്പിരേഷൻ ഒരു മലയാള സിനിമയ്ക്ക് പെർഫെക്ട് ആയി മിക്സ് ചെയ്തു തരുന്ന അമൽ ഇത്തവണ Straw Dogs എന്ന സിനിമയുടെ ഔട്ട്‌ലൈൻ മാത്രം എടുത്തു നമ്മുടെ ചുറ്റുപാടിലേക്ക് പറിച്ചു നേടുകയായിരുന്നു. ഫലമോ.. നല്ല കിടുക്കാച്ചി ഐറ്റം!

🔰🔰🔰Whats Good??🔰🔰🔰

മാസ്സ്… ഊറമാസ്സ്‌.. എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ.. അവസാനത്തെ അരമണിക്കൂറിൽ ഓരോ മിനിറ്റിലും അത് അനുഭവിച്ചറിയാം.. രോമാഞ്ചം കൊണ്ട് എഴുന്നേറ്റുനിൽക്കുന്ന രോമം പഴയനിലയിലേക്ക് എത്തുന്നത് എൻഡ് ടൈറ്റിൽ വരുമ്പോൾ ആണ്.

🔰🔰🔰Whats Bad??🔰🔰🔰

സത്യത്തിൽ മോശമായി ഒന്നുമില്ല. അമൽ നീരദ് സ്റ്റൈൽ ആക്ഷൻ ഇപ്പോൾ വരുമെന്ന് നോക്കി ഇരുന്നു വന്നപ്പോൾ ചാകര കണക്കിന് വന്നു. അതിനാൽ കുറച്ചു നേരമുള്ള കാത്തിരിപ്പ് ഒരു മുഷിച്ചിൽ ആയി കണക്കാക്കേണ്ട..

🔰🔰🔰Watch Or Not??🔰🔰🔰

സദാചാര ഗുണ്ടായിസം വിഷയമാക്കി പടം എടുക്കുമ്പോൾ എടുക്കേണ്ട പോലെ എടുത്താൽ അത് ജനങ്ങൾക്ക്‌ ഇഷ്ടപ്പെടും. അങ്കിൾ എന്ന സിനിമയുടെ ക്ലൈമാക്സിൽ വരുന്ന സദാചാര പോലീസുകാരും അവരുടെ നാടും ഇതിൽ മുഴുനീളെ പറയുന്ന വിഷയമാണ്. ആദ്യമൊക്കെ ചിലരുടെ കപട സദാചാരത്തിലേക്കാണ് നമ്മുടെ ശ്രദ്ധ കൊണ്ട് വരുന്നത് എന്ന് തോന്നിപ്പിച്ചു എങ്കിലും പിന്നീട് മനുഷ്യന്റെ ഉള്ളിൽ തക്കം പാർത്തു പുറത്തു കടക്കാൻ ശ്രമിക്കുന്ന മൃഗത്തിന്റെ കഥയാണ് എന്ന് മനസ്സിലായി.

എബി ദുബായിയിലെ ജോലി നഷ്ടപ്പെട്ടയുടൻ ഭാര്യയെ പ്രിയയുടെ നിർദേശപ്രകാരം നാട്ടിലുള്ള പ്രിയയുടെ എസ്റേറ്റിലേക്ക് പോകാൻ തീരുമാനിക്കുന്നു. ഒരു നാട്ടിൻപ്രദേശമായ അവിടെ ഇരുവർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കഥ.

ലിറ്റിൽ സ്വയമ്പ്ന്റെ ക്യാമറ വർക്കും സുഷിന്റെ സൗണ്ട് ഡിസൈനും ഒക്കെയായി ആദ്യ പകുതിയിൽ കാര്യമായി ഒന്നും തന്നെ സംഭവിക്കുന്നില്ല. മേല്പറഞ്ഞവരുടെ കിടിലൻ വർക്കുകൾ ആസ്വദിക്കാം. ഒരു സ്ലോ പോയ്സൻ പോലെ കഥ പറഞ്ഞു വരുന്നു. കഥാപാത്രങ്ങളുടെ കോൺഫ്ലിക്റ്റ് നമ്മളിലേക്ക് എത്തിക്കുന്നു. ഒരു ഭയം നമ്മളിലേക്ക് കുത്തിവച്ച ശേഷം ഇടവേള വരുന്നു. സ്വാഭാവികമായും ഒരു മുഷിച്ചിൽ തോന്നാം.. എന്നാൽ ഒരു പൊട്ടിത്തെറിക്കു മുമ്പുള്ള നിശബ്ദത ആയി ഇതിനെ കണക്കാക്കുക.

നായികയ്ക്ക് സംഭവിക്കുന്ന ക്രൂരമായ അവസ്ഥകൾ വാക്കുകളിലൂടെ മാത്രം നമ്മിലേക്ക്‌ എത്തിക്കുമ്പോൾ അത് ചിത്രീകരിച്ചു കാണിക്കുന്നതിനേക്കാൾ എഫക്ടീവ് ആയി തോന്നി. ആ സീനുകളിൽ ഐശ്വര്യയുടെ പ്രകടനം നന്നായിരുന്നു. ഒരു ഭർത്താവിന്റെ വേദന എന്തായിരിക്കും എന്ന് എബിയുടെ കരച്ചിലിൽ നിന്നും നമ്മൾ അറിയുന്നു. ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന ചിന്തയിലേക്ക് എബി എത്തുന്നു. സ്‌ക്രീനിൽ തീ പാറുന്നു..

ഇതുപോലൊരു മാസ് സീക്വൻസ് ഈയിടെ ഒരു മലയാളസിനിമയിലും കണ്ടിട്ടില്ല. പറയാൻ കാരണം.. ആദ്യപകുതിയും രണ്ടാം പകുതിയുടെ ആദ്യത്തെ അര മണിക്കൂറും ഒക്കെയായി പതുക്കെ നീങ്ങുന്ന കഥയിൽ ഒരു മരണമാസ് സീൻ വരുമ്പോൾ.. തീയേറ്റർ ഒന്നടങ്കം ഇളകുന്നു. ഒരു ആക്ഷൻ നമ്മൾ പ്രതീക്ഷിക്കുന്നതാണ്.. എന്നാൽ അത് എത്രത്തോളം സ്റ്റൈലിഷ് ആകുന്നു എന്നതിലാണ് കാര്യം. ഏകദേശം അര മണിക്കൂറോളം നമ്മെ കോരിത്തരിപ്പിച്ചു സിനിമ അവസാനിക്കുന്നു.

മലയാളത്തിൽ ഏറ്റവും നന്നായി ഫൈറ്റ് ചെയ്യുന്ന നടൻമാരുടെ കൂട്ടത്തിൽ ഇനി ഫഹദും ഉണ്ടാകും. അതിപ്പോൾ മഹേഷിലെ പോലെ റിയലിസ്റ്റിക് ഫൈറ്റ് ആയാലും വരത്തനിലെ പോലെ സ്റ്റൈലിഷ് മാസ് ഫൈറ്റ് ആയാലും ഫഹദ് പൊളിക്കും. ഷറഫിന്റെ ഒരു ഇമേജ് ബ്രേക്ക്‌ ആണ് നമ്മൾ ഇതിൽ കാണുന്നത്. ഒരു സർപ്രൈസ് തന്നെ ആയിരുന്നു. പരമാവധി അതിനോട് നീതി പുലർത്താനും കഴിയുന്നുണ്ട്.

അർജുൻ അശോകനും മഹേഷിന്റെ പ്രതികാരത്തിലും തീവണ്ടിയിലും ഒക്കെയുള്ള ഒരു നടൻ.. പേരറിയില്ല.. കിടിലൻ പ്രകടനം ആയിരുന്നു. പേരറിയാത്ത നടന്റെ ഞരമ്പ് കഥാപാത്രം പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോകില്ല. പോത്തേട്ടനും ചേതനും ഒക്കെ കിട്ടിയ റോൾ നന്നായി ചെയ്തു.

പതിഞ്ഞ താളത്തിലുള്ള തുടക്കവും പിന്നീടുള്ള സംഹാരഭാവവും ഒക്കെയായി വരത്തൻ പരിപൂർണ്ണ സംതൃപ്തിയാണ് നൽകുന്നത്. നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ച മുന്നോട്ടു പോകുമ്പോൾ വ്യാജപ്രിന്റുകളും പെട്ടെന്ന് തന്നെ ലഭിക്കുന്ന അവസ്ഥയാണിപ്പോൾ.. കുട്ടനാടൻ ബ്ലോഗും പടയോട്ടവും HD യിൽ തന്നെ വ്യാജൻ ഇറങ്ങി. അതുപോലെ വരത്തൻ കാണണം എന്നുള്ളവർ സ്വന്തം ആസ്വാദനം നഷ്ടപ്പെടുത്തുകയാണ്. നല്ല തീയേറ്ററിൽ നല്ല സൗണ്ട് സിസ്റ്റത്തിൽ ഈ സിനിമ കാണുക. പൂർണ്ണ തൃപ്തിയോടെ നിങ്ങൾ തീയേറ്റർ വിട്ടിറങ്ങും.. ഉറപ്പ്!

🔰🔰🔰Last Word🔰🔰🔰

ടെക്ക്നിക്കൽ സൈഡ് ആയാലും പ്രകടനപരമായും മുന്നിൽ നിൽക്കുന്ന ഒരു സിനിമയിൽ, Wow Factors ന്റെ ഒരു ചാകര തന്നെ വരുമ്പോൾ എങ്ങിനെ ഉണ്ടാകും? അതും നല്ല കിടിലൻ മാസ് സീനുകളോടെ.. അതാണ്‌ വരത്തൻ.. തീയേറ്ററിൽ മിസ്സ്‌ ചെയ്യാതെ ഇരിക്കുക.