സാത്താൻ സേവ + സീരിയൽ കില്ലർ + ട്വിസ്റ്റ്‌ = Dark Palces (2015)

പത്രത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി എന്നൊരു വാർത്ത വരുന്നു. അതിൽ രക്ഷപ്പെട്ട ഒരേ ഒരു പെൺകുട്ടിയായ ലിബ്ബി ഒരൊറ്റ രാത്രി കൊണ്ട് പ്രശസ്തയായി. തന്റെ അമ്മയെയും രണ്ടു സഹോദരിമാരെയും കൊലപ്പെടുത്തിയ കൊലപാതകി തന്റെ സഹോദരൻ ആണെന്ന് ലിബ്ബി വെളിപ്പെടുത്തുന്നു. ലിബ്ബിയെ തേടി ട്രസ്റ്റുകളിൽ നിന്നും അപരിചിതരിൽ നിന്നും പണം എത്തുന്നു. സിംപതിയിലൂടെയാണ് ലിബ്ബി വളരുന്നത്.

28 വർഷങ്ങൾ കഴിയുന്നു. ലിബ്ബിയ്ക്കു വന്നു ചേരുന്ന പണം കുറയുന്നു.ആയിടെ ലിബ്ബിയെ തേടി ഒരു കൂട്ടം ആളുകളുടെ ഓഫർ വരുന്നു. ലിബ്ബിയുടെ കുട്ടിക്കാല അനുഭവങ്ങൾ പങ്കു വെച്ചാൽ പണം നൽകാം എന്ന്. ആ യാത്രയിൽ പല രഹസ്യങ്ങളുടെയും ചുരുൾ അഴിയുന്നു.

പ്രശസ്തമായ ബുക്കുകൾ സിനിമ ആക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം ഈ സിനിമയും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ ആ ബുക്ക്‌ വായിച്ചിട്ടില്ലാത്തതിനാൽ സിനിമ എനിക്കൊരു മോശം അനുഭവം ആയിരുന്നില്ല. ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന നിലയിൽ ഓരോരോ കാര്യങ്ങളിലൂടെ മിസ്റ്ററി എന്താണെന്നു കണ്ടെത്തുന്ന രീതിയൊക്കെ നന്നായി തോന്നി.

ഒരേ പേസിങ്ങിൽ തന്നെയാണ് സിനിമയുടെ സഞ്ചാരം.ഇടയ്ക്കിടെ ത്രില്ലിംഗ് ആയുള്ള സീനുകളോ,ആക്ഷൻ രംഗങ്ങളോ ഒന്നും തന്നെ വരുന്നുമില്ല.എന്നാൽ പോലും സിനിമയുടെ ആഖ്യാനം മുഷിപ്പിക്കുന്നില്ല. Whodunnit എന്ന കാര്യത്തിൽ വലിയ ട്വിസ്റ്റ്‌ ഒന്നും വരുന്നില്ല എങ്കിലും കഥാഗതിയിൽ വരുന്ന മറ്റൊരു വഴിത്തിരിവ് നന്നായി തോന്നി. രണ്ടു മണിക്കൂറിൽ താഴെയുള്ള നല്ലൊരു ത്രില്ലർ!