പല നാട്ടിലും പല പേരുകളിലും അർബൻ ലെജന്റ്സ് ഉണ്ട്. ബൂഗി മാൻ, കൊക്കാച്ചി എന്നൊക്കെ നമ്മൾ ചെറുപ്പത്തിൽ കുറേ കേട്ടിട്ടില്ലേ… സാങ്കല്പികമായ ഇവയെ അന്ധമായി വിശ്വസിക്കുന്നവർ ഉണ്ട്. ഭയം എന്ന വികാരം മനസ്സിൽ ഉള്ളപ്പോൾ നന്നായി ഒരു പേടിപ്പെടുത്താൻ ഇവ തന്നെ ധാരാളം. ഈ സാങ്കൽപ്പിക അപകടങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കാൻ തുടങ്ങിയാൽ?

Movie – Urban Legend (1998)

Genre – Slasher, Thriller

Language – English

ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നു. കൊലപാതകി കൃത്യമായി ഫോളോ ചെയ്യുന്ന ഒരേ കാര്യം എന്തെന്നാൽ ഓരോ കൊലപാതകങ്ങളും ഓരോ അർബൻ ലെജൻഡ് സങ്കല്പം പോലെയാണ് നടത്തുന്നത്. സംശയം ഒരാളുടെയോ രണ്ടാളുടെയോ നേർക്കല്ല, സ്‌ക്രീനിൽ വരുന്ന എല്ലാവരോടും തന്നെ തോന്നുന്നു. മരണങ്ങൾ വർദ്ധിച്ചു വരുന്നതോടെ ഭയവും മുറുകുന്നു.

2003 ൽ റിലീസായ വിസിൽ എന്നൊരു തമിഴ് സിനിമയുണ്ട്. തീയേറ്ററിൽ അത്ര വലിയ വിജയം ആയില്ല എങ്കിലും ടീവി ടെലികാസ്റ്റിംഗിൽ സിനിമ വലിയ ഹിറ്റ്‌ ആയിരുന്നു. വിവേകിന്റെ കോമഡി ട്രാക്ക് ഒക്കെ കിടു ആയതിനാൽ പലപ്പോഴും റിപീറ്റിവ് വാല്യൂ ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് തവണ കണ്ട ആ സിനിമ ഒരു ഈച്ചക്കോപ്പി ആയിരുന്നു എന്ന് ഈ സിനിമയുടെ തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിലായി.

Whodunnit എന്നതും Whydunnit എന്നതും ഒരു സസ്പെൻസ് ഘടകം ആയി സിനിമയിൽ വരുന്നുണ്ട്. ഇരുപതു വർഷം പഴക്കമുള്ള ഒരു സിനിമയാണിത് എന്ന പരിഗണന നൽകിയാൽ, ആ കാലഘട്ടം മനസ്സിൽ വെച്ചാൽ… ബോറൻ അഭിനയം ഒന്നും അവഗണിച്ചാൽ ഒരു നല്ല സമയം പോക്ക് തന്നെയാണ് ഈ സിനിമ.

Howdunnit എന്നൊരു സസ്പെൻസ് കയ്യിൽ നിന്നെടുത്ത് ഇട്ട വിസിൽ എന്ന സിനിമയുടെ അണിയറപ്രവർത്തകരെ ഈ വേളയിൽ ഞാൻ സ്മരിക്കുന്നു.