മനസ്സ് പറയും പോലെ ഒരു മുരുഡേശ്വർ യാത്ര.

ഓരോരുത്തരും യാത്ര ചെയ്യുന്നത് ഒരോ രീതിയിലാണ്. എനിക്ക് യാത്ര ചെയ്യുമ്പോൾ കഷ്ടപ്പാടുകൾ ഇഷ്ടമല്ല.അത്യാവശ്യം ലക്ഷ്വറി ഒക്കെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.എന്ന് വെച്ചു ഓവറായി ഒന്നും വേണ്ട.ധൃതി പിടിച്ചു സ്ഥലം കണ്ടു തീർക്കാനും താല്പര്യമില്ല.അതിനാൽ തന്നെ ഈ യാത്ര മുരുഡേശ്വർ എന്ന സ്ഥലം മാത്രം ആയിട്ടും രണ്ടു ദിവസം മുഴുവൻ തങ്ങാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്നാം തിയതി രാത്രി പുറപ്പെടുന്നു.ഗാന്ധിജയന്തിയുടെ അന്ന് എത്തുന്നു. രണ്ടും മൂന്നും അവിടെ തങ്ങി നാലാം തിയതി അതിരാവിലെ ട്രെയിൻ കേറി ഉച്ചയോടു കൂടി എറണാകുളം എത്തുന്നു എന്നതാണ് പ്ലാൻ.

എറണാകുളത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടുന്നു നേത്രാവതി എക്സ്പ്രസ് ഉണ്ട്. വെളുപ്പിന് 3 മണിക്ക് അവിടെയെത്തും. ആ സമയം അവിടെ ചെന്നിട്ടു എന്ത് ചെയ്യാൻ! എല്ലാ തിങ്കളാഴ്ചയും രാത്രി 11.25 നു പൂർണ്ണ എക്സ്പ്രസ് ഉണ്ട്. പിറ്റേന്ന് കാലത്ത് 11 മണിക്ക് മുരുഡേശ്വർ എത്തും. നമ്മുടെ ട്രെയിനല്ലേ.. ലേറ്റ് ആയി ഒരു 12 മണിക്ക് എത്തും. മുരുഡേശ്വറിൽ നേരത്തെ ചെക്ക് ഇൻ ചെയ്യുക എന്നൊരു സംഗതി ഇല്ല എന്നറിഞ്ഞു. അല്ലേൽ എക്സ്ട്രാ കാശ് കൊടുക്കണം. അപ്പോൾ പൂർണ്ണ എക്സ്പ്രസ് ആണ് ഉചിതം. അങ്ങനെ ഒക്ടോബർ ഒന്നാം തിയതി എന്റെ യാത്ര തുടങ്ങുന്നു.

IRCTC ആപ്പ് തുറക്കുന്നു. ഓഫറുകൾ നോക്കുന്നു. Freecharge Wallet വഴി പേ ചെയ്താൽ 50 രൂപ ക്യാഷ്ബാക്ക് കിട്ടുമത്രേ! എന്തിനു ഒഴിവാക്കണം.. അപ്പർ ബെർത്തിൽ സ്ലീപ്പർ ബുക്ക്‌ ചെയ്തു. 345 രൂപയാണ് ടിക്കറ്റ്. ഉടനടി 50 രൂപ ക്യാഷ്ബാക്ക്. റിട്ടേൺ കൂടി ബുക്ക്‌ ചെയ്തു. നാലാം തിയതി വെളുപ്പിന് 2.50 നുള്ള നേത്രാവതി എക്സ്പ്രസ്. 345 രൂപ തന്നെ. ഇത്തവണ 295 രൂപയെ ആയുള്ളൂ. കാരണം 50 രൂപ ക്യാഷ്ബാക്ക് കിട്ടിയല്ലോ. അതും ബുക്ക്‌ ചെയ്തു. വീണ്ടും 50 രൂപ ക്യാഷ്ബാക്ക്. അതായത് മൊത്തം രണ്ടു തവണ ക്യാഷ്ബാക്ക് കിട്ടും. അടിപൊളി!

ടിക്കറ്റ് കൺഫോം ആയിരുന്നു. ഈ റൂട്ടിൽ വെയ്റ്റിംഗ് ലിസ്റ്റ് ആകുന്നത് അത്ര പന്തിയല്ല.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റുകൾ കൺഫോം ആയതു ഒരു ഭാഗ്യമായി കരുതുന്നു. ട്രാവൽ ഏജൻസികൾ ചുമ്മാ അങ്ങോട്ട്‌ ബൾക് ബുക്കിങ് നടത്തി നമ്മെ ബുദ്ധിമുട്ടിക്കാറാണല്ലോ പതിവ്! തിരിച്ചുള്ള യാത്ര മൂന്നാം തിയതി തന്നെ നോക്കിയതായിരുന്നു. പക്ഷെ PQWL എന്ന് കാണിക്കുന്നത് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒന്നായതിനാൽ ഒരു ദിവസം കൂടി എക്സ്ട്രാ തങ്ങാൻ തീരുമാനിക്കുന്നു. Goibibo ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു. നോം ഒരു ടൈറ്റാനിയം ലെവൽ മെമ്പർ ആയതിനാൽ 2 ഹോട്ടൽ റൂം അപ്ഗ്രേഡ് ഉണ്ട്. മുരുഡേശ്വറിലെ ഏറ്റവും പുതിയ ഒരു ഹോട്ടലായ ശ്രീ വിനായക റെസിഡൻസി തിരഞ്ഞെടുക്കുന്നു. Non AC റൂമിനു 650 രൂപ. രണ്ടു ദിവസത്തേക്ക് 1300 രൂപ. ടാക്‌സും കൺവീനിയന്റ്റ് ഫീസും ഒന്നും ഈ ഹോട്ടലിൽ കണ്ടില്ല. ബുക്ക്‌ ചെയ്യും മുൻപ് ഒന്നു അവിടേക്ക് വിളിച്ചു റേറ്റ് ചോദിച്ചു. നോൺ എസി 999 രൂപ എന്ന് കേട്ടപ്പോൾ Goibibo തന്നെ മതിയെന്ന് വെച്ചു. അത് ബുക്ക്‌ ചെയ്തു വന്നപ്പോൾ AC യിലേക്ക് അപ്ഗ്രേഡ് ആകുന്നു. അല്ല പിന്നെ! 🙂 അങ്ങനെ താമസവും സെറ്റ്!

അങ്ങനെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. സൗത്തിൽ നിന്നും സ്റ്റാർട്ട്‌ ചെയ്യുന്ന വണ്ടി ആയതിനാൽ കാത്തിരിക്കേണ്ടി വന്നില്ല. S6 കണ്ടെത്തി അതിലെ 70 നമ്പർ അപ്പർ ബെർത്തിൽ കിടന്നു.

നല്ല ക്ഷീണം ഉണ്ടായതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി. ചിലരുടെ ലൈറ്റ് ഇടൽ ചടങ്ങുകൾ ഇടയ്ക്കിടെ വരുന്നതിനാൽ നിദ്രയ്ക്ക് തടസവുമൊക്കെ വന്നു. എന്നാലും സുഖമായി ഉറങ്ങി.

1st Day – 02/10/2018

പിറ്റേന്ന് എഴുന്നേറ്റത് 9 മണിക്ക്. ഒന്നര മണിക്കൂറിൽ മുരുഡേശ്വർ എത്തുമെന്നത് ഒരുപാട് സന്തോഷമുണ്ടാക്കി. പറഞ്ഞതിലും അഞ്ചു മിനുട്ട് മുൻപ് തന്നെ സ്ഥലത്തെത്തി.

റൂം ബുക്ക്‌ ചെയ്ത സ്ഥലത്തേക്ക് ഒരു കിലോമീറ്റർ മാത്രമേയുള്ളൂ. നടന്നു.. വഴിയരികിൽ കുറേ സ്കൂൾ കുട്ടികൾ ഒരു തട്ടുകടയുടെ മുന്നിൽ നിന്നും ഫ്രെയ്‌ഡ്‌ റൈസ് കഴിക്കുന്നത് കണ്ടു. കൗതുകം തോന്നി. പക്ഷെ സ്റ്റിൽ.. വിശപ്പില്ല..

രാവിലത്തേയും ഉച്ചയ്ക്കുള്ളതും കൂട്ടി ബ്രഞ്ച്‌ ആയി കഴിക്കാം. അതിനു മുൻപ് റൂമിലെത്തി ഒന്നു ഫ്രഷ് ആകണം. റെയിൽവേ ടോയ്ലറ്റ് ഉപയോഗിക്കാനുള്ള മടി ഇന്നും മാറിയിട്ടില്ല. മുരുഡേശ്വർ ക്ഷേത്രത്തിലേക്കുള്ള വാതിൽ പോലെ ഒരു സമുച്ചയം കണ്ടു. അതിനോട് ചേർന്ന് ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും.

അതിലൂടെ മുന്നോട്ടു മുക്കാൽ കിലോമീറ്റർ നടന്നപ്പോൾ ശ്രീ വിനായക റെസിഡൻസി എത്തി. കൂടെ ഒരു വെജ് റെസ്റ്റോറന്റ് അറ്റാച് ചെയ്തിട്ടുണ്ട്. പുതിയ കെട്ടിടം ആയതിനാൽ നല്ലൊരു റൂം കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്.

റിസപ്‌ഷനിൽ ചെന്നപ്പോൾ മുഖം മൂടിക്കെട്ടി ഒരു പെൺകുട്ടിയുമായി ഒരു ചെറുപ്പക്കാരൻ റൂം ചോദിക്കുന്നു. ID Card ഇല്ലാത്തതിനാൽ മാനേജ്മെന്റ് റൂം നിഷേധിക്കുന്നു, അവർ തമ്മിലുള്ള ചെറിയ തർക്കങ്ങൾ നടക്കുന്നു. Goibibo യുടെ ബുക്കിങ് പറഞ്ഞപ്പോൾ അവർ ഉടൻ തന്നെ റൂം കീ തന്നു. ആധാർ കാർഡിന്റെ കോപ്പി നൽകി കീയുമായി റൂമിലെത്തി.

നല്ലൊരു റൂം ആയിരുന്നു. നല്ല നിലവാരമുള്ള ബെഡ് ലീനനും ടവ്വലും ഒക്കെയായി തൃപ്തിപ്പെടുത്തി ഈ ഹോട്ടൽ. ഒന്നു കുളിച്ചു ഫ്രഷായി പുറത്തേക്കു നടന്നു. ചെറിയ വിശപ്പൊക്കെ ആയി തുടങ്ങി. സമയം 12 മണി. അടുത്തു തന്നെ കാമത്ത് എന്ന റെസ്റ്റോറന്റ് കണ്ടു. മുരുഡേശ്വറിലെ ഏറ്റവും നല്ല ഫൂഡ് കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് എന്നാണ് പറയാറ്. അവിടെ കയറി.

ഒരു മസാല ദോശ മാത്രം മതിയെന്ന് പറഞ്ഞു. നല്ല ക്രിസ്പി ആയ ദോശ എത്തി. കൊള്ളാം! ടേസ്റ്റിയാണ്.വില 50 രൂപ.അങ്ങനെ മുരുഡേശ്വർ എത്തിയുള്ള ആദ്യത്തെ ചിലവ് 50 രൂപ…

ഞാൻ പറഞ്ഞല്ലോ.. അലസനും മടിയനുമായ ഞാൻ മുടിഞ്ഞ വെയിൽ ആയതിനാൽ വൈകിട്ട് ഇറങ്ങാം എന്നുറപ്പിച്ചു നേരെ റൂമിലെത്തി കിടന്നുറങ്ങി. ടൂർ വന്നിട്ട് കിടന്നുറങ്ങുന്ന എന്നെ സമ്മതിക്കണം…ല്ലേ!?

നല്ല ഫസ്റ്റ് ക്ലാസ് ഉറക്കം! അലാറം നാല് മണിക്ക് അടിക്കുന്നു. ചെറുതായി ഒന്നും മേല്കഴുകി നേരെ ക്ഷേത്രത്തിലേക്ക് വെച്ചു പിടിപ്പിച്ചു. ഒരു കിലോമീറ്ററോളം നടക്കാനുണ്ട്. പോകുന്ന വഴിയിലുടനീളം ചെറിയ ചെറിയ റസ്റ്റോറന്റുകൾ കണ്ടു. ഭക്ഷണത്തിനു തീരെ വിലക്കുറവുള്ള ഒരു സ്ഥലത്താണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായി. പോകും വഴിയിൽ തലയുയർത്തി നിൽക്കുന്ന ശിവപ്രതിമ കാണാം. എന്താ ഭംഗി! ഒരു പോസിറ്റീവ് ഫീലാണ് അത് കാണുമ്പോൾ.

രാജഗോപുരത്തിന്റെ മുന്നിലെത്തി. രണ്ടു ആനകൾ മുന്നിലുണ്ട്.കല്ലിൽ നിർമിച്ചത്.അതിനു മുന്നിൽ ഫോട്ടോഗ്രാഫർമാരുടെ സമ്മേളനം പോലെ.ഫോട്ടോ എടുത്തു ഉടനടി നൽകും. ചെരുപ്പ് മൂന്ന് രൂപ നൽകി പുറത്തു സൂക്ഷിക്കാൻ വെച്ചിട്ടുണ്ട് രാജഗോപുരത്തിന്റെ അകത്തേക്ക് കയറി.

10 രൂപ ലിഫ്റ്റിൽ കേറാനായി എടുക്കണം. ലിഫ്റ്റിൽ കയറി നേരെ രാജഗോപുരത്തിനു മുകളിലേക്ക്. മുകളിലെ നാല് കിളിവാതിലിൽ നിന്നും നാല് കാഴ്ചകൾ കാണാം. ഒന്നു ശിവപ്രതിമ ആണെങ്കിൽ മറ്റു മൂന്നും മുരുഡേശ്വർ ബീച്ച് ആയിരുന്നു. ഇവയല്ലാതെ വേറൊന്നും തന്നെ അവിടെ കാണാനില്ല. പത്തു മിനിറ്റ് മാക്സിമം മതി എല്ലാത്തിനും കൂടി. ഗാന്ധിജയന്തി ആയ നാഷണൽ ഹോളിഡേ ആയിട്ടു കൂടി തിരക്ക് കുറവായിരുന്നു.

ലിഫ്റ്റിലൂടെ താഴെയിറങ്ങി നേരെ ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു. ആഞ്ജനേയനും സുബ്രഹ്മണ്യനും പാർവതിയും വിനായകനും എല്ലാവരുമുണ്ട് അകത്തു. ക്ഷേത്രവളപ്പിൽ എത്രനേരം വേണമെങ്കിലും ഇരിക്കാം. നല്ലൊരു അന്തരീക്ഷം ആയതിനാൽ അവിടെ കുറേ നേരമിരുന്നു. വന്നവഴിയെ പുറത്തിറങ്ങി ശിവപ്രതിമയുടെ അടുത്തേക്ക് പോകാം. അത് നാളേയ്ക്ക് മാറ്റി വെച്ചു. കാരണം ഒരു ദിവസം മാത്രം ആവശ്യമുള്ള ഈ സ്ഥലത്തേക്ക് ഞാൻ വന്നത് രണ്ടു ദിവസത്തേക്ക് ആണല്ലോ.. പിറ്റേന്ന് കാണാൻ എന്തേലും വേണ്ടേ.. അവിടുന്ന് ഇറങ്ങി നേരെ ബീച്ച് സൈഡിലേക്ക് നടന്നു.

നവീൻ ബീച്ച് റെസ്റ്റോറന്റ് കണ്ടു. യഥാർത്ഥത്തിൽ അത് കടലിലാണ് സ്ഥിതി ചെയ്യുന്നത്. രാജഗോപുരത്തിൽ നിന്നു തന്നെ ഞാൻ നോട്ടമിട്ടതാണ് ഈ റെസ്റ്റോറന്റ്. RN ഷെട്ടി എന്ന ബിസ്നസ്സുകാരൻ ശിവപ്രതിമയൊക്കെ പണിതു കഴിഞ്ഞപ്പോൾ ഇവിടെ ഉണ്ടാകാൻ പോകുന്ന വികസനത്തെ പറ്റി ദീർഘവീക്ഷണത്തിലൂടെ അറിഞ്ഞു പണികഴിപ്പിച്ച കെട്ടിടങ്ങളിൽ ഒന്നു. RNS ഗ്രൂപ്പാണ് ഇവിടം മുഴുവൻ ഉള്ളത്. അതിൽ ഒരെണ്ണം കൂടി..

നവീൻ വൃത്തിഹീനതയ്ക്കും മോശം സർവീസിനും പേരുകേട്ട ഹോട്ടലാണ്.ഏതു റിവ്യൂ സൈറ്റ് എടുത്തു നോക്കിയാലും അതുമാത്രമേ കാണാനുള്ളൂ.അതൊക്കെ ശരിവെയ്ക്കും വിധമാണ് സ്റ്റാഫിന്റെ പെരുമാറ്റവും. ആകെയുള്ള ഒരു പോസിറ്റീവ് ഇവിടെ നിന്നുള്ള വ്യൂ മാത്രമാണ്. കടലിലെ തിരമാലകൾ അടിച്ചിറങ്ങുന്ന ശബ്ദം കേട്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഒരു ലെമൺ റൈസ് ഓർഡർ ചെയ്തു. അഞ്ചര മണിയായി.ഈ സമയമാണ് സാധാരണ ഡിന്നർ കഴിക്കാറ്. പക്ഷെ ഫൂഡ് എത്തിയപ്പോൾ ആറു മണിയായി.എങ്ങനുണ്ട്..അതേ..ലേറ്റ് ആയാണ് ഫൂഡ് എത്തുക.അതിവിടുത്തെ പ്രേത്യേകത ആണ്. വലിയ രുചിയോ മണമോ ഒന്നുമില്ല. ആവറേജ് ഫൂഡ്. വില 56 രൂപ. വ്യൂ കണ്ടു കഴിക്കുന്ന സുഖം വെച്ചു നോക്കുമ്പോൾ ലാഭം തന്നെ.

അവിടുന്ന് ഇറങ്ങി നേരെ ബീച്ചിലേക്ക് നടന്നു. സ്ട്രീറ്റ് ഫൂഡ് ഇഷ്ടമുള്ളവർക്ക് ഒരു ട്രീറ്റ് ആണ് ഇവിടം. പെട്ടെന്ന് ശ്രദ്ധ ആകർഷിച്ചത് മീൻ വറുക്കുന്ന ഒരു സ്റ്റാൾ ആണ്. ഏകദേശം മുക്കാൽ കിലോയോളം വരുന്ന കന്നടയിൽ “ഗെദരെ” എന്ന് വിളിക്കുന്ന നമ്മുടെ ചൂര നല്ല മസാലയൊക്കെ പുരട്ടി വറുക്കാൻ വെച്ചിരിക്കുന്നു.ആ പ്രദേശമാകെ അതിന്റെ മണവും. ജീവിതശൈലി എന്നെയിപ്പോൾ ഒരു വീഗൻ ആക്കി മാറ്റിയതിനാൽ കഴിക്കാൻ താല്പര്യം ഒന്നുമില്ലായിരുന്നു.ചുമ്മാ വില തിരക്കി..വലിയ മീൻ 100 രൂപ, ചെറുത് 50 രൂപ എന്ന് മറുപടി കിട്ടി.

നല്ല തിരക്കും ആളുകൾ അവിടെ നിന്നും ഭക്ഷണം കഴിക്കുന്നതും കാണാം. ചൂടുള്ള കല്ലിൽ നിന്നും മീനൊക്കെ തീർന്നപ്പോൾ കടക്കാരൻ നേരെ ഫ്രീസറിൽ നിന്നും പുതിയ ലോഡ് മീൻ ഇറക്കി. ചൂര പല സൈസിൽ…അത് ഒന്നു വൃത്തിയാക്കാതെ കുറച്ചു വെള്ളം കൊണ്ട് കഴുകി നേരെ മുളകുപൊടിയും മറ്റുമുള്ള മസാലയിൽ മുക്കുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നേരെ കല്ലിലേക്ക്…അത് കണ്ടു കഴിഞ്ഞപ്പോൾ അത് കഴിക്കുന്നവരോട് സഹതാപം തോന്നി. നല്ല മണം ആരെയും ആകർഷിക്കും..വൃത്തിയാക്കാതെ, ചെതുമ്പൽ പോലും കളയാതെയാണ് വറുത്ത് തരുന്നതെന്നു ആരും നോക്കുന്നില്ല. വിലയും തുച്ഛം ആയതിനാൽ ആർക്കും പരാതിയില്ല.

ഗോപി മഞ്ചൂരിയൻ, വെജ് ഫ്രൈഡ് റൈസ്, വെജ് നൂഡിൽസ് എന്നിവയാണ് അവിടെയുള്ള മിക്ക ഫൂഡ് സ്റ്റാളുകളുടെയും പ്രധാന വിഭവം. ചിലയിടങ്ങളിൽ എഗ്ഗ് റൈസ്, ചിക്കൻ ചില്ലി എന്നിവയും കാണാം. എല്ലായിടത്തും നിസാരവില മാത്രമാണ്. മുരുഡേശ്വർ എന്ന ഈ സ്ഥലത്തു ഹോട്ടൽ ഭക്ഷണത്തേക്കാൾ കൂടുതൽ ആളുകൾ സ്ട്രീറ്റ് ഫൂഡ് ആണ് കഴിക്കുന്നത് എന്ന് മനസ്സിലായി.നാളത്തെ ദിവസം ഈ വക ഭക്ഷണങ്ങൾക്കായി മാറ്റി വെച്ചു നേരെ സൺസെറ്റ് കാണാനായി ബീച്ചിൽ ഇരുന്നു.

ശിവൻ, പ്രകൃതി എന്നിവ ഒന്നൊന്നര കോമ്പിനേഷൻ ആണെന്ന് പറയാതെ വയ്യ. സൂര്യന്റെ ചുവന്ന വെളിച്ചം ശിവന്റെ മുഖത്ത് കാണാം. അതും കണ്ടുകൊണ്ടുള്ള അര മണിക്കൂറോളമുള്ള ബീച്ചിലെ കാറ്റും കൊണ്ടുള്ള ഇരിപ്പ് നല്ലൊരു അനുഭവം ആയിരുന്നു. വൈകാതെ ലൈറ്റുകൾ തെളിഞ്ഞു. അതോടു കൂടി മുരുഡേശ്വറിന്റെ സൗന്ദര്യം വർദ്ധിച്ചു.

നല്ല വൃത്തിയുള്ള ബീച്ചാണ്. കുറേ ദൂരത്തോളം വെള്ളത്തിൽ നടന്നാലും മുട്ടോളം മാത്രമാണ് ആഴം. അതിനാൽ കുട്ടികളും സ്ത്രീകളും അടക്കം ഒരുപാട് പേർ വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ട്. മൂന്ന് ലൈഫ് ഗാർഡുമാരെയും കണ്ടു. സൺ സെറ്റ് കഴിഞ്ഞതിനാൽ എല്ലാവരും കളിയൊക്കെ മതിയാക്കി വീട്ടിലെത്താനുള്ള പുറപ്പാടിലാണ്. കുറച്ചു സമയം കൂടി പാട്ട് കേട്ടു കാറ്റു കൊണ്ട് അവിടെയിരിക്കാൻ തോന്നി.

എന്നെ ഒറ്റയ്ക്ക് കണ്ടതിനാലാകാം ഒരാൾ വന്നു എന്തോ ചോദിച്ചു. ചെവിയിലെ ഇയർഫോൺ മാറ്റി ഞാൻ എന്താ എന്ന് ചോദിച്ചു. “ലഡ്കി ചാഹിയെ ക്യാ” എന്ന്. വേണ്ട എന്ന് പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. നമ്മുടെ വികാരങ്ങൾക്ക് വിലയിടുന്ന ഇടപാടിനോട് താല്പര്യമില്ല. ഭക്തിയുടെ പേരിൽ പ്രസിദ്ധമായ ഇവിടം ഇങ്ങനെയും പ്രശസ്തമാക്കണം എന്നുറപ്പിച്ച ആളാകണം. മുന്നോട്ടു നീങ്ങി വേറേ ആളെ പിടിക്കാനായി ഇറങ്ങി.

ഇനിയൊന്നും കാണാനില്ല എന്നുള്ള യാഥാർഥ്യം അറിയുന്നതിനാൽ ശിവപ്രതിമയോട് ചേർന്നുള്ള പാർക്കും മറ്റും നാളെ കാണണം എന്നുറപ്പിച്ചു റൂമിലേക്ക്‌ നടന്നു. ഇന്നത്തെ ദിവസം ആകെ ചെലവായത് 106 രൂപ. ട്രാവൽ ആൻഡ് അക്കോമഡേഷൻ ഇനത്തിൽ 1900. അങ്ങനെ ഇതുവരെ മുരുഡേശ്വർ ട്രിപ്പിനായി മുടക്കിയത് 2006 രൂപ എന്ന് എക്സ്പെൻസ് ആപ്പിൾ രേഖപ്പെടുത്തി റൂം ലക്ഷ്യമാക്കി നടന്നു.

2nd Day (03/10/2018)

കാലത്തെ തന്നെ എഴുന്നേറ്റു കുളിച്ചു ഫ്രഷായി ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഹോട്ടലിനു താഴെയുള്ള രാജധാനി റസ്റ്ററന്റിൽ എത്തി. ഞാനല്ലാതെ ഒരു മനുഷ്യൻ പോലുമില്ല. മെനു നോക്കി ചപ്പാത്തിയും കുറുമയും ഓർഡർ ചെയ്തു. നമ്മുടെ വീട്ടിലൊക്കെ ഉണ്ടാക്കും പോലെയുള്ള ചപ്പാത്തി രണ്ടെണ്ണം, തേങ്ങാ ചമ്മന്തി ആൻഡ് വെജ് കുറുമ. മൈദ ഇല്ലാതെ പൂർണ്ണമായും ഗോതമ്പിൽ ഉണ്ടാക്കിയ ചപ്പാത്തി കൊള്ളാമായിരുന്നു. 30 രൂപ ബില്ല് പേ ചെയ്തു ശിവപ്രതിമ ലക്ഷ്യമായി നടന്നു.

സമയം 9 മണി ആകുന്നു എങ്കിലും നല്ല കിടിലൻ വെയിൽ ആയിരുന്നു. നല്ല ലൈറ്റിംഗിൽ ഫോട്ടോസ് എടുക്കാൻ ഇതാണ് പറ്റിയ സമയം എന്ന് മനസ്സിലായി. നേരെ പടവുകളൊക്കെ കയറി ശിവപ്രതിമയുടെ അടുത്തേക്ക് ചെന്നു. അടുത്തു എത്തുന്തോറും പ്രതിമയുടെ സൗന്ദര്യം കൂടി വരികയാണ്. ഒരുപാട് ഐതിഹ്യങ്ങളും പുരാണകഥകളും നിറഞ്ഞതാണ് മുരുഡേശ്വർ എന്നയിടം. അതിനെപ്പറ്റി കൂടുതലായി അറിയാനായി ഗൈഡിനെ നോക്കിയിട്ട് ആരെയും കണ്ടില്ല.

1

10 രൂപ ടിക്കറ്റ് എടുത്ത് ശിവപ്രതിമയുടെ നേരെ താഴെയുള്ള ഗുഹയിലേക്ക് കടന്നു. ആരെയും ആകർഷിക്കുന്ന മനോഹര ശില്പങ്ങളാണ് ആ ഗുഹ നിറയെ. എല്ലാത്തിനും ഒരുപാട് കഥകൾ പറയാനുണ്ട്. ഓരോ ഫോട്ടോയും മാറ്റി നിർത്തി ഓരോരോ കഥകൾ പറയാം. അത്രയ്ക്കുണ്ട് പുരാണകഥകൾ. ചിലതൊക്കെ നമ്മൾ വായിച്ചറിഞ്ഞ കഥകൾ തന്നെയാണ്. എന്നാൽ ചില രൂപങ്ങൾ പറയുന്ന കഥകൾ ഏതാണെന്നു അറിയില്ല. അവിടെയുള്ള ഒരാൾ കന്നടയിൽ ചരിത്രം പറയുന്നുണ്ട്. പൂർണ്ണമായും മനസ്സിലായില്ല എങ്കിലും ചിലതൊക്കെ മനസ്സിലായി. വളരെ നല്ലൊരു അനുഭവം ആയിരുന്നു ഗുഹയ്ക്കുള്ളിൽ. ഒരുപാട് സമയം അവിടെ ചിലവഴിക്കാൻ മനസ്സ് പറയും. ഓരോ ശിലാരൂപങ്ങളിലേക്കും ഒരുപാട് സമയം നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല.

ഗു

ഗുഹയിൽ നിന്നിറങ്ങിയപ്പോൾ തൊട്ടടുത്ത് ശനീശ്വരന്റെ കോവിലുണ്ട് എന്നറിഞ്ഞു. അവിടെ കയറി. പെട്ടെന്ന് കണ്ണിലുടക്കിയത് RN ഷെട്ടിയുടെ ഫോട്ടോ ആണ്. ഇനി പുള്ളിക്കാരൻ ശനീശ്വരന്റെ ആരെങ്കിലുമാണോ ആവോ… അവിടെ പൂജയ്ക്കുള്ള വിലവിവരപ്പട്ടിക കണ്ടു. മലയാളികൾ അടക്കം പലരും പണം കൊടുത്തു വഴിപാട് കഴിപ്പിക്കുന്നുണ്ട്. കോവിലിന്റെ മറ്റുള്ള മൂന്ന് വശങ്ങളിലെ കിളിവാതിൽ വഴി അറബിക്കടലിന്റെ മറ്റുള്ള വ്യൂ കാണാം. RNS ന്റെ കോഫീ ഷോപ്പും കാണാം. അവിടെ വരെ നടക്കാനുള്ള മടിയും നല്ല വെയിലും ആ പ്ലാൻ ഉപേക്ഷിക്കുന്നതിൽ അവസാനിച്ചു.

പടികൾ ഇറങ്ങി ചെന്നപ്പോൾ വീണ്ടും നവീൻ ബീച്ച് റെസ്റ്ററന്റ് കണ്ടു. ഇന്ന് ഒട്ടും തിരക്കില്ല. 11 മണിയായതിനാൽ ചെറുതായി വിശപ്പ് തുടങ്ങി. നേരെ ചെന്ന് ഇരുന്നു. ഇത്തവണ വെയ്റ്റർ വന്നത് മെനു കാർഡ് ആയിട്ടാണ്. ചോദിച്ച ചിലതൊന്നും ഇല്ല എന്ന മറുപടിയിൽ എന്താ ഇവിടെ ഉള്ളത് എന്ന് ചോദിക്കേണ്ടി വന്നു. മസാലദോശയും ഇഡ്ഡലിയും ഗീ റോസ്റ്റും ഉണ്ടെന്നു പറഞ്ഞു. അങ്ങനെ മസാലദോശ പറഞ്ഞു.

കമത്തിലെ മസാലദോശയേക്കാൾ രുചി ഉണ്ടായിരുന്നു. പിന്നെ അവിടെ നിന്നുള്ള വ്യൂ കൊണ്ടും നവീൻ ഇത്തവണ നിരാശപ്പെടുത്തിയില്ല. മാത്രമല്ല, അഞ്ചു മിനിട്ടിനുള്ളിൽ ആളെത്തി വിഭവം എത്തിച്ചു. ഇന്ന് നീറ്റായിരുന്നു റെസ്റ്ററന്റ്. അതിനാൽ കുറച്ചധികം സമയം അവിടെ ചിലവഴിക്കാൻ തോന്നി. തിരക്കില്ലാത്തതിനാൽ ആരും ശല്യപ്പെടുത്താൻ ഉണ്ടായില്ല. 42 രൂപ ബില്ല് കൊടുത്തു അവിടുന്ന് ഇറങ്ങി.

വെ

വെയിൽ എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി വെയിൽ.. റൂം വരെ നടക്കാൻ വരെ മടി തോന്നി. സമയം 12.15 ആയി. ഇനി ഏതായാലും ലഞ്ച് കഴിക്കേണ്ടി വരില്ലെന്ന് മനസ്സിലായി. വെയിലൊന്നു ആറുന്നതു വരെ റൂമിൽ പോയി കിടന്നു.

ഇടിവെട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. ജനൽ കർട്ടൻ മാറ്റി നോക്കിയപ്പോൾ നല്ല മഴക്കാറ്! കേരളത്തിലെ അവസ്ഥ എന്താണെന്നറിയാൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെ കിടിലൻ മഴ ആണെന്നറിഞ്ഞു.സമയം നാലര ആയി. ബീച്ചിന്റെ പരിസരത്തേക്ക് ഒന്നു നടക്കാനിറങ്ങി.

രാജഗോപുരത്തിന്റെ കിഴക്ക് ഭാഗത്തായി ഫിഷിങ് ബോട്ടുകൾ കാണാം. അവിടെ നല്ല തിരക്ക് കണ്ടപ്പോൾ അവിടേക്ക് നടന്നു. ഒരു ഫിഷിങ് ബോട്ട് മൽസ്യബന്ധനം കഴിഞ്ഞു എത്തിയിരിക്കുകയാണ്. വലയിൽ നിന്നുള്ള മത്സ്യം മറ്റൊരു ബോട്ടിലേക്ക് ഇടുന്നു. അതിൽ വെള്ളം നിറച്ചു കഴുകി കുട്ടയിലേക്ക് മാറ്റുന്നു. കുറേ സ്ത്രീകൾ അതുമായി പോകുന്നു. അവർ പോകുന്നത് ഫിഷ് മാർക്കറ്റിലേക്കാണ്. ബോട്ടിന്റെ സമീപത്തു കണ്ട ചേച്ചിയോട് ആ കുട്ട മുഴുവൻ മീനും എത്ര രൂപയ്ക്ക് തരുമെന്ന് ചോദിച്ചപ്പോൾ 500 രൂപ മതിയെന്ന് പറഞ്ഞു. ഫ്രിഡ്ജിൽ വെച്ചുപയോഗിച്ചാൽ അര മാസത്തേക്ക് കാണും അത്.

കു

കുറച്ചു റച്ചു നേരം ബീച്ചിൽ ഇരുന്നു.മഴക്കാറും കാറ്റും എല്ലാം കൊണ്ട് നല്ല കാലാവസ്ഥ ആയിരുന്നു. ബീച്ചിൽ ഇരിക്കുന്നത് വല്ലാത്തൊരു മൂഡ് ആണെന്ന് പറയാതെ വയ്യ. ബീച്ചിന്റെ വൃത്തി നല്ലോണം കാത്തു സൂക്ഷിക്കുന്നുണ്ട് ജനങ്ങൾ

വൈകിട്ട് സ്ട്രീറ്റ് ഫൂഡ് രുചിക്കാം എന്നുള്ള പ്ലാനിൽ ബീച്ചന്റെ പരിസരത്തേക്ക് ചെന്നപ്പോൾ ഒറ്റക്കട പോലും തുറന്നിട്ടില്ല. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോൾ അവരുടെ അസോസിയേഷൻ മീറ്റിംഗ് ആണെന്ന്! നല്ല യോഗം.. ബെർമുഡ വിൽക്കുന്ന ചേട്ടൻ പറഞ്ഞു പോലീസ് സ്റ്റേഷന്റെ അടുത്ത് ചെറിയ ഷാക്കുകൾ ഉണ്ട്. അവിടേയ്ക്ക് ചെല്ലാൻ… അവിടേക്ക് നടന്നു.

ലൈവ് ആയി ഫിഷ് ഫ്രൈ ചെയ്യുക, ചൈനീസ് ഫൂഡ് എന്നിവയൊക്കെ നൽകുന്ന മൂന്ന് ചെറിയ കടകൾ കണ്ടു. വൈൻ ഷോപ്പിന്റെ അടുത്താണ് ഇവയൊക്കെ. അതിനാൽ ടച്ചിങ്‌സ് ആയി ചിക്കൻ കബാബ്, ഫിഷ് ഫ്രൈ ഒക്കെ വാങ്ങാൻ ആളുണ്ട്. ഒരു വെജ് ഫ്രൈഡ് റൈസ് പറഞ്ഞു. 40 രൂപയാണ് വില. നല്ല ക്വാണ്ടിറ്റി ഉണ്ടായിരുന്നു. അത് കഴിച്ചതോടെ വയറു നിറഞ്ഞു. അപ്പോഴേക്കും മഴ തുടങ്ങി. മഴയും ചൂടുള്ള ഫ്രൈഡ് റൈസും നല്ല കോമ്പിനേഷൻ തന്നെയാണ്. കടക്കാരൻ ചേട്ടന്റെ സഹായി ഒരു കുടയിൽ എന്നെ റൂമിൽ കൊണ്ടാക്കി. സ്നേഹം ഉള്ളവരാണ്.. ഇതോടു കൂടി മുരുഡേശ്വർ കാഴ്ചകൾക്ക് അവസാനമായി.