Charming Star എന്ന ടൈറ്റിലോടു കൂടിയാണ് ആസിഫ് അലിയുടെ പേരെഴുതി കാണിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലെ പോലെ മലയാളസിനിമയും ഈ രീതി പിന്തുടരുന്നത് വ്യക്തിപരമായി താല്പര്യമില്ലാത്ത കാര്യമാണ്. മന്ദാരം രാജേഷ് എന്ന നായകന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയങ്ങളുടെ കഥ പറയുന്നു. കൂട്ടത്തിൽ രാജേഷിനെയും കൂട്ടുകാരുടെയും.

ഒരുപാട് ലാലേട്ടൻ റെഫറൻസുകളിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. മലയാളസിനിമ കച്ചവടത്തിനായി മാത്രം ഉപയോഗിക്കുന്ന ഫേക്ക് നൊസ്റ്റാൾജിയയിലൂടെയുള്ള തുടക്കം തികച്ചും അമേച്ചർ ആയിരുന്നു. കഥാപാത്രങ്ങൾ ഒന്നും പരസ്പരം കണക്റ്റ് ആകുന്നില്ല എന്ന് മാത്രമല്ല നല്ല ഒരു തൂലികയുടെ കുറവ് തുടക്കത്തിൽ തന്നെ അനുഭവപ്പെടുന്നു.

രാജേഷിന്റെ യൗവ്വനവും ബാംഗ്ലൂർ കോളേജ് ലൈഫും പിന്നീട് നമുക്ക് കാണാം. നസ്രിയയുടെ രാജാറാണി ഡബ്‌സ്മാഷിലൂടെ പ്രശസ്തയായ വർഷ ബൊല്ലമ്മ എന്ന നായികയേ മലയാള സിനിമയിൽ പരിചയപ്പെടുത്തുന്നു. നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാനായി രാജേഷ് കാട്ടികൂട്ടുന്ന കാര്യങ്ങളും കൂട്ടുകാരുടെ കോപ്രായങ്ങളും പലപ്പോഴും വിരസമായ oru അനുഭവമാണ് സമ്മാനിക്കുന്നത്. കോളേജ് ഫ്രെണ്ട്സ് മൊമെന്റ്‌സ്‌ എല്ലാം തട്ടിക്കൂട്ട് കോമഡികളാൽ സുലഭം ആയിരുന്നു. അർജുൻ അശോകൻ, ഗ്രിഗറി എന്നിവരൊക്കെ ചിരിപ്പിക്കാനായി കാണിക്കുന്ന കാര്യങ്ങളൊക്കെ ട്രാജഡിയിലാണ് അവസാനിക്കുന്നത്.

നായകനും നായികയും തമ്മിലുള്ള കോൺഫ്ലിക്റ്റ് കൃത്യമായി പ്രേക്ഷകനിൽ എത്തിച്ചാൽ സിനിമ വിജയിച്ചു. ഇവിടെ അവർ എന്തിനു വഴക്കിടുന്നു എന്നത് പോലും പ്രേക്ഷകനെ ബാധിക്കുന്ന കാര്യമല്ല. രണ്ടാം പകുതിയിൽ എത്തുമ്പോൾ കഥാപാത്രങ്ങൾക്ക് വ്യക്തിത്വം ഇല്ലാതെയായി മാറുന്നു എന്ന് തോന്നും. അല്ലെങ്കിൽ അനാവശ്യമായ ആദ്യപകുതിയിലെ രംഗങ്ങളെ കുറിച്ചോർത്തു നെടുവീർപ്പെടാം.

സംഭാഷണങ്ങളിലേ ആർട്ടിഫിഷ്യലിറ്റി പലപ്പോഴും ഒരു വിനയായി മാറുന്നത് ഇന്ദ്രൻസ് എന്ന കഴിവുള്ള നടനിലൂടെ കാണാം. അദ്ദേഹത്തിന്റെ പോർഷൻ ഒരു നെഗറ്റീവായാണ് തോന്നിയത്. രണ്ടാം പകുതിയിൽ വീണ്ടും താരങ്ങളുടെ അമിതാഭിനയം കാണുമ്പോൾ പഴകിയ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇതിന്റെ കൂടെ സൈഡ് ഡിഷ്‌ ആകുമ്പോൾ മന്ദാരം പൂക്കുന്നില്ല.

“പാവപ്പെട്ടവന്റെ പ്രേമം” എന്ന ടാഗ് ലൈനിലേക്കുള്ള മന്ദാരത്തിന്റെ യാത്രയാണ് പിന്നീട് നാം കാണുന്നത്. പ്രണയനൈരാശ്യം മൂലം ജീവിതം തന്നെ വെറുത്തു പോയ മകനോടുള്ള മാതാപിതാക്കളുടെ സ്നേഹവും ജീവിതത്തിൽ ഒരു മാറ്റത്തിന് വേണ്ടിയുള്ള യാത്രയും മറ്റുമായി രാജേഷിന്റെ ജീവിതത്തിലെ മൂന്നാമത്തെ അദ്ധ്യായം തുടങ്ങുന്നു.

അവസാനത്തെ അര മണിക്കൂർ മാത്രമാണ് എന്നിലെ പ്രേക്ഷകന് കുറച്ചെങ്കിലും തൃപ്തി നൽകിയ സീനുകൾ ഉണ്ടായത്. ഗംഭീരമായ രംഗങ്ങൾ എന്നല്ല, ഈ സിനിമയിലെ മറ്റുള്ള സീനുകൾ വെച്ചു നോക്കിയാൽ പഴയ നല്ല പാട്ടുകളുടെ മാഷപ്പും മറ്റുമായി തമ്മിൽ ഭേദമുള്ള ഒന്ന്. അതിൽ തന്നെ അനാർക്കലിയുടെ ഡബ്ബിങ് വോയിസ്‌ നല്ല ബോറായിരുന്നു.

ഹൈപ്പർ ആക്റ്റീവ് ആയുള്ള ഒരു സ്ത്രീ കഥാപാത്രം സിനിമയുടെ അവസാനഘട്ടത്തിൽ നായകന്റെ ജീവിതത്തിൽ ഒരു സൊലേസ് ആയി എത്തുന്നത് തന്നെ ഒരു ക്ലിഷേ ആയിരിക്കുന്നു. ഒരു ലവ് ട്രാക്കിലേക്ക് പോകാതെ എങ്ങും തൊടാതെ അവരുടെ റിലേഷൻ കൊണ്ടുപോയ വിധം നന്നായിരുന്നു.

ആകെ മൊത്തത്തിൽ മന്ദാരം ഒരു ആവറേജ് അനുഭവം മാത്രമായിരുന്നു. അസഹനീയമായ മുക്കാൽ ഭാഗവും ആശ്വാസകരമായ ബാക്കി ഭാഗവും ഉൾപ്പെട്ട ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ.