ഇതൊരു റിവ്യൂ ആയി കാണേണ്ടതില്ല. ഇതൊരു ആസ്വാദനക്കുറിപ്പാണ്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ടതിനെ പറ്റി നമ്മൾ വർണ്ണിക്കില്ലേ… അതുപോലെ കണ്ടാൽ മതി.. അത്രമേൽ മനസ്സിനെ കീഴടക്കിയിരിക്കുന്നു ഈ ചിത്രം.

സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർക്ക് പാർത്ഥിപന്റെ അഴകി, ചേരന്റെ ഓട്ടോഗ്രാഫ്, തങ്കർ ബച്ചന്റെ പള്ളിക്കൂടം, പിന്നെ വിദേശ സിനിമ ട്രിളജി ആയ Before Sunrise, Before Sunset, Before Midnight ഒക്കെ കാണിച്ചിട്ട് ഇതിൽ നിന്നും എത്രവേണേൽ ഇൻസ്പയർ ആകാം.. പക്ഷെ ഫ്രെയിമുകൾ എല്ലാം തന്നെ പ്രേക്ഷകനോട് നേരിട്ട് സംവദിക്കണം എന്ന കണ്ടീഷൻ വെച്ചു എന്ന് കരുതുക. ആ മത്സരത്തിൽ നൂറിൽ നൂറ്റിഅൻപതു മാർക്ക് വാങ്ങി പാസായ ഒരു സംവിധായകന്റെ ചിത്രം.

നൊസ്റ്റാൾജിയ എന്നും വിൽക്കപ്പെടുന്ന ഒന്നാണ്. പഴയകാല സ്കൂൾ ഓർമകൾ ചൂഷണം ചെയ്യുന്ന ഒരുപാട് സിനിമകൾ ഉണ്ട്.അവയൊക്കെ ആ നൊസ്റ്റാൾജിയ ഒരു കച്ചവടം എന്ന രീതിയിൽ മാത്രം എടുത്തു പ്രേക്ഷകർക്കായി ഒന്നും തന്നെ നൽകുന്നില്ല. ഇവിടെ വിജയ് സേതുപതി ബ്ലാക്ക് ബോർഡിന്റെ ബീഡിങ്ങിൽ നിറഞ്ഞു നിൽക്കുന്ന ചോക്കുപൊടി വിരൽ കൊണ്ട് ഒരു വശത്തു നിന്നും മറ്റു വശത്തേക്ക് ഓടിക്കുമ്പോൾ കാണുന്ന പ്രേക്ഷകന്റെ മനസ്സ് നിറയുന്നു.

ഷർട്ടിൽ ഇസ്തിരി ഇടുമ്പോൾ ഒട്ടിക്കുന്ന ഒരു ടാറ്റൂ മുൻപ് ഉണ്ടായിരുന്നു. റോസാപൂവും മറ്റുമായി ചിലരൊക്കെ അത് ഷർട്ടിൽ തേച്ചു പിടിപ്പിച്ചു കൊണ്ട് വരുമായിരുന്നു. അതൊക്കെ വീണ്ടും ഫ്രെയിമിൽ കാണുമ്പോൾ മനസ്സിലേക്ക് വരുന്ന ഓർമകൾക്ക് കണക്കില്ല. സോഷ്യൽ മീഡിയയിൽ 90’s Kids ജോക്സ് ഒക്കെ വരുമ്പോൾ ചിരിക്കും എങ്കിലും ആ കാലഘട്ടത്തിലേക്ക് ആത്മാർത്ഥമായി പ്രേക്ഷകനെ എത്തിക്കാനുള്ള ശ്രമം ഈ സിനിമയിലുണ്ട്.

സ്കൂൾ ലൈഫ് പ്രണയം.. വിരഹം.. വർഷങ്ങൾ കഴിഞ്ഞുള്ള കണ്ടുമുട്ടൽ.. സൗഹൃദം പുതുക്കൽ എന്നിങ്ങനെ നമ്മൾ ഒരുപാട് സിനിമകളിൽ ഇതിനു മുമ്പ് കണ്ട കഥയൊക്കെ തന്നെയാണ്. പക്ഷെ കഥാപാത്രങ്ങൾ.. പാട്ടുകൾ…അതിലെ അർത്ഥവത്തായ വരികൾ…എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന, മനസ്സ് നിറയ്ക്കുന്ന ഇളയരാജ പാട്ടുകൾ.. വികാരത്തള്ളിച്ച എന്നൊക്കെ പറയും പോലെ ഓവറായി ഫീൽ ഗുഡ് ആയി നമ്മൾ പോലും അറിയാതെ ഈ സിനിമയേ പ്രണയിക്കുന്നു.

R. രാമചന്ദ്രനും ജാനകി ദേവിയും തമ്മിലുള്ള പ്രണയം, അവരുടെ വിരഹം, വർഷങ്ങൾ കഴിഞ്ഞുള്ള കണ്ടുമുട്ടൽ എന്നിവയൊക്കെ നിങ്ങളെ orupaad വികാരഭരിതരാക്കും. ലീഡ് ആക്ടർമാരുടെ ചെറുപ്പം അഭിനയിക്കുന്ന കുട്ടികൾ വരെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ… ആദിത്യ ഭാസ്കർ, ഗൗരി കിഷൻ എന്നിവർ അവതരിപ്പിക്കുന്ന ഫ്ലാഷ്ബാക്ക് സ്കൂൾ ലൈഫ് സീനുകൾ വീണ്ടും വീണ്ടും വന്നിരുന്നു എങ്കിൽ നമ്മൾ ആഗ്രഹിച്ചു പോകും. അത്രമേൽ ഗംഭീരം ആയിരുന്നു അവരുടെ ഓരോ എക്സ്പ്രെഷനും.

ഇളയരാജ തമിഴ് നാടിനെ പ്രണയിക്കാൻ പഠിപ്പിച്ച ആളാണ്‌ എന്ന് പറയാറുണ്ട്.അതേ..അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന ആളാണ്‌ ജാനകി.ചിന്മയി ആണ് തൃഷയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്.പഴയ ഇളയരാജ പാട്ടുകൾ വന്നു പോകുന്നതൊക്കെ എന്താ പറയുക…യമുന ആട്രിലെ ഈറ കാട്രിലെ എന്ന പാട്ടൊക്കെ കേട്ടാൽ ആരുടെ മനസാണ് നിറയാത്തത്?

താൻ ഏറെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് അവൾ പാടാതെ ഒഴിഞ്ഞു മാറുകയും,അവസാനം അവളത് പാടുന്ന വേളയിലുള്ള റാമിന്റെ പരിഭ്രമവും പരവേശവുമൊക്കെ വിജയ് അഭിനയിച്ചത് കാണുമ്പോൾ മുഖത്തും വിരിയുന്ന പുഞ്ചിരിയിൽ നിറഞ്ഞ മനസ്സിന്റെ സംതൃപ്തിയുമുണ്ട്. ജാനു എന്ന കഥാപാത്രത്തെ തൃഷ അവതരിപ്പിച്ചപ്പോൾ ഇത്രനാൾ മനസ്സിലുള്ള തൃഷയുടെ നല്ല കഥാപാത്രങ്ങളായ ക്രിസ്റ്റൽ,ജെസ്സി ഒക്കെ രണ്ടും മൂന്നും ഇടങ്ങളിൽ ചെന്നെത്തി.

വെറും സംഭാഷണങ്ങൾ കൊണ്ട് മാത്രം ഒരു സിനിമ എങ്ങനെ ഇമോഷണലി കണക്റ്റ് ആക്കാം എന്നതിന്റെ ഉത്തമഉദാഹരണം ആണ് Before Trilogy. രണ്ടാം പകുതിയിൽ റാമും ജാനുവും സംസാരിക്കുന്ന അവരുടെ ഭൂതകാലത്തിൽ നിറയുന്ന എല്ലാ വരികളും എല്ലാ ഇമോഷനും,കൂടെ വരുന്ന പാട്ടുകളിലേ വരികളും ഒക്കെ നമ്മെ അവരോടൊത്ത് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു.

നൊസ്റ്റാൾജിയ എന്നൊരു ഘടകം മാറ്റിനിർത്തി കാണുന്ന പ്രേക്ഷകന് നല്ലൊരു ഫീൽ ഗുഡ് സിനിമ നൽകണം എന്ന കർത്തവ്യത്തിൽ എല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരേപോലെ വിജയിച്ചിരിക്കുന്നു. ക്ലൈമാക്സ് മറ്റൊരു വലിയ പോസിറ്റീവ് ആണ്. പതിവ് പോലെ റെയിൽവേ സ്റ്റേഷനിൽ അല്ലെങ്കിൽ എയർപോർട്ടിൽ കഥയുടെ അവസാനം എത്തിയപ്പോൾ പ്ലീസ് ഇതുവരെ ഉള്ളത് കളഞ്ഞു കുളിക്കല്ലേ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചു. അതേ.. വളരെ മനോഹരമായി തന്റെ ഓർമകൾ അടങ്ങിയ ബാഗ് റാം അടക്കുന്നതിൽ നിന്നും ഹൃദയസ്പർശിയായ, നല്ലൊരു ക്ലൈമാക്സ് നമുക്ക് ലഭിക്കുന്നു.

സേതുപതിയുടെ അഭിനയം അദ്ദേഹത്തിന്റെ മറ്റുള്ള സിനിമകളെ ഓർമിപ്പിക്കുന്നില്ല. രണ്ടാം പകുതിയിൽ നീണ്ട സംഭാഷണങ്ങൾക്കിടയിൽ കണ്ണുകളിലും മുഖത്തും വിരിയുന്ന ഓരോ പ്രകാശവും നിരാശയും അദ്ദേഹത്തിലെ നല്ലൊരു അഭിനേതാവിനെ നമുക്ക് കാണിച്ചു തരുന്നു. ആമ്പള നാട്ടുക്കട്ടൈ ഡാ നീ !

50+ സിനിമകൾ പിന്നിട്ട തന്റെ കരിയറിൽ ജാനു തൃഷയ്ക്ക് പ്രധാനപ്പെട്ട ഒരു റോളാണ്. മിതത്വം പാലിച്ചു, എന്നാൽ ഇമോഷണലി വെൽ ബാലൻസിംഗ് ആയ ഒരു പ്രകടനം ആവഷ്യപ്പെടുന്ന ഒരു കഥാപാത്രം. തൃഷ അതിൽ വിജയിച്ചിരിക്കുന്നു. വർഷ നല്ല ക്യൂട്ട് ആയിട്ടുണ്ട്. വിജയ്-തൃഷ എന്നിവരോടൊപ്പമുള്ള കോഫീ ഷോപ് സീൻ നന്നായിരുന്നു.

ഇരുവരുടെയും ചെറുപ്പം അഭിനയിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇനിയും ഒരുപാട് സിനിമകളിൽ വരട്ടെ എന്നാശംസിക്കുന്നു. ജനകരാജിന്റെ റോൾ കണ്ടപ്പോൾ സത്യത്തിൽ വളരെ സന്തോഷം തോന്നി. ഒരുപാട് കഴിവുള്ള നടനാണ്… അദ്ദേഹത്തെ ഇനിയും നന്നായി ഉപയോഗിക്കുക.

ഗോവിന്ദ് മേനോന്റെ സംഗീതം എത്രമാത്രം മനോഹരമാണെന്നു പറയേണ്ടതില്ലല്ലോ.. അതേപോലെ മനോഹരമാണ് വരികളും.. ഇതുരണ്ടും വരുന്ന സീനുകൾ പെർഫെക്ട് ആയി പ്ലേസ് ചെയ്തതിനാൽ ഓരോ ഫ്രെയിമും നമ്മളിൽ കണക്റ്റ് ആകുന്നു. വല്ലാത്തൊരു അനുഭൂതി സമ്മാനിക്കുന്നു. ’96 ഒരു സിനിമയല്ല.. ഒരു ഫീലാണ്.. പറഞ്ഞറിയിക്കാനാവാത്ത ഫീൽ… അനുഭവിച്ചറിയേണ്ട ഫീൽ….