96_നേക്കാൾ_മികച്ച_ലൗ_സ്റ്റോറി_തേടുന്നവർക്കായി

96 എന്ന സിനിമ തന്ന ഫീൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതിലെ പാട്ടുകൾ എത്ര കേട്ടിട്ടും മതിയാവാതെ ഇരുന്ന ഞാൻ ആലോചിച്ചിട്ടുണ്ട്, ഇതിനേക്കാൾ ഫീൽ തരുന്ന ഒരു സിനിമ ഇനി ഇറങ്ങുമോ എന്ന്… വെറും രണ്ടു ദിവസത്തിനുള്ളിൽ ആ സിനിമ ഞാൻ കണ്ടെത്തി… എജ്ജാതി ഫീൽ…

ബോളിവുഡിന്റെ ഭായ്ജാൻ ഇന്ഡസ്ട്രിയിലേക്ക് പുതുമുഖങ്ങളെ കൊണ്ട് വരുന്നത് ആദ്യമല്ല. സൂരജ് പഞ്ചോളി, ആദിയ ഷെട്ടി എന്നിവരെ ബോളിവുഡിന് പരിചയപ്പെടുത്തിയത് ഭായിജാൻ ആണ്. അതോടു കൂടി നിർമാതാക്കൾക്ക് ഡേറ്റ് കൊടുക്കാനുള്ള മടി കാരണം ഇരുവരും ഇന്നും ഒളിവിൽ ആണ്. അന്റാർട്ടിക്കയിൽ അവരെ കണ്ടെത്തി എന്നൊക്കെ മനോരമ മാപ്പിൽ കണ്ടിരുന്നു.

തന്റെ സ്വന്തം അളിയനായ ആയുഷ് ശര്മയെയും, പണ്ട് ഡയറി മിൽക്ക് സിൽക്കിന്റെ ആഡ് ഫിലിമിൽ ഉണ്ടായിരുന്ന ഇറാഖി+അഫ്‌ഗാനി സുന്ദരി വറിന ഹുസൈനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലൗയാത്രി എന്നൊരു സിനിമ സമ്മാനിച്ചിരിക്കുകയാണ്. ആയുഷ് ധൈര്യശാലിയാണ്… തന്റെ പെങ്ങളെ ഇഷ്ടപ്പെടുന്നു എന്ന് വെളിവില്ലാ ഖാനോട് പറഞ്ഞതിനേക്കാൾ വലിയ ധൈര്യമാണ് ഈ സിനിമ തിരഞ്ഞെടുത്തതിലൂടെ ടിയാൻ ചെയ്തത്.

ഇനി സിനിമയിലേക്ക് വന്നാൽ.. നായകൻ ഒരു ഗർഭ ടീച്ചറാണ്.. അതേ.. വായിച്ചത് കറക്റ്റ് ആണ്.. ഗർഭ ഒരു കലയാണ്.. ശരിയായി അത് പഠിപ്പിച്ചു തരാൻ ഒരു ടീച്ചർ വേണം.. നമ്മൾ മലയാളികൾക്ക് ഹരിശ്രീ അശോകൻ പറഞ്ഞ ഇഡ്ഡലി ഗർഭ, ദോശ ഗർഭ മാത്രമേ അറിയാവൂ എന്നത് ഞാൻ മറന്നു.. അറിയാത്തവർ ഗൂഗിൾ നോക്കണം…അവന്റെ പേര് സുസു. മുജേ സുസു കർണാ ഹൈ എന്നൊക്കെ കേട്ടിട്ടില്ലേ..ആ സുസു ആണോ എന്ന സംശയം പെട്ടെന്ന് പോയിക്കിട്ടും. അതേ..രാജ്,രാഹുൽ,രോഹിത് എന്നീ ക്ലിഷേ പേരുകൾ ഈ സിനിമയിൽ നഹീ..

നായിക ലണ്ടനിലേ ടോപ് യൂണിവേഴ്സിറ്റിയിൽ ടോപ് മാർക്കോടെ പാസായ മനീഷ എന്ന മിഷേൽ.. ലണ്ടനിൽ അങ്ങനെയാണ്.. പേരൊക്കെ മാറ്റണം.. ഒരു നവരാത്രി സമയം ഇന്ത്യയിലെത്തുന്ന നായികയെ കണ്ടപാടെ നായകനു പ്രേമം തോന്നുന്നു. നവരാത്രി ഫെസ്റ്റിവലിന്റെ ആദ്യദിനം ആയിരുന്നു അന്ന്.. ഇനി 8 ദിവസം കൂടി ഉണ്ടല്ലോ… ഉടനെ തന്നെ ഒരുലോഡ് ഗർഭ ഒക്കെയായി കഥ തുടങ്ങുന്നു..

രാം കപൂർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് നമുക്ക് ഫീൽ തരുന്ന ആൾ.. ഇയാൾ ഇല്ലേൽ ഈ സിനിമ ഓസ്കാറിലേക്ക് തിരഞ്ഞെടുക്കില്ലായിരുന്നു.. നായിക ബ്രേക്ഫാസ്റ് കഴിച്ചു ഫോൺ എടുത്ത്, പിന്നെ കട്ട് ചെയ്തു.. വീണ്ടും ഡയൽ ചെയ്യുന്നതൊക്കെ കൃത്യമായി പറയുന്ന ഇദ്ദേഹം നായകനെ പ്രേമിക്കാനായി പ്രേരിപ്പിക്കുന്ന ഡയലോഗുകൾ സുവർണലിപിയിൽ എഴുതേണ്ടതാണ്.

“2 ദിവസത്തെ മൊഹബ്ബത്തിനു വേണ്ടി ഷാരൂഖ് 20 കൊല്ലം ജയിലിൽ കിടന്നില്ലേ… സൽമാൻ ഖാൻ തല മൊട്ടയടിചില്ലേ” എന്നൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന ഫീൽ… ഹോ…വിജയ് സേതുപതിയൊക്കെ ഇതൊക്കെ കണ്ടു പഠിക്കാനുണ്ട്.

നായികയുടെ അച്ഛൻ വില്ലനായി എത്തുന്ന ആദ്യത്തെ സിനിണയാണിത്. റോണിത് റോയ് വല്യ മൈൻഡ് ഗെയിമിന്റെ ആളാണ്‌. നായകനെ പറഞ്ഞു പറ്റിച്ചു നായികയോട് വഴക്കുണ്ടാക്കിക്കും. നായിക ദേഷ്യം പിടിച്ചു ലണ്ടനിലേക്ക് പോകുന്നിടത്ത് ഇന്റർവെൽ. 15 മിനിറ്റ് നേരത്തേക്ക് ഫീലിംഗ്സ് ഇല്ലാതെ ആക്കിയ ആ നടപടി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇന്റർവെൽ ഇല്ലാതേ കാണാൽ പറ്റിയെങ്കിൽ…

ഗർഭ ഒരു സംഭവമാണെന്ന് എനിക്ക് മനസ്സിലായത് നായകൻ UK എംബസ്സിയിൽ വിസ കിട്ടാനായി അത് കാണിക്കുമ്പോൾ ആണ്. അപ്പോൾ തന്നെ അപ്പ്രൂവ് സീൽ വീണു. ടിയാൻ ലണ്ടനിലെക്ക് പറക്കുന്നു. നായികയെ കണ്ടെത്തുന്നു.. ഇഷ്ടം പറയുന്നു… അവരുടെ അഭിനയം കണ്ടപ്പോൾ സത്യത്തിൽ.. ഇതൊക്കെ കണ്ടു വളരാൻ പറ്റിയെങ്കിൽ.. എന്റെയൊക്കെ ചെറുപ്പ കാലത്ത് സാജനും സഡക്കും മെനെ പ്യാർ കിയാ പോലുള്ള ബോറൻ പടങ്ങളിലെ പാട്ടുകളൊക്കെയാ കേൾക്കാൻ സാധിച്ചത്.. ഹാ.. ഇന്നത്തെ പിള്ളേരുടെ കാലം.. അതാണ്‌ കാലം..

നായിക അച്ഛന്റെ അടുത്തെത്തി.. 12 വയസ്സിൽ ഇന്ത്യ പോലുള്ള ഒരു സമ്പന്ന രാജ്യത്ത് നിന്നും ഈ തുക്കടാ ലണ്ടനിലേക്ക് എന്നെ കൊണ്ട് വന്നു, എനിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി വലിയ യൂണിവേഴ്സിറ്റിയിലൊക്കെ പഠിപ്പിച്ചു പീഡിപ്പിച്ച കഥ പറഞ്ഞു പൊട്ടിക്കരയുന്ന സീനൊക്കെ വളരെ മനോഹരം ആയിരുന്നു.. ഫസ്റ്റ് ക്ലാസ്.. അച്ഛനു തെറ്റു മനസ്സിലാകുന്നു…പിന്നല്ല! ക്രൂരൻ.. !

എല്ലാ ലവ് സ്റ്റോറികളും എയർപോർട്ടിൽ അല്ല അവസാനിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ലണ്ടനിലേ പാർക്കിൽ ഗർഭ നടത്തി നായകനും നായികയും അച്ഛനും ഒക്കെ ആടിപ്പാടുന്നിടത്ത് സിനിമ ഫിനീഷാണ്.. അതിനിടെ ഭായിജാൻമാർ വന്നുപോകുന്നുണ്ട്.. അതൊന്നും ഫീലിംഗിനിടയിൽ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല.

ചുരുക്കി പറഞ്ഞാൽ… ഈ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ പറ്റില്ല.. അനുഭവിച്ചു തന്നെ അറിയണം…