വിക്രം കുമാറിന്റെ കരിയർ എടുത്തു നോക്കിയാൽ യാവരും നലം, 24 എന്നീ സിനിമകളിൽ മാത്രമാണ് ഒരു എക്സ്പെരിമെന്റ് നടത്തിയതായി കാണുന്നത്. തന്റെ മറ്റു ചിത്രങ്ങളായ ഇഷ്ടം,അലൈ, ഇശ്ഖ് എന്നിവയുടെ വഴിയിൽ മനം പോലെ കുറച്ചു ഫാമിലി അറ്റാച്മെന്റ് കലർത്തി ഇറക്കിയ സിനിമയായിരുന്നു ഹലോ.

അഖിൽ എന്ന തന്റെ ആദ്യചിത്രത്തിന്റെ വൻ പരാജയത്തിന് ശേഷം അക്കിനേനി കുടുംബത്തിലേ ഇളമുറക്കാരൻ അഖിലിന് നല്ലൊരു ബ്രേക്ക്‌ ആവശ്യമായിരുന്നു. മിനിമം ഗ്യാരന്റിയിലുള്ള ഒരു സബ്ജെക്റ്റ് ആണ് ഇത്തവണ തിരഞ്ഞെടുത്തത്. ചെറുപ്പത്തിൽ പിരിയുന്ന നായകനും നായികയും ക്ലൈമാക്സിൽ ഒന്നിക്കുക എന്ന സിംപിൾ കഥയിൽ നല്ലൊരു എന്റർടൈനർ ഒരുക്കുകയായിരുന്നു വിക്രം കുമാർ.

പ്രിയദർശൻ-ലിസ്സി ദമ്പതികളുടെ മകളായ കല്യാണിയുടെ അരങ്ങേറ്റചിത്രം കൂടിയാണ് ഹലോ. ഭംഗിയുള്ള ചിരിയും നല്ല മുഖശ്രീയും കല്യാണിയെ ആർക്കും ഇഷ്ടപ്പെടുന്ന ഒരു നായിക ആക്കി മാറ്റുന്നുണ്ട്. എന്നാൽ അഭിനയം ശരശരിയിൽ താഴെ മാത്രമാണ്. ഇനിയുള്ള സിനിമകളിൽ അഭിനയം നന്നായി ശ്രദ്ധിച്ചാൽ കരിയറിൽ ഒരുപാട് ദൂരം മുന്നിലേക്ക് പോകാനാകും.

അഖിലിന് ഇത്തവണ പാർക്കോർ കലർന്ന ആക്ഷൻ രംഗങ്ങളാണ് സിനിമയിൽ ചെയ്യേണ്ടി വരുന്നത്. കഥയിൽ ശക്തനായ വില്ലനോ മറ്റോ ഇല്ലെങ്കിലും ആക്ഷൻ രംഗങ്ങൾക്ക് ഒരു ചടുലതയുണ്ട്. ക്ലൈമാക്സ് ഫൈറ്റസീൻ മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടത്.

ജഗപതി ബാബു- രമ്യ കൃഷ്‌ണൻ ജോഡികളിൽ നിന്നുള്ള മികവുറ്റ അഭിനയം, മിതത്വമുള്ള ഫാമിലി സെന്റിമെന്റ്സ് എന്നിവ നന്നയി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്. മൊത്തത്തിൽ ഹലോ സമയം പോകുന്നത് അറിയാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ്.