NO SPOILERS!!

മലയാളത്തിന്റെ മഹാനടന്റെ സാമീപ്യമുള്ള ഇതിഹാസപുരുഷന്റെ കഥ പറയുന്ന സിനിമ കാണാനുള്ള അവസരം ലഭിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ.. നല്ല ചിത്രം!

കൊച്ചുണ്ണി എന്തുകൊണ്ട് കള്ളനായി എന്നുള്ളതിലൂടെയാണ് സിനിമയുടെ തുടക്കം. ചെറുപ്പത്തിൽ കുട്ടികൾ മാങ്ങ പറിക്കുന്നതിൽ തന്നെ ദരിദ്രർ,സമ്പന്നർ വേർതിരിവ് കാണിക്കുന്നതിൽ നിന്നും അന്നത്തെ ജീവിതസാഹചര്യം നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നുണ്ട്.

കള്ളൻ പരീതിന്റെ മകൻ കൊച്ചുണ്ണി എന്ന പേര് ഉള്ളതിനാൽ കളരിയഭ്യാസം പോലും കൊച്ചുണ്ണിക്ക് നിഷേധിക്കപ്പെടുന്നു. എന്നാൽ ഏകലവ്യനേ പോലെ കളരി കണ്ടുനിന്നു അഭ്യസിക്കാനും അഗ്രഗണ്യനാകാനും കൊച്ചുണ്ണിക്ക് കഴിയുന്നുണ്ട്. അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്‌ക്കെതിരെ കൊച്ചുണ്ണി പ്രതികരിക്കുന്ന രംഗങ്ങളെല്ലാം തന്നെ സിനിമയിലെ ഹൈലൈറ്റ് ആണ്.

സമൂഹത്തിലേ ഉന്നതർ എന്ന് സ്വയം കരുതുന്നവർ മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിച്ചു പല്ലക്കിൽ സഞ്ചരിക്കുന്നത് കാണുമ്പോൾ ഉള്ള കൊച്ചുണ്ണിക്കുള്ള അമർഷവും ആപത്തിൽ പെട്ട വൈദികനെ രക്ഷിക്കുമ്പോൾ ബൈബിൾ സമ്മാനം നൽകുമ്പോൾ ആ മഹത്ഗ്രന്ഥം തൊടാനുള്ള അർഹതയില്ല എന്ന് പറയുന്നിടത്ത് കൊച്ചുണ്ണിയിലെ നല്ല മനുഷ്യനെ കാണാം.

അതുപോലെ ശ്രദ്ധേയമായ ഒരു രംഗമാണ് ജാതി പ്രശ്നം പറഞ്ഞു കൊണ്ട് ശവം മറവു ചെയ്യാൻ പോലും പറ്റാതെ വിഷമിച്ചു നിൽക്കുന്ന ഒരു സ്ത്രീയെ കൊച്ചുണ്ണി സഹായിക്കുന്ന രംഗം. രസകരമായ മറ്റൊരു രംഗം എന്തെന്നാൽ കളരിയിൽ അഗ്രഗണ്യനായ കൊച്ചുണ്ണിയെ വരെ മുട്ടുകുത്തിച്ച വൃദ്ധനായ കുട്ടൻ മൂസദിന്റെ കഥാപാത്രമാണ്.

ഇന്ദ്രജാലവും മഹേന്ദ്രജാലവും കൂടുവിട്ട് കൂടുപായലും ഒക്കെ പഠിച്ച ഒരാളാണ് കൊച്ചുണ്ണി എന്നാണ് മറ്റുള്ളവരുടെ വിശ്വാസം. ഓച്ചിറ പാച്ചുപിള്ള കൊച്ചുണ്ണിയെ പിടികൂടാൻ തീരുമാനിക്കുന്നിടത്ത് കഥ കൂടുതൽ സങ്കീർണമാക്കുന്നു. കൂടുതൽ പറഞ്ഞു സ്പോയ്ലർ ആക്കുന്നില്ല.

പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ മലയാളത്തിന്റെ മഹാനടൻ സത്യൻ മാഷ് ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഡയലോഗ് മോഡുലേഷനും മറ്റും കാണുമ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തിയിരുന്നവർ പണ്ട് മുതലേ ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. ഗായകനായ യേശുദാസിൽ നല്ലൊരു അഭിനേതാവിനെ കാണാം എന്ന് കാണിച്ചു തന്ന സിനിമ. സുറുമ എന്ന പാട്ടിൽ ആടിപ്പാടുന്ന ദാസേട്ടൻ ഒരു കൗതുകക്കാഴ്ച തന്നെ ആയിരുന്നു.

മൊത്തത്തിൽ സമൂഹത്തിൽ നില നിന്നിരുന്ന ജാതി വ്യവസ്ഥയെയും സമ്പന്നരുടെയും സർക്കാരിന്റെയും ചൂഷണങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു നല്ല ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കാണാൻ ശ്രമിക്കുക!

For More – sidyzworld.wordpress.com

#Sid_Review