#ഈ_വർഷത്തെ_ഏറ്റവും_മികച്ച_തീയേറ്റർ_എക്സ്പീരിയൻസ്

#ലോകത്തിനു_മുന്നിൽ_അഭിമാനത്തോടെ_സമർപ്പിക്കാവുന്ന_ഇന്ത്യൻ _ഹൊറർ_ഫാന്റസി_ത്രില്ലർ

എന്നൊക്കെ പറയാവുന്ന ഒരു കിടിലൻ ഐറ്റം ഇപ്പോൾ തീയേറ്ററിൽ കളിക്കുന്നുണ്ട്. അവസരം നഷ്ടപ്പെടുത്തിയിട്ട് 14″ സ്‌ക്രീനിൽ കണ്ടു നിരാശപ്പെടേണ്ട എങ്കിൽ എത്രയും വേഗം തീയേറ്ററിലേക്ക് പോകുക. കാരണം 75th വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം, Hitman, Assassin Creed തുടങ്ങിയ വീഡിയോ ഗെയിമുകൾക്ക് പശ്ചാത്തല സംഗീതം നൽകിയ ഡാനിഷ് കമ്പോസർ ആയ Jesper Kyd, Creative Director ആയി Ship Of Theseus ന്റെ സംവിധായകനായ ആനന്ദ് ഗാന്ധി എന്നിവരൊക്കെയാണ് അണിയറപ്രവർത്തകർ.

🎬Movie – Tumbbad (2018)

🎥Genre – Horror,Fantasy,Thriller

🎥Language – Hindi

സിനിമയുടെ പശ്ചാത്തലം പറയാം. സിനിമ കാണുമ്പോൾ നിങ്ങൾക്ക് അതൊരു ഉപകാരപ്പെടും.

ഈ ലോകം സൃഷ്ടിച്ചത് സമൃദ്ധിയുടെ ദേവതയാണ്.16 കോടിയോളം വരുന്ന ദേവന്മാരെയും ദേവതകളെയും സൃഷ്ടിച്ചു കഴിഞ്ഞു എങ്കിലും ദേവിയ്ക്ക് കൂടുതൽ ഇഷ്ടം തന്റെ ആദ്യത്തെ മകനായ ഹസ്തറേ ആയിരുന്നു.ഒരിക്കലും വരവ് നിൽക്കാത്ത ഒരു കയ്യിൽ സ്വർണ്ണവും മറു കയ്യിൽ ഭക്ഷണധാന്യങ്ങളും ഉള്ള ദേവിയുടെ പക്കൽ നിന്നും അതെല്ലാം സ്വന്തമാക്കാൻ ഹസ്‌തർ ആഗ്രഹിച്ചു.ലോകത്തിലേ ആദ്യത്തെ അത്യാഗ്രഹം.

ദേവിയുടെ കയ്യിലെ സ്വർണം എല്ലാം സ്വന്തമാക്കിയ ഹസ്തർ ഭക്ഷണം സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു ദേവന്മാരും ദേവതകളും അവനെ ആക്രമിക്കുന്നു.നാശം ഉറപ്പായ ഘട്ടം എത്തുമ്പോൾ സ്വന്തം അമ്മയായ ദേവി തന്നെ അവനെ സംരക്ഷിക്കാൻ എത്തുന്നു.തന്റെ ഗർഭപാത്രത്തിൽ അവനെ ഒളിപ്പിക്കുന്നു. ആ സംരക്ഷണം ഒരു കരാറിന് മേൽ ആയിരുന്നു. ഹസ്തർ ഒരിക്കലും ആരാലും ആരാധിക്കപ്പെടില്ല! അവനെ കാലം വിസ്മരിക്കും.

തുംബാഡ് എന്ന ഗ്രാമത്തിലെ ജനത ഹസ്തറിനു വേണ്ടി ഒരു ക്ഷേത്രം പണിയുന്നു. ദേവിയുടെ ഉഗ്രകോപത്തിനു ഇരയാവുകയാണ് ആ ഗ്രാമം. വർഷത്തിൽ എല്ലാ ദിവസവും അവിടെ കോരിച്ചൊരിയുന്ന മഴയും അപകടകരമായ വിധത്തിൽ ഇടിമിന്നലും ഉണ്ടാകും. അവിടുത്തെ ജീവിതം തന്നെ ദുസ്സഹം ആയിത്തീരും. എന്നാൽ ഈ ശാപം ചിലർക്ക് അനുഗ്രഹം ആയിരുന്നു. ഹസ്തർ കൈക്കലാക്കിയ സ്വർണം ആഗ്രഹിക്കുന്നവർക്ക്…

🔰🔰🔰Whats Good??🔰🔰🔰

ഒരേസമയം ഭയവും ത്രില്ലും നിഗൂഢതയും നൽകുന്ന കഥാപശ്ചാത്തലത്തിൽ ഗംഭീരമായ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിലുള്ള തീയേറ്റർ എക്സ്പീരിയൻസും ആകുമ്പോൾ തുംബാഡ് ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ പെടുന്നു.

🔰🔰🔰Whats Bad??🔰🔰🔰

404 Error…

🔰🔰🔰Watch Or Not??🔰🔰🔰

ശ്രീപദ് നാരായൺ പെൻഡ്സെയുടെ മറാത്തി നോവലായ തുംബാഡ്ഛെ ഖോട്ട് എന്നതിനെ ആസ്പദമാക്കി ഒരുക്കിയ ഗംഭീര സിനിമ. സിനിമയുടെ കണ്ടന്റ് തന്നെ പൂർണ്ണമായും ദേശി ആണ്. ഒരു ഹൊറർ ഫാന്റസി എന്ന് പറയുമ്പോൾ വിദേശ ചിത്രങ്ങളുടെ സ്വാധീനം വലുതായി ഉണ്ടാകാറുണ്ട്.എന്നാൽ ഇവിടെ നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിൽ നിന്നു തന്നെയുള്ള ഒരു കഥയാണ് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ബ്രാഹ്മണ കുടുംബത്തിന്റെ 3 തലമുറകളായുള്ള കഥയാണ് ഈ സിനിമയിൽ നാം കാണുന്നത്. മനുഷ്യന്റെ അത്യാഗ്രഹം ആണ് പ്രധാനമായും കഥയിൽ സംസാരിക്കുന്നത്. ജോണർ ഏതാണ് എന്നറിയാതെ ഈ സിനിമ കാണുക ആണെങ്കിൽ കൂടുതൽ ആസ്വദിക്കാൻ കഴിയും.

സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നിഗൂഢത എന്താണെന്ന് നമ്മളോട് പറയുന്നത് പതുക്കെ പതുക്കെയാണ്.എന്ന് വെച്ചു പേസിങ് കുറഞ്ഞ ഇഴഞ്ഞ ആഖ്യാനമല്ല സിനിമയുടേത്.ഒരൊറ്റ സെക്കൻഡ് പോലും നമ്മെ ബോറടിപ്പിക്കുന്നില്ല. ദേവിയുടെ കഥ പറഞ്ഞു കൊണ്ടാണ് സിനിമയുടെ തുടക്കം. ആ ഫാന്റസി എലമെന്റിലേക്ക് പിന്നീട് കൂടുതൽ കാര്യങ്ങൾ വന്നു ചേരുകയാണ്.

ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും എന്നത് സ്വാഭാവികം ആണ്. എന്നാൽ എല്ലാത്തിനും ഉത്തരം നൽകിയാണ് സിനിമ അവസാനിക്കുന്നത്. എന്താണ് നടക്കുന്നത് എന്നറിയാനുള്ള നമ്മുടെ ആകാംക്ഷയെ നന്നായി ചൂഷണം ചെയ്യുന്ന ആഖ്യാനമാണ്. ഇന്റർവെൽ വരുമ്പോൾ നമ്മൾ ദേഷ്യപ്പെട്ടെന്നും വരാം. അതേപോലെയാണ് സിനിമയുടെ ആഖ്യാനം.

രണ്ടാം പകുതിയിൽ സിനിമയുടെ ഇരുണ്ട വശങ്ങൾ നമ്മൾ അറിയുന്നു. പല പല അദ്ധ്യായങ്ങളായി കഥ പറയുന്ന രീതിയാണ് സിനിമയുടേത്. അതിൽ അവസാനത്തെ അദ്ധ്യായം ഞെട്ടിപ്പിക്കുന്ന ഒന്നുമാണ്. ഭാരത സംസ്കാരത്തിൽ പെടുന്ന പഞ്ചതന്ത്ര കഥകളെ പോലെയാണ് സിനിമയുടെ അവസാനവും. അതായത് അത്യാഗ്രഹം ആപത്താണ് എന്നുള്ള കാര്യമാണ് പറയാൻ പോകുന്നത്. പക്ഷെ അതിനായി പറഞ്ഞു വരുന്ന കഥ എഡ്ജ് ഒഫ് സീറ്റ് എക്സ്പീരിയൻസ് ആണ് നൽകുന്നത്.

🔰🔰🔰Last Word🔰🔰🔰

പേടിക്കണോ? ത്രില്ലടിക്കണോ? ഒരു ഫാന്റസി ലോകത്തിൽ ചെല്ലണോ? ഇതെല്ലാം ടോപ് നോച് എന്ന് വിശേഷിപ്പിക്കാവുന്ന ടെക്നിക്കൽ പെർഫെക്ഷനിൽ കാണണം എന്നുണ്ടെങ്കിൽ തീയേറ്ററിൽ തന്നെ കാണുക. നിങ്ങൾ ഒരിക്കലും മറക്കാത്ത 1 മണിക്കൂർ 52 മിനുട്ട് നിങ്ങൾക്ക് കിട്ടും. ഇനി കാണുന്നില്ല എങ്കിൽ… നിങ്ങൾക്കറിയില്ല, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന്…