ബോളിവുഡിന് ഒരു Gangs Of Wasseypur, തെലുഗു ഇന്ഡസ്ട്രിക്ക് ഒരു രക്ത ചരിത്ര എന്നൊക്കെ പോലെയാകും തമിഴിന് വെട്രിമാരന്റെ വടചെന്നൈ എന്ന് കരുതിയപ്പോൾ യഥാർത്ഥത്തിൽ തമിഴിന് അഭിമാനിക്കാവുന്ന ഒരു സിനിമാറ്റിക് ബ്രില്ലിയൻസുമായാണ് മാരൻ എത്തിയിരിക്കുന്നത്. വടചെന്നൈ ഒരു ട്രിളജി ആണ്. അതിലെ ആദ്യത്തെ അധ്യായമാണ് ഇന്ന് റിലീസ് ആയിരിക്കുന്നത്.

🔰🔰🔰Whats Good??🔰🔰🔰

സിനിമയുടെ രാഷ്ട്രീയം അവിടെയും ഇവിടെയും വാരി തൂവി, ബാക്കിയുള്ള ഇടങ്ങളിൽ സിനിമാറ്റിക് ലിബർട്ടി കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല. വടചെന്നൈ പറയാൻ വന്ന രാഷ്ട്രീയം കൃത്യമായി, ശക്തമായി നേരിട്ട് തന്നെ പറയുന്നുണ്ട്. അതിന്റെ കൂടെ കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷൻ, കഥ മുന്നോട്ടു നീങ്ങാനുള്ള കോൺഫ്ലിക്റ്റ്,നോൺ ലീനിയർ ആയുള്ള നരേഷൻ, ക്രിസ്പ് ആയുള്ള എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയം എന്നിവയൊക്കെ ചേരുമ്പോൾ.. Welcome to the brilliant cinematic experience!

🔰🔰🔰Whats Bad??🔰🔰🔰

404…ERROR…

🔰🔰🔰Watch Or Not??🔰🔰🔰

1639 ൽ വെള്ളക്കാർ ഇന്ത്യയിൽ കച്ചവടത്തിനായി വന്നപ്പോൾ ദക്ഷിണേന്ത്യയിൽ ഒരു തലൈനഗരം അവർക്ക് ആവശ്യമായി തോന്നി. ബംഗാൾ ഉൾക്കടലിനു സമീപത്തായി ഉണ്ടായിരുന്ന ഒരു ചതുപ്പു നിലം വാങ്ങി അവിടെ കെട്ടിടങ്ങളും മറ്റും പണിതു താമസം തുടങ്ങി. അവർക്ക് സേവ ചെയ്യാനായി അവിടേയ്ക്ക് താഴ്ന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന ഒരു വിഭാഗം ആളുകളെ കൊണ്ട് വന്നു. കടലോരത്തായി അവർ കുടിയേറിപ്പാർത്ത സ്ഥലം വെള്ളക്കാർ ബ്ലാക്ക് ടൗൺ എന്ന പേരിട്ടു. അതാണ്‌ ഇന്ന് നമ്മൾ കാണുന്ന വടചെന്നൈ.

ചെന്നൈയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത് ഹാർബർ ആണ്. ഇന്നത്തെ ചെന്നൈ രണ്ടു ഭാഗങ്ങളായി വിഭജിച്ച പോലെയാണ്. വികസനവും ഉയർന്ന ജീവിതം നിലവാരവും ഉള്ളവർ സൗത്ത് ചെന്നൈയിൽ മാത്രം ആകുമ്പോൾ, ചെന്നൈയേ ചെന്നൈ ആക്കിയവർ വികസനവും മറ്റും സ്വപ്നം കണ്ടു ജീവിക്കുന്നു. ഗുണ്ടായിസവും മറ്റും വടചെന്നൈ ഏരിയയിൽ സർവ്വ സാധാരണം ആണെന്ന് പറയുന്നു. എന്നാൽ അവരുടെ ആവശ്യങ്ങൾ എന്താണെന്ന് നമ്മൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ?

വെട്രിമാരന്റെ രാഷ്ട്രീയം സിംപിൾ ആണ്. ഒരുപാട് നിറങ്ങൾ വാരിവിതറി അത് പറയാൻ ശ്രമിച്ചിട്ടില്ല, തിരുവെട്രിയൂർ, വണ്ണാറപേട്ടൈ, തോണ്ടിയാർപേട്ടൈ, കാസിമേഡ്,വ്യാസർപാടി എന്നിവിടങ്ങളിലേ കാലത്ത് ട്രോളറിൽ കയറി മീൻ പിടിച്ചു വന്നു വൈകിട്ട് തീയേറ്ററിൽ ഇരുന്നു കാണുന്ന ഏതു സാധാരണക്കാരനും മനസ്സിലാകും. ഇത് നമ്മുടെ മുൻ തലമുറയുടെ കഥയാണ്..അവരുടെ വിയർപ്പാണ്..കണ്ണുനീരാണ് എന്ന് തോന്നും. അവിടെയാണ് ഒരു കലാകാരന്റെ രാഷ്ട്രീയം വിജയിക്കുന്നതും അത് ജനങ്ങളിലേക്ക് എത്തുന്നതും.

വടചെന്നൈ തുടങ്ങുന്നത് തന്നെ ഒരു കൊലപാതകത്തിൽ നിന്നുമാണ്. ഒരു കൊല, അത് എത്ര പേരുടെ ജീവിതം മാറ്റിമറിക്കുന്നു എന്നത് അധ്യായങ്ങളായി പറയുന്നു. സിനിമയിലെ കഥാപാത്രങ്ങൾ എത്രത്തോളം ശക്തമാണ് എന്നതിന്റെ ഉദാഹരണം എന്തെന്നാൽ സംവിധായകർ കൂടിയായ നടന്മാരെയാണ് പല വേഷങ്ങളും ഏല്പിച്ചിരിക്കുന്നത്. അമീർ സുൽത്താൻ ആയാലും സമുദ്രക്കനി ആയാലും ധനുഷ് ആയാലും ഡാനിയൽ ബാലാജി ഇവരൊക്കെ ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.

സെന്തിൽ എന്നൊരു കഥാപാത്രത്തിനെ വെച്ചു ഒരു സിനിമ എടുക്കാം..ഗുണയേ വെച്ചും എടുക്കാം. രാജനെ വെച്ചു ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു കിടിലൻ പടം എടുക്കാം. തമ്പി അതിൽ നല്ലൊരു കഥാപാത്രം ആയിരിക്കും. രാഷ്ട്രീയ ചാണക്യൻ ആയ മുത്തുവിനെയും നിഗൂഢത ഒളിപ്പിക്കുന്ന ചന്ദ്രയെയും ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല. അവരുടെ കഥാപാത്രങ്ങൾക്ക് അത്രയേറെ സംസാരിക്കാനുണ്ട്. അതിനാൽ തന്നെ വടചെന്നൈ രണ്ടു സിനിമകളിൽ ആയി തീരേണ്ട ഒന്നല്ല.

പൊല്ലാതവൻ സിനിമയിൽ ഉപയോഗിച്ച നോൺ ലീനിയർ നരേഷൻ തന്നെയാണ് ഇവിടെയും വന്നിരിക്കുന്നത്. അതിൽ നായകന്റെ ഭാഗത്തു നിന്നുള്ള ആഖ്യാനവും വില്ലന്റെ ഭാഗത്തു നിന്നുള്ള ആഖ്യാനവും തമ്മിൽ കലർത്തി പറയുമ്പോൾ, ഫ്ലാഷ്ബാക്കിൽ ഒരു കഥാപാത്രം ഇല്ലാതിരുന്ന സ്ഥലത്തു നടന്ന കാര്യങ്ങൾ ഇവന് എങ്ങനെ മനസ്സിലായി എന്നുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. പക്ഷെ ഇവിടെ aa ചോദ്യം ഉയരുന്നുണ്ട്. എല്ലാറ്റിനും കാരണമായ ആ കൊല ആരൊക്കെ, എന്ത് സാഹചര്യത്തിൽ ചെയ്തു എന്നത് അൻപ് എങ്ങനെ മനസ്സിലാക്കി എന്നത് ഒരു ചോദ്യമായി അവശേഷിക്കും. പക്ഷെ ഇനിയുള്ള രണ്ടു ഭാഗങ്ങൾക്ക് അതിനുള്ള മറുപടി നൽകാൻ കഴിഞ്ഞേക്കാം. പല സീനുകളും ഇടയ്ക്ക് വെച്ചു മുറിയുന്നുണ്ട്.

ജയിലിലെ ജീവിതവും മയക്കുമരുന്ന് കടത്തലും ഒക്കെ ഡീറ്റൈൽ ആയി പറഞ്ഞ വിധമൊക്കെ നന്നായിരുന്നു. നോർത്ത് മദ്രാസ് ഡയലെക്റ്റ് ഇത്ര കൃത്യമായി എല്ലാവരെയും കൊണ്ട് പറയിക്കുന്നതിലും കഥാപാത്രങ്ങൾ പിറുപിറുക്കുന്നതിൽ പോലും പെർഫെക്ഷൻ കൊണ്ട് വന്നതിൽ നിന്നുമൊക്കെ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ 1000 പേജുള്ള സ്ക്രിപ്റ്റ് വെറും ഒരു കഥയല്ല എന്നുള്ളത് തീർച്ച.

ലീഡർഷിപ് എന്നുള്ളത് ലോകം അവസാനിക്കും വരെ തുടരും. രാജൻ തുടങ്ങി വെച്ചത് അൻപ് ചെയ്യുന്നു. നാളെ വേറേ ആരെങ്കിലും.. വടചെന്നൈ 2 അൻപുവിൻ എഴുച്ചി (Rise Of Anpu) എന്ന് എഴുതിയാണ് സിനിമ അവസാനിക്കുന്നത്. അതേ അൻപുവിന്റെ ഉദയം നാം കാണും. അതിൽ അസ്തമയവും ഉണ്ടാകും. നമ്മൾ കണ്ട നല്ല കഥാപാത്രങ്ങൾ അടുത്തതിൽ അങ്ങനെ തന്നെ ആകണം എന്നില്ല. ഓരോ കഥാപാത്രങ്ങളുടെയും ആഴവും പരപ്പും വെട്രി നമ്മെ കാണിച്ചു തന്നിട്ടുണ്ട്. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ ടോൺ കൃത്യമായി മനസ്സിലാക്കി പ്ലേസ് ചെയ്തിട്ടുണ്ട്.

തമിഴ് നാടിന്റെ ഗതി തന്നെ മാറ്റിയ രാഷ്ട്രീയ ടൈം ലൈനിൽ തന്നെയാണ് വട ചെന്നൈയുടെയും കഥ നീങ്ങുന്നത്. എത്രയൊക്കെ മ്യൂട്ട് ചെയ്താലും DMK എന്ന് പറയുന്നത് മനസ്സിലാക്കാൻ ആർക്കും കഴിയും. സെൻസർ ബോർഡിന്റെ ഇടപെടൽ ആണ് ബ്ലാക്ക് ബാക്ഗ്രൗണ്ടിനു പകരം വൈറ്റ് വരുന്നത് എന്നറിഞ്ഞു. ജയലളിതയെ ജീപ്പിൽ നിന്നും ഇറക്കി വിട്ടത് ഒരു കാലഘട്ടത്തിന്റെ മാറ്റത്തിനുള്ള തുടക്കം ആയിരുന്നു. ഇന്നും ഓരോ തമിഴന്റെ കണ്ണുകളിലുണ്ട് ആ രംഗം. അത് സിനിമയിൽ നിന്നും മുറിച്ചു മാറ്റിയതൊക്കെ തീർത്തും നിരാശ നൽകി. പക്ഷെ അധികം കത്രിക കടന്നു ചെല്ലാതെ ഇരുന്നതിനാൽ വടചെന്നൈ എന്താണോ നമ്മളോട് പറയാൻ ഉദ്ദേശിച്ചത് അത് കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചു.

🔰🔰🔰Last Word🔰🔰🔰

പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. തമിഴ് സിനിമയിൽ എന്നും ഓർമിക്കപ്പെടുന്ന ഒരു സിനിമായാണ് വടചെന്നൈ. സിനിമയുടെ സബ്ജക്ട് ആയാലും ടെക്ക്നിക്കൽ ആയാലും. തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമ ആയതിനാൽ തീയേറ്ററിൽ തന്നെ കാണുക.