Sports Biography സിനിമകൾ ബോളിവുഡിൽ ഇപ്പോൾ ഒരുപാട് ഉണ്ട്. ആ കൂട്ടത്തിലെ പുതിയ ഒന്നാണ് Soorma. Indian Hockey Player ആയ സന്ദീപ് സിംഗിന്റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. സിനിമയുടെ പേര് പോലെ തന്നെ സന്ദീപ് ഒരു യഥാർത്ഥ പോരാളിയാണ്. ഒരപകടത്തിൽ അരയുടെ താഴേക്ക് സ്വാധീനം നഷ്ടപ്പെട്ടു എങ്കിലും ദൃഢനിശ്ചയത്തോടെ പഴയ ജീവിതത്തിലേക്കു തിരിച്ചെത്തിയ ആളാണ്‌ സന്ദീപ്.

കോച്ചിന്റെ വീട്ടിൽ TV ഇല്ല. അതിനാൽ നമ്മളെ കഷ്ടപ്പെടുത്തുന്നത് കണ്ടു രസിക്കലാണ് അയാളുടെ വിനോദം എന്ന് പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതേ കോച്ചിന്റെ പീഡനം സഹിക്കവയ്യാതെ ഹോക്കി ഉപേക്ഷിക്കുന്ന കൊച്ചു സന്ദീപിനെയും കാണാം. പിന്നീട് ഹർപ്രീത് എന്ന സുന്ദരി സന്ദീപിന്റെ ജീവിതത്തിലേക്ക് വരുമ്പോൾ ആണ് ഹോക്കി വീണ്ടും അവനെ വരവേൽക്കുന്നത്.

Drag Flick ലുള്ള സന്ദീപിന്റെ പ്രാവീണ്യം അവനെ വളരെപ്പെട്ടെന്നു നല്ലൊരു കളിക്കാരൻ ആക്കുന്നു. ഹോക്കിയിലെ ഏറ്റവും കഷ്ടപ്പാടുള്ള ആ മൂവ് അവൻ ചെറുപ്പം മുതൽ സ്ഥിരമായി ചെയ്യുന്ന ഒന്നായിരുന്നു. അമ്മാവന്റെ ഗോതമ്പുവയലിലെ പക്ഷികളെ ഓടിച്ചു വിടാനുള്ള അവന്റെ ഫ്ലിക്ക് പിന്നീട് ഇന്ത്യയുടെ അഭിമാനം ആയി മാറുന്നു.

ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന നേട്ടങ്ങൾ കൈവരിച്ച സന്ദീപിനെ Flicker Singh എന്ന് മാധ്യമങ്ങൾ വിളിച്ചു.അങ്ങനെയിരിക്കെ ഒരു പോലീസുകാരന്റെ അബദ്ധത്തിലുള്ള നിറയൊഴിക്കൽ സന്ദീപിനെ വീൽ ചെയറിൽ ആക്കുന്നു. അവിടെ നിന്നുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, സ്വന്തം ജ്യേഷ്ഠനായ ബിക്രമിന്റെ സ്നേഹവും കരുതലും ഒക്കെയാണ് സൂർമ നമുക്ക് കാണിച്ചു തരുന്നത്.

ശങ്കർ എഹ്സാൻ ലോയുടെ സംഗീതം, ദിൽജിത്തിന്റെ ഗംഭീര പ്രകടനം, തപ്സിയുടെ മനോഹരമായ കഥാപാത്രം എന്നിവയൊക്കെ ഉണ്ടായിട്ടും ഓവറായ സിനിമാറ്റിക് ലിബർട്ടി പലപ്പോഴും കല്ലുകടി ആയി മാറി. രണ്ടു തവണ നിർണായക മത്സരങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും ഒക്കെ ഏറ്റുമുട്ടുന്നതൊക്കെ പ്രേക്ഷകനെ കയ്യിലെടുക്കാനുള്ള ഗിമ്മിക്സ് ആണെന്ന് വ്യക്തം.

ചെറിയ ചെറിയ കുറവുകളൊക്കെ ഉണ്ടെങ്കിലും സൂർമ ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്.