നമ്മൾ ജനിച്ച കാലഘട്ടത്തിൽ ഒരുപാട് ഹൊറർ സ്ലേഷർ സിനിമകൾ കണ്ടിട്ടുണ്ട്. ഫ്രഡ്‌ഢി, ജേസൺ, മൈക്കൽ മേയർ, ജിഗ്‌സോ തുടങ്ങി ഒരുപാട്… മിക്ക സിനിമയ്ക്കും ഏതാണ്ട് ഒരേ കഥ തന്നെ ആയിരിക്കും. സീരീസുകളും റീബൂട്ടുകളും ഒക്കെയായി അതിങ്ങനെ നീണ്ടു പരന്നു കിടക്കും.എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ, ഇതിന്റെയൊക്കെ തുടക്കം ഏതു സിനിമയിൽ നിന്നും ആണെന്ന്?

Movie – Halloween (1978)

Genre – Slasher

40 വർഷം മുമ്പുള്ള സിനിമയാണ്.അതിനാൽ തന്നെ പല രംഗങ്ങളും ഇന്ന് കോമഡി ആയി തോന്നിയേക്കാം. കൊലപാതകി ആക്രമിക്കുന്ന രംഗങ്ങളിലുള്ള അഭിനേതാക്കളുടെ പ്രകടനം ഇന്ന് കാണുമ്പോൾ മോശമായി തോന്നാം.അത് കാലഘട്ടത്തിന്റെ മാറ്റമായി കണക്കാക്കാം.

സിനിമ തുടങ്ങുന്നത് തന്നെ 6 വയസ്സുള്ള മൈക്കൽ മേയർ സ്വന്തം സഹോദരിയെ കൊലപ്പെടുത്തുന്നതിൽ നിന്നാണ്. അത് കാണിക്കും മുമ്പുള്ള Halloween Pumpkin കാണിച്ചു കൊണ്ടുള്ള തുടക്കവും പശ്ചാത്തല സംഗീതവും നമ്മെ സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നുണ്ട്. മൈക്കിളിന്റെ POV യിലൂടെയുള്ള ആദ്യകൊലപതാകം ഒക്കെ അന്നത്തെ കാലത്ത് ഒരു മാസ്റ്റർപീസ് ആയിരുന്നു എന്ന് പറയാതെ വയ്യ.

കൂടുതലായും വിവാഹത്തിന് മുൻപ് സെക്സ് ചെയ്യുന്നവരെയാണ് മൈക്കൽ കൊല്ലുന്നത് എന്ന് തോന്നിപോകും. സ്വന്തം സഹോദരിയെ കൊല്ലാൻ വല്യ കാരണങ്ങൾ ഒന്നും പറയുന്നില്ല. പിന്നീടുള്ള കൊലപാതകങ്ങളിലും ഈയൊരു സാധ്യത കാണുന്നു.പൊതുവെ “Pure Minded” ആയ നായികയാണ് രക്ഷപെടുന്നതും.

ഇന്ന് കാണുമ്പോൾ കാര്യമായ ഇമ്പാക്ട് ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഈ സിനിമ തുടങ്ങി വെച്ചത് ഒരു യുഗമാണ്. പല പേരുകളിൽ പല കഥകളായി നമ്മൾ കാണുന്ന സ്ലേഷർ സിനിമകളുടെ യുഗം!