ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ അഗ്രഗണ്യനായ, ഏതൊരുവനും ഗോഡ് ഫാദർ ആയി കാണുന്ന ശകുൻ കോത്താരി (സൈഫ് അലി ഖാൻ) റിസ്‌വാന്റെ ( റോഹൻ മെഹ്‌റ) അടുത്ത് നൂറു കോടി രൂപയുടെ ചെക്ക് നൽകി രണ്ടേ രണ്ടു കണ്ടീഷൻ പറയുന്നു.

1. എന്റെ പണം ഒരിക്കലും നഷ്ടപ്പെടുത്തരുത്.

2. ഒന്നാമത്തെ കണ്ടീഷൻ ഒരിക്കലും മറക്കരുത്.

ശകുൻ കോത്താരിയെ തന്റെ ഐഡൽ ആയി കാണുന്ന റിസ്‌വാൻ ആ ദൗത്യം ഏറ്റെടുക്കുന്നു.കാരണം അലഹബാദിൽ നിന്നും മുംബൈ വന്നത് തന്നെ ശകുൻ എന്ന ബുദ്ധിരാക്ഷനെ കാണാൻ ആയാണ്. അയാളെ പോലെയാകാൻ… ഇന്ന് ശകുൻ റിസ്വാന്റെ മുന്നിൽ എത്തിയത് തന്നെ അവന്റെ കഠിനമായ പരിശ്രമത്തിലൂടെയാണ്.

🔥Mobile Mode – സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ചില വാക്കുകൾ ഇതിനു മുൻപ് കേൾക്കാത്തത് ആയിരിക്കും.അതെന്താണ് എന്നറിയാൻ ഗൂഗിൾ നോക്കാനായി മൊബൈൽ കയ്യിൽ പിടിക്കേണ്ടി വരും,രണ്ടാം പകുതിയിൽ…

🔥Repeat Value – No

🔥The Good- ശകുൻ കോത്താരി എന്ന കഥാപാത്രം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് പണത്തെയാണ്. വിദ്യാഭ്യാസം അധികമില്ലാത്ത ഒരു ഗുജറാത്തി.പക്ഷെ കച്ചവടം നന്നായി അറിയാം.അതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും സ്വാധീനമുള്ള ആളായി മാറുന്നു. സൈഫ് അലി ഖാന്റെ കയ്യിൽ ഭദ്രമായിരുന്നു ഈ കഥാപാത്രം.ഗ്രേ ഷെയ്ഡിലുള്ള ശകുൻ പറയുന്ന ഡയലോഗുകൾ, മാനറിസം എല്ലാം തന്നെ വളരെ നന്നായിരുന്നു.

തന്റെ ആദ്യചിത്രം എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ ആയിരുന്നു റോഹൻ മെഹ്റയുടെ പ്രകടനം. റിസ്‌വാൻ ശകുനിനെ കാണുന്നത് ഇന്റർവെലിന് തൊട്ടുമുമ്പാണ്. തുടർന്നുള്ള കോമ്പിനേഷൻ സീനുകളിലും മറ്റും രോഹന്റെ പ്രകടനം നന്നായിരുന്നു. രാധിക ആപ്‌തെ എല്ലായ്പോഴും പോലെ ഇത്തവണയും തകർത്തു.

ആഖ്യാനമാണ് സിനിമയിൽ ഏറ്റവും നന്നായി തോന്നിയത്.ഒരൊറ്റ സെക്കൻഡ് പോലും ബോറടിക്കുന്നില്ല.ആക്ഷൻ സീനുകൾ ഒന്നും ഇല്ലാതെ തന്നെ സിനിമയിലുടനീളം ഒരു ആക്ഷൻ മൂഡ് നിലനിർത്താൻ സാധിക്കുന്നുണ്ട്.ചെറിയ വഴിത്തിരിവുകൾ ഒക്കെ നന്നായി തോന്നി.

🔥The Bad – സ്റ്റോക്ക് മാർക്കറ്റ് ആണ് സിനിമയുടെ ഇതിവൃത്തം.അതിനാൽ തന്നെ പല മാർക്കറ്റിംഗ് ടേമുകളും അത്രയ്ക്ക് പരിചയമില്ലാത്തത് ആയിരുന്നു. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ പല സീനുകളും വളരെ പ്രെഡിക്റ്റേബിൾ ആയിരുന്നു.

🔥Verdict – Above Average