CPC യിൽ ഇന്നലെ കണ്ട ഒരു പോസ്റ്റിലൂടെയാണ് കൂദാശ കാണണം എന്ന മോഹമുദിച്ചത്. പലപ്പോഴായി നല്ല റിവ്യൂകൾ കണ്ടിരുന്നു എങ്കിലും ഇന്നലെ പോസ്റ്റിട്ട ആളുടെ ബിരിയാണിയും അൽഫാഹ്മ് ഒക്കെ കിട്ടിയ പ്രതീതി എന്നുള്ള വാചകം ഒക്കെ കണ്ടപ്പോൾ ഇന്നത്തെ ആദ്യത്തെ പണി തന്നെ സിനിമ കാണണം എന്നുള്ളതാണെന്നു ഉറപ്പിച്ചു. എറണാകുളം സംഗീതയിൽ 12 മണിയുടെ നൂൺ ഷോ കണ്ടു.

🔥The Good – സിനിമയിലെ സസ്പെൻസ് വളരെ നന്നായിരുന്നു. ഇടവേളയോട് കൂടി വേറേ രീതിയിൽ സഞ്ചരിക്കുന്ന കഥയിൽ നമ്മൾ പ്രതീക്ഷിക്കാത്ത എന്തോ ഉണ്ടെന്നുള്ള ക്ലൂ തരും. പലപ്പോഴായി വേണേൽ കണ്ടെത്തിക്കോളൂ എന്നു പറഞ്ഞു പല സീനുകളിലായി നമുക്ക് പല ഹിന്റും തരുന്നുണ്ട്. സിനിമ കഴിഞ്ഞു എല്ലാ സീനുകളും വീണ്ടും ഓർത്തെടുക്കുമ്പോൾ ഒരു സന്തോഷം കലർന്ന ചിരി മുഖത്തുണ്ടാകും.

ബാബുരാജിന്റെ പ്രകടനം നന്നായിരുന്നു.നായകനായും തിരക്കഥയിലും ആക്ഷൻ കൊറിയോഗ്രഫിയിലും പങ്കാളിയായും നിറഞ്ഞു നിൽക്കുകയാണ്. സിനിമയിലെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മൂഡിനോട് ചേർന്ന് നിന്നു.

കൂദാശ ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. നമ്മൾ പ്രതീക്ഷിച്ച റൂട്ടിൽ പോകുന്നില്ല എന്ന് തോന്നിപ്പിച്ചു, വലിയൊരു നിഗൂഢത നിലനിർത്തി രണ്ടാം പകുതിയിൽ കുറച്ചധികം ട്വിസ്റ്റുകളൊക്കെയായി കഥ പറഞ്ഞവസാനിക്കുന്നു. ഇടയ്ക്കിടെ നമുക്ക് നൽകുന്ന സൂചനകൾ നന്നായിരുന്നു. വെറും രണ്ടു മണിക്കൂർ മാത്രമാണ് സിനിമയുടെ ദൈർഘ്യം. സിനിമ കണ്ടിറങ്ങുമ്പോൾ വലിയ നഷ്ടമൊന്നും തോന്നില്ല. പറയാനുള്ള കാര്യം നല്ല വെടിപ്പായിട്ട് പറഞ്ഞിട്ടുണ്ട്.

🚫🚫May Contain Spoilers…സിനിമ കാണാത്തവർ വായിക്കാതെ ഇരിക്കുക.🚫🚫

🔥The Bad – ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകന് ക്ലൂ തരുമ്പോൾ പലപ്പൊഴും ആ സസ്പെൻസ് ഏൽക്കാതെ വരും. നായകനെ കാണിച്ചുള്ള ആദ്യഷോട്ടിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ ഒരു സസ്പെൻസ് പൊളിയാൻ സഹായിച്ചു.സിനിമയിൽ സസ്പെന്സിനു വല്യ പഞ്ഞം ഇല്ലാത്തതിനാൽ അതൊരു പ്രശ്നമായില്ല. അതുപോലെ നായകനും പോലീസുകാരനും തമ്മിലുള്ള സംസാരവും മറ്റും കാണുമ്പോൾ എന്നിലെ പ്രേക്ഷകന് ചില പസിൽ കൃത്യമായി വെയ്ക്കാൻ പറ്റുന്നുണ്ട്.

Whodunnit എന്നത് വലിയൊരു സസ്പെൻസായി സിനിമയിൽ പറയുന്നില്ല.ഊഹിച്ചാലും പ്രശ്നമില്ല.കാരണം അതിനേക്കാൾ നല്ല സസ്പെൻസ് സിനിമയിലുണ്ട്.പക്ഷെ സസ്പെൻസ് റിവീൽ ആയ ശേഷം Whydunnit എന്നൊരു ചോദ്യം വന്നാൽ അതിനുള്ള ഉത്തരം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നില്ല. ആ ഒരു കഥാപാത്രത്തെ ഫ്ലാഷ്ബാക്ക് കൊണ്ടും ഒരുപാട് സീനുകൾ കൊണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച കഥയിൽ നിർണായക ഘട്ടത്തിൽ അയാൾ എന്തിനു ഇങ്ങനെ ചെയ്തു എന്നതിന്റെ ഉത്തരം വെറും സ്വഭാവദൂഷ്യം എന്ന് മാത്രമായാൽ അതൊരു നിരാശയാണ്.

🔥The Ugly – പ്രധാന കഥാപാത്രങ്ങളിൽ സീനിയർ താരങ്ങൾ നല്ല പ്രകടനം കാഴ്ചവെക്കുന്നത് സ്വാഭാവികം. അതിന്റെ കൂടെ മറ്റുള്ളവരുടെ പ്രകടനത്തിലെ പോരായ്മകൾ മുഴച്ചു നിൽക്കുന്നുമുണ്ട്. “ആരാ?എനിക്കറിയില്ല..ഞാൻ ഇന്നലെ വന്നെതെയുള്ളു” എന്നുള്ള ഡയലോഗ് പറഞ്ഞ ആളുടെ പ്രകടനം മലങ്കൾട്ട് വിഭാഗത്തിൽ പെടുന്നുണ്ട്. അതേ പോലെ ഗുണ്ടകളായി വന്നവരുടെയൊക്കെ പ്രകടനം പലപ്പോഴും ബോറായിരുന്നു. അവർ പറയുന്ന ക്ലിഷേ സംഭാഷങ്ങൾ വീഴ്ചയുടെ ആഘാതം കൂട്ടുന്നു.

🔥Mobile Mode – സിനിമയുടെ പേസിങ് ഇടയ്ക്കിടെ സ്ലോ ആകുന്നുണ്ട്. നിരപരാധികളായ മാതാപിതാക്കളെ കൊല്ലുന്ന സീൻ കഴിഞ്ഞയുടൻ അച്ഛൻ മകൾ ആത്മബന്ധത്തിന്റെ പാട്ട് വരുന്നു. രണ്ടു ഇമോഷനും കണക്റ്റ് ആകുന്നില്ല. ഇങ്ങനെയുള്ള സമയങ്ങളിൽ മൊബൈൽ അറിയാതെ എടുത്തു നോട്ടിഫിക്കേഷൻ നോക്കി പോകും. പക്ഷെ രണ്ടാം പകുതിയിൽ അതില്ല.

🔥Repeat Value – രണ്ടാമത് തീയേറ്ററിൽ പോയി കാണേണ്ട സിനിമയല്ല കൂദാശ. കാരണം ലാറ്റിനമേരിക്കക്കാരെ ഉദ്ദേശിച്ചു ഇറക്കിയ സിനിമ അല്ലാത്തതിനാൽ ആദ്യകാഴ്ചയിൽ തന്നെ 100% മനസ്സിലാകുന്നു. 😉

🔥Last Word – മലയാളത്തിലും നല്ല സസ്പെൻസ് ത്രില്ലറുകൾ ഇറങ്ങുന്നു എന്നതിന്റെ തെളിവാണ് ഈ സിനിമ. രാക്ഷസനും ഇമയ്ക്ക നൊടികളും ഒക്കെ വിജയിപ്പിച്ച പോലെ ഈ സിനിമയും വിജയിപ്പിക്കുക. സിനിമ അതർഹിക്കുന്നുണ്ട്‌

🔥Verdict – Watchable