നല്ലൊരു തീം ഉണ്ടായിട്ടും നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും നല്ല ഫോമിലുള്ള സംവിധായകൻ കൈകാര്യം ചെയ്തിട്ടും നനഞ്ഞ പടക്കം പോലെയായ ദളിത് പൊളിറ്റിക്സിന്റെ കഥയാണ് മാവീരൻ കിട്ടു. സിനിമയുടെ തുടക്കം കാണുമ്പോൾ ഉണ്ടാകുന്ന ആവേശവും താല്പര്യവും പിന്നീട് അങ്ങോട്ട്‌ ഇല്ലാതെ ആകുന്നു.

ജാതിവിലക്ക് പണ്ട് വീഥികളുടെ പേരിൽ പോലുമുണ്ടായിരുന്നു.താഴ്ന്ന ജാതി എന്ന് വിലക്കപ്പെട്ടവർക്ക് പ്രധാന റോഡ്മാർഗം പോകാനുള്ള അനുമതി ഉണ്ടായിരുന്നില്ല. അവർ കറങ്ങിത്തിരിഞ്ഞ് കാതങ്ങൾ താണ്ടി പോകണം.അവർ പോകുന്ന വഴിയിൽ മഴക്കാലത്ത് വെള്ളം പൊങ്ങി ഒരു പുഴ പോലെ ആയാൽ ഗതാഗതം പിന്നെയില്ല. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെയും അവരെ അടിച്ചമർത്തുന്ന മറ്റൊരു സമൂഹത്തിന്റെയും കഥയാണ് മാവീരൻ കിട്ടു.

ചിത്രത്തിൽ വിഷ്ണു വിശാലും രാമകൃഷ്ണൻ പാർഥിപനും നായകന്മാരായി എത്തുന്നു.തുടക്കത്തിലേ അരമണിക്കൂർ നമുക്ക് കിട്ടുന്ന എക്സൈറ്റ്മെന്റ് പിന്നീട് കുറഞ്ഞു കുറഞ്ഞു പോകുന്ന ഒരു അനുഭവം ആയിരുന്നു ഈ സിനിമ. ഒരു പെൺകുട്ടിയെ പാമ്പ് കടിക്കുമ്പോൾ അവളെ രക്ഷിക്കാൻ ആയുള്ള ശ്രമം കുറച്ചു ക്രിയേറ്റീവ് ആയി തോന്നി.അതോടു കൂടി സിനിമയിലെ പോസിറ്റീവുകൾ തീരുന്നു.

രണ്ടാം പകുതി ഒരു പ്രേത്യേക കാരണത്താൽ ആണ് മുഴുവനായും നീങ്ങുന്നത്.സീരിയസ് ആയുള്ള ഇടങ്ങളിൽ പോലും പാട്ടുകൾ വരുന്നതും ഓവർ ഡ്രാമാറ്റിക് ആയ സീനുകളും മൂലം ശക്തമായ രാഷ്ട്രീയം പറയുന്ന ഈ സിനിമ അതെല്ലാം അശക്തമാക്കുന്നു.

മാവീരൻ കിട്ടുവിനു നൽകാവുന്ന മാർക്ക് സിനിമ പറയുന്ന ദളിത് പൊളിറ്റിക്സിന് മാത്രമാണ്.അത് പറഞ്ഞ വിധത്തിനല്ല.