Denzel Washington ന്റെ ഒരു ആക്ഷൻ സിനിമയിൽ വരുന്ന കിടിലൻ ട്വിസ്റ്റ്‌ ഉണ്ട്.അതുവരെ ആ സിനിമ കണ്ടവരെയൊക്കെ അത്ഭുതപ്പെടുത്തിയ ഒരു ട്വിസ്റ്റ്‌. ഞാനാ സിനിമ കണ്ടപ്പോൾ ഇതേ ട്വിസ്റ്റ്‌ ഒരു തമിഴ് സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർത്തു.. നോക്കിയപ്പോൾ ശരിയാണ്..പക്ഷെ തമിഴ് സിനിമ ആ ട്വിസ്റ്റ്‌ കോപ്പിയടിച്ചതല്ല. Denzel ന്റെ സിനിമ ഇറങ്ങുന്നതിനു മുൻപ് റിലീസായ സിനിമ കൂടിയാണ് അത്. പേര് പോർക്കളം.

Movie – Porkkalam (2010)

Genre – Action

Language – Tamil

ചെറുപ്പക്കാരനായ ബണ്ടി സരോജ് കുമാർ എന്നയാളിന്റെ ആദ്യത്തെ സംവിധാനസംരംഭം ആയിരുന്നു പോർക്കളം. സംവിധാനത്തിന് പുറമെ സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിംഗും കൂടി സരോജ് ആണ് നിർവ്വഹിച്ചത്. ആ സമയം തമിഴിൽ വില്ലന്മാരായി അഭിനയിച്ച ഒട്ടുമിക്ക നടന്മാരെയും മുൻനിർത്തിയാണ് സിനിമ ചിത്രീകരിച്ചത്. കിഷോർ ആയിരുന്നു നായകൻ. സമ്പത്,ലാൽ, ബിജു മേനോൻ, സത്യൻ എന്നിവരൊക്കെ സപ്പോർട്ടിങ് കാസ്റ്റിൽ ഉണ്ട്.

കർണ്ണ എന്ന് പേരുള്ള നമ്മുടെ നായകന്റെ ഒരു ദിവസത്തിലൂടെ സിനിമ തുടങ്ങുന്നു. TV യിൽ ഒരു ക്രിമിനലിനെ ശിക്ഷിക്കാൻ കഴിയാത്ത സർക്കാരിന്റെ പിടിപ്പുകേട് കേൾക്കുമ്പോൾ ടിയാൻ ഒരു ബിൽഡിങ്ങിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു. ആ ക്രിമിനലിനെ അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യം. തെളിവുകൾ ഉള്ളതിനാൽ രാഷ്ട്രീയ സ്വാധീനം അവഗണിച്ചു അറസ്റ്റ് നടക്കുന്നു. കർണ്ണ ഒരു ഹീറോ ആകുന്നു. കർണ്ണയുടെ ജീവിതത്തിലേക്കു സ്നേഹ എന്നൊരു പെൺകുട്ടി വരുന്നതോടെ കഥ വികസിക്കുന്നു.

രാമായണ കഥയുടെ പുതിയ ആവിഷ്കാരം. രാമനും സീതയും ലക്ഷ്മണനും ഹനുമാനും രാവണനും വിഭീഷണനും എല്ലാം വന്നു പോകുന്നുണ്ട്. സിനിമയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് ഇന്റർവെലിന് റിവീൽ ആകുന്നത് സസ്പെൻസ്, കിടിലൻ സിനിമാട്ടോഗ്രഫി,കളറിംഗ് പിന്നേ ആക്ഷൻ സീനുകളും.

സിനിമയുടെ ഡാർക് ടോണും പശ്ചാത്തല സംഗീതവും ഒക്കെ ടോപ് നോച് എന്ന് പറയാം. പക്ഷെ യഥാർത്ഥ പ്രശ്നം എന്തെന്നാൽ ഓവറായി സ്ലോ മോഷൻ സിനിമയിലുണ്ട് എന്നതാണ്. രണ്ടു മണിക്കൂറുള്ള സിനിമ സ്ലോ മോഷൻ അടക്കം രണ്ടര മണിക്കൂർ ആക്കിയത് പോലെ തോന്നും. എല്ലാ കഥാപാത്രത്തിനും ചേരുന്ന ആളുകളെ പെർഫെക്ട് ആയി തിരഞ്ഞെടുത്തു കാസ്റ്റിംഗ് നടത്തിയപ്പോഴും സമ്പത്തിന്റെ കഥാപാത്രം ഒരു കല്ലുകടി ആയിരുന്നു. ഒരു ഇമ്പാക്ട് ഉണ്ടാക്കാത്ത രാവണൻ ആയി പോയി.

ഇന്നിപ്പോൾ പോർക്കളവും അസ്തമനവും ഒരു കൾട്ട് ഫോളോവിങ് ഉള്ള സിനിമയായി മാറി. ബണ്ടി സരോജ് കുമാറിന്റെ ഈ സിനിമകൾ ഒരുപക്ഷെ നല്ലൊരു വിജയം ആയിരുന്നെങ്കിൽ അയാളിൽ നിന്നും കൂടുതൽ സിനിമകൾ ഉണ്ടായേനെ…