കമൽ ഹാസന്റെ മന്മഥൻ അമ്പുവിന്റെ കൂടെയോ മറ്റോ ആയിരുന്നു സീനു രാമസാമിയുടെ തേന്മെർക്കു പരുവകാട്രിന്റെ റിലീസ്. കേരളത്തിൽ റിലീസ് ഇല്ലായിരുന്നു എന്നാണ് ഓർമ. ആലുവ കാസിനോ തിയേറ്ററിൽ മന്മഥൻ അമ്പു കണ്ടിറങ്ങുമ്പോൾ ഉണ്ടായ നിരാശ മാറ്റാൻ വേറേ തമിഴ് സിനിമ ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ തമിഴ് ചാനലിൽ ഒക്കെ നല്ല അഭിപ്രായം വന്ന സിനിമയിലൂടെ അതുവരെ ജൂനിയർ ആർട്ടിസ്റ്റ് ആയ വിജയ് സേതുപതി എന്ന നടൻ ആദ്യത്തെ നായക വേഷം അണിഞ്ഞു. പിന്നീട് DVD ഇറങ്ങാൻ കാത്തിരിക്കേണ്ടി വന്നു ഈ സിനിമ കാണാൻ.

ശരണ്യ പൊൻവണ്ണൻ എന്ന തമിഴിലെ അഗ്മാർക് നന്മമരം അമ്മയ്ക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് സിനിമയിലൂടെ ലഭിച്ചു. ഒരു അമ്മയുടെ ത്യാഗത്തിന്റെ കഥയാണ് സിനിമയ്ക്ക് പറയാനുള്ളത്. ആട്ടിടയൻ ആയ മകൻ മോഷണം കുലത്തൊഴിൽ ആക്കിയ കുടുംബത്തിലെ പെണ്ണിനെ സ്നേഹിക്കുന്നു. അവരുടെ വംശത്തിനും നായകന്റെ അമ്മയ്ക്കും തമ്മിൽ ദുരൂഹമായ ഒരു ഭൂതകാലമുണ്ട്.

വിജയ് സേതുപതിയുടെ പ്രകടനം വളരെ നന്നായിരുന്നു. ആദ്യത്തെ സിനിമ എന്നുള്ള യാതൊരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. വസുന്ധര കശ്യപ് തനിക്കു കിട്ടിയ വേഷം നന്നായി ചെയ്തു. മകന്റെ പ്രണയവും കുറച്ചു കോമഡിയും ഒക്കെയായി പോകുന്ന ആദ്യപകുതിയും ടിപ്പിക്കൽ തമിഴ് സെന്റിമെന്റിലുള്ള രണ്ടാം പകുതിയും ക്ലൈമാക്സുമാണ് സിനിമയിൽ.

ഇന്നിപ്പോൾ കാണുമ്പോൾ വലിയ സംഭവം ആയി തോന്നില്ല എങ്കിലും നമ്മെ പിടിച്ചിരുത്താൻ കഴിയുന്ന ആഖ്യാനശൈലി മൂലം ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും.