സർഗുണം എന്ന സംവിധായകൻ കളവാണിയിലൂടെ തന്നെ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച ആളാണ്‌. രണ്ടാമത്തെ സിനിമയും വിമലിന്റെ കൂടെ തന്നെ ആയിരുന്നു.ഇനിയയുടെ ആദ്യത്തെ സിനിമ കൂടിയാണിത്. അറുപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ പേര് വാഗൈ സൂട വാ എന്നായിരുന്നു.

വിജയകിരീടം അണിയാൻ വാ എന്നർത്ഥമാക്കുന്ന സിനിമയുടെ പേര്,കൈകാര്യം ചെയ്യുന്ന വിഷയം വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ്. തമിഴ് നാട്ടിലെ ഇഷ്ടിക ഉത്പാദനം പ്രധാനവരുമാന മാർഗമാക്കിയ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചുവന്ന മണ്ണ് കുഴച്ചു ഇഷ്ടികയാക്കി അത് നാട്ടിലെ ഒരു പ്രമാണിക്ക് നൽകി തുച്ഛമായ സമ്പാദ്യത്തിൽ ജീവിച്ചു പോരുന്ന ആ ജനതയുടെ കുട്ടികൾ ആരും തന്നെ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നില്ല. അവരും ഇഷ്ടിക ഉണ്ടാക്കുന്ന ജോലി തന്നെ ചെയ്തു പോരുന്നു.

തങ്ങൾ ഉണ്ടാക്കുന്ന ഇഷ്ടിക എത്രയെണ്ണം ആണെന്ന് പോലും കുട്ടികൾക്ക് അറിയില്ലായിരുന്നു. എണ്ണാൻ അറിയില്ല. റേഡിയോയിൽ നിന്നും പാട്ട് കേൾക്കുമ്പോൾ അതിനുള്ളിൽ നിന്നും ഒരാൾ പാടുന്നുണ്ട് എന്നും കല്ലെടുത്തു ഇടിച്ചാൽ അയാൾ മരിക്കും എന്നും കരുതുന്ന കുട്ടികൾ.. അവരുടെ ഇടയിലേക്കാണ് അധ്യാപകനായ നായകൻ എത്തുന്നത്.

സിനിമയിൽ ഒരുപാട് കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. അവരുടെ പ്രകടനങ്ങൾ നമ്മെ ഒരുപാട് ചിരിപ്പിക്കും,അത്ഭുതപ്പെടുത്തും, ഇമോഷണൽ ആക്കും. ഇത്രയ്ക്കും കഴിവുള്ള കുട്ടികളെ കണ്ടെത്തിയ സർഗുണത്തിനു അഭിനന്ദനങ്ങൾ. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ സമയം പോകുന്നത് പോലും അറിയില്ല.

വിമൽ – ഇനിയ ജോഡികളുടെ പ്രകടനം നന്നായിരുന്നു. ഭാഗ്യരാജ് സിനിമകളെ ഓർമിപ്പിക്കുന്ന ഒരു സിനിമ കൂടി ആയിരുന്നു ഇത്. അതിനാലാണോ എന്തോ, ഭാഗ്യരാജ് ഒരു പ്രധാനറോളിൽ എത്തുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു സിനിമ.