കഥാപാത്രവികസനം എന്നത് വളരെ കൃത്യമായി,നല്ല ഡീറ്റൈലിങ്ങോട് കൂടി ചെയ്യുന്ന ഒരാളാണ് പത്മകുമാർ. ജോസഫ് അങ്ങനെ തന്നെയാണ്. റിട്ടയർ ആയ, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പോലീസുകാരൻ, കൊല്ലപ്പെട്ട വൃദ്ധദമ്പതിമാരുടെ മരണത്തിനു സ്പോട്ടിൽ പ്രധാന പോലീസ് ഉദ്യോഗസ്ഥൻ ജോസഫിനെ വിളിച്ചു വരുത്തുന്നു. പരിസരം മൊത്തം പരിശോധിച്ച ജോസഫ് കണ്ടത്തിയ നിഗമനത്തിലൂടെ കൊലയാളിയെ ഉടനടി പിടികൂടുന്നു. ബുദ്ധിമാനായ, സമർത്ഥനായ ജോസഫ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി സിനിമയുടെ ടൈറ്റിൽസ് നീങ്ങുന്നു.

🔥The Good – ജോസഫ് എന്ന സിനിമ ജോണർ അറിയാതെ കാണുന്നവർക്ക് നല്ലൊരു അനുഭവം ആണ്. നിങ്ങൾ എത്ര റിവ്യൂ വായിക്കുന്നുവോ,അതിനനുസരിച്ചു ആസ്വാദനം കുറയും. ഒന്നുറപ്പ് നൽകാം.നിരാശപ്പെടില്ല. തുടർന്ന് വായിക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല.

ജോസഫ് എന്നൊരു മനുഷ്യന്റെ കഥാപാത്രവികസനം വളരെ മനോഹരമായാണ് കാണിച്ചിരിക്കുന്നത്.അയാളുടെ പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങി അയാൾ സഞ്ചരിച്ച പാതകൾ ഒരു ദൃക്‌സാക്ഷിയെ പോലെ നമുക്ക് കണ്ടിരിക്കാം. ജോസഫിനെ പോലൊരു നായകൻ മലയാളസിനിമയിൽ കുറവാണ്. തന്റെ ഷണ്ഡത്വം വരെ പുറത്തു പറയുന്ന നായകന്റെ സംഭാഷണങ്ങൾ സിനിമയിൽ ഉപയിഗിച്ച വിധവും സാഹചര്യങ്ങളും വളരെ നന്നായിരുന്നു.

ജോസെഫിന്റെ വീഴ്ചകളിലൂടെ മാത്രമാണോ സിനിമ മുന്നേറുന്നത് എന്നൊരു ചോദ്യം ഉയരാം..അയാൾ ഒന്ന് ചിരിച്ചു കാണുന്നു പോലുമില്ല സിനിമയിൽ.. പക്ഷെ അതിനു എല്ലാത്തിനും കൂടി ക്ലൈമാക്സ് നമുക്ക് ഉത്തരം നൽകും. ഭാര്യ വിവാഹമോചനം നേടിയ ശേഷം മറ്റൊരു കല്യാണം കഴിക്കുന്നു. അയാളുമായുള്ള ജോസഫിന്റെ ബന്ധം കാണിച്ച വിധം വളരെ ഹൃദ്യം ആയിരുന്നു. പോത്തേട്ടൻ അവതരിപ്പിച്ച ആ കഥാപാത്രം മനസ്സിൽ തങ്ങി നിൽക്കും. സെമിത്തേരിയിൽ വെച്ചുള്ള രംഗങ്ങളൊക്കെ മനോഹരം എന്നല്ലാതെ എന്ത് പറയാൻ…

ജോസഫ് എന്ന ആളിലെ സമർത്ഥനെയും ബുദ്ധിമാനെയും നമ്മൾ തുടക്കം കണ്ടതാണ്. അങ്ങനെ ഒരാളുടെ മുന്നിലേക്ക് ഒരു കൊലപാതകം നടക്കുമ്പോൾ എങ്ങനെയുണ്ടാകും? ഇടവേളയോട് കൂടി സിനിമ ത്രില്ലർ മൂഡിലേക്ക് സഞ്ചരിക്കുമ്പോൾ അന്വേഷണത്തിന്റെ പാത വളരെ റിയലിസ്റ്റിക് ആയി തോന്നും. ഓരോ പോയിന്റുകൾ തമ്മിൽ ബന്ധിക്കുന്ന വിധമൊക്കെ ത്രില്ലിംഗ് ആയി തോന്നും.

ജോസഫിനെ പോലൊരു നായകകഥാപാത്രത്തെ നമ്മൾ അധികം കണ്ടിട്ടില്ല എന്നുറപ്പ് നൽകുന്ന ക്ലൈമാക്സ് ഒന്ന് ഞെട്ടിക്കുന്നുണ്ട്. കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷെ ആ ഒരു കാര്യം പറയാനായിട്ടി ഉണ്ടാക്കിയ ഒരു കഥയല്ല സിനിമയുടേത് എന്നത് തന്നെയാണ് സിനിമ ഇഷ്ടപ്പെടാനുള്ള കാരണവും.

ജോജു ജോർജിന്റെ അഭിനയ ജീവിതത്തിൽ എന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രമാണ് ജോസഫ്. സിനിമയിൽ ഏതാണ്ട് എല്ലാ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്നുണ്ട് ജോജു. നല്ല മിതത്വമുള്ള അഭിനയം. ഇനിയും ഇതുപോലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിക്കാൻ കഴിയട്ടെ.

🔥The Bad – പത്മകുമാർ സിനിമകൾ പതുക്കെ കഥപറഞ്ഞു സഞ്ചരിക്കുന്നവയാണ്.ഇവിടെയും അതുപോലെ തന്നെ. സിനിമയുടെ മൂഡിനോട് ചേർന്ന് പോകാൻ ആയാൽ പേസിങ് നിങ്ങൾക്ക് ഒരു വിഷയമാകുന്നില്ല.

🔥Engaging Factor – ഒരാളുടെ ജീവിതമാണ് നമ്മൾ സിനിമയിൽ കാണുന്നത്. കയ്പ്പേറിയ അനുഭവങ്ങളിലൂടെ അയാൾ കടന്നു പോകുന്നത് ആസ്വദിച്ചു കാണാനുള്ള ഒന്നല്ലല്ലോ..ആദ്യപകുതിയിൽ വരുന്ന പാട്ടുകൾ ഒരു ബ്രേക്ക്‌ ആയി അനുഭവപ്പെടാം. രണ്ടാം പകുതി യാതൊരു ബ്രേക്കും ഇല്ലാതെ കാണാം.

🔥Repeat Value – ജോസഫ് എന്നെ ചെറുതായി കരയിപ്പിച്ച കഥാപാത്രം ആണ്. ഒരിക്കലും രണ്ടാമത് കാണുവാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒന്നുണ്ട്…ഒന്നിൽ കൂടുതൽ തവണയൊന്നും കണ്ടില്ല എങ്കിലും ജോസഫ് പെട്ടെന്നൊന്നും മനസ്സിൽ നിന്നും മായില്ല.

🔥Last Word – ഇമോഷൻസിന്റെ ഒരു ഘോഷയാത്ര എന്ന് പറയാം. ജോസഫ് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.

🔥Verdict – Good