ഒരു കാലഘട്ടത്തിൽ എല്ലാ ഭാഷകളിലും ഇറങ്ങിയിരുന്നത് മെലോഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു. കാലം മാറിയതനുസരിച്ചു മെലോഡ്രാമയുടെ മാറ്റങ്ങളും നമ്മൾ അനുഭവിച്ചു. ഇപ്പോഴും സെന്റിമെന്റിനു നല്ല മാർക്കറ്റു ഉണ്ടെന്നു മനസ്സിലാക്കി അതിൽ പിടിച്ചു വലിയ ഹിറ്റുകൾ ഉണ്ടാക്കിയ ആളാണ്‌ വിജയ് ആന്റണി. തമിഴിന് പുറമെ തെലുങ്കിലും ഹിറ്റായ പിച്ചൈക്കാരൻ അതിന്റെ ഉദാഹരണം ആണ്. ഇത്തവണ ഒരു ലോഡ് ഉപദേശവുമായാണ് ടിയാന്റെ വരവ്.

🔥The Good – ഒരു സിനിമ കണ്ടു തലവേദനിക്കുകയും അത് മാറാനായി ഒരു ദിവസം മുഴുവൻ റെസ്റ്റെടുക്കേണ്ടി വരുന്നതായി സങ്കൽപ്പിക്കുക. പക്ഷെ പിറ്റേ ദിവസം നിങ്ങൾക്ക് ഒരുപാട് ജോലികൾ ഉണ്ടെങ്കിൽ അത് നടക്കുമോ..എന്നാൽ ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം കേരളത്തിൽ ഹർത്താൽ ആയതു “The Good” തന്നെയല്ലേ…

🔥The Bad – ഈ സിനിമയിൽ തന്നെ ഒരു ഡയലോഗ് ഉണ്ട്.സ്വന്തം അനിയനെ വെടിവെച്ചു കൊന്നിട്ടും തന്റെ മുഖത്തൊരു ഭാവവും ഇല്ലല്ലോ എന്ന്. അതേ..വിജയ് ആന്റണിയുടെ ഭാവമാറ്റം ഒക്കെ ആഗ്രഹിക്കാമോ? അതൊരു കുറ്റമല്ലേ… ഈ സിനിമയിൽ ലോജിക്കൽ ആയുള്ള ഓട്ടകൾ അടയ്ക്കണം എങ്കിൽ തൃപ്തി ദേശായിയെ തടയാൻ വന്ന ആളുകൾ എല്ലാവരും കൂടി ആ ഓട്ടയിലേക്ക് ഇറങ്ങി കിടക്കേണ്ടി വരും.

🔥The Ugly – അടുത്ത കാലങ്ങളിലായി ലാലേട്ടൻ സിനിമകളിലൂടെ പ്രേക്ഷകർക്കു നൽകിയ ഉപദേശങ്ങൾ എല്ലാം എടുക്കുക, രജനി സിനിമകളും എടുക്കുക, രാഹുൽ ഈശ്വറിന്റെ ലൈവുകളും എടുക്കുക, കുലസ്ത്രീകളുടെ മണ്ടത്തരങ്ങളും എടുക്കുക, പട്ടേലിന്റെ പ്രതിമ ഭാരത്തിനായി തൂക്കുക.. എന്നാലും ഈ സിനിമ നൽകിയ ടോർച്ചർ തട്ട് താഴ്ന്നു തന്നെ കിടക്കും.

സ്വന്തം അനിയൻ ഒരു റൗഡിയായി മാറുന്നതും അവനെ കൊല്ലേണ്ടി വരുന്നതും അവനെ റൗഡി ആക്കിയവന്റെ ഐഡിയോളജി പ്രകാരം അവനെ മാനസികമായി തളർത്തി ഇല്ലായ്മ ചെയ്യാനുള്ള നായകന്റെ രണ്ടര മണിക്കൂർ ഏതാണ്ട് രണ്ടര വർഷം പോലെ തോന്നി. ഓരോ സീനിലും ഉപദേശം, വിജയ് ആന്റണിയുടെ ഉപദേശങ്ങൾ + സെന്റിമെന്റ്സ് + ഭക്തിയിൽ പൊതിഞ്ഞ ആക്ഷൻ സീനുകൾ എന്നിവ നൽകുന്ന മെന്റൽ ടോർച്ചർ ചെറുതല്ല.

നമ്മൾ ആസ്വദിക്കാനായി സിനിമ കാണണം എന്നാഗ്രഹിക്കുമ്പോൾ സോഷ്യൽ മെസ്സേജ് നൽകണം എന്നും പറഞ്ഞു നമ്മെ കൊല്ലാൻ നോക്കുകയാണ് ആന്റണി. സാധാരണ പോലീസുകാരൻ നായകൻ ആകുമ്പോൾ കഥ എൻഗേജിങ് ആയിരിക്കും.ഇവിടെ വെറും ഉപദേശങ്ങൾ മാത്രം. പിന്നെ ഒരു ലോഡ് നന്മയും.

കാലിൽ വെടികൊണ്ടയുടൻ തന്നെ ഓടുക, ഒരു വാച്ച് കൊണ്ടുള്ള മണ്ടത്തരങ്ങൾ തുടങ്ങി സിനിമയിൽ ഒരുപാട് ലോജിക്കൽ പ്രശ്നങ്ങളുണ്ട്. ഈ കാലഘട്ടത്തിലും ഇതേപോലെ സിനിമ ഇറക്കാനുള്ള ധൈര്യം വിജയ് ആന്റണിക്ക് എവിടുന്നു കിട്ടിയോ ആവോ.. നല്ല ഇറുകിയ യൂണിഫോമിൽ നിവേദ പൊതുരാജിനെ കാണുന്നത് ഒരു ആശ്വാസമായി തോന്നുന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം.

🔥Repeat Value – ചില ശുനകജന്മങ്ങളെ അറസ്റ്റ് ചെയ്യുന്നത് മൂലം കേരളത്തിൽ ഹർത്താൽ വരുന്നു എന്നത് പരിതാപകരം തന്നെ. അങ്ങനെ ഉള്ളവരെ അറസ്റ്റ് ചെയ്യരുത്. തുടർച്ചയായി ഈ സിനിമ കാണിക്കുക.

🔥Engaging Factor – ചില സിനിമകൾ കാണുമ്പോൾ തീയേറ്ററിൽ ഫാസ്റ്റ് ഫോർവെർഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കില്ലേ..അത് പോലൊരു സിനിമയാണ്. എത്രത്തോളം എൻഗേജിങ് ആയിരിക്കും എന്ന് ഊഹിക്കാമല്ലോ..

🔥Last Word – സർക്കാരിന്റെ കൂടെ റിലീസ് ചെയ്യാൻ ആയിരുന്നു വിജയ് ആന്റണിയുടെ പ്ലാൻ. അതെങ്ങാനും നടന്നിരുന്നു എങ്കിൽ ഒരു നല്ല കമന്റ് ഉണ്ടായിരുന്നു… തല്ക്കാലം പറയുന്നില്ല..

🔥Verdict – ഓടിക്കോ!!!