സ്റ്റീഫൻ കിങിന്റെ പുസ്തകമായ Christine നെ അടിസ്ഥാനമാക്കി അതേപേരിൽ തന്നെ എൺപതുകളിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. ഇറങ്ങിയ സമയം പരാജയം ആയിരുന്നു എങ്കിലും ഇപ്പോൾ ഒരു കൾട്ട് ഫോളോവിങ് ഉള്ള സിനിമയാണ് അത്. അതിനാൽ തന്നെ പല ഭാഷകളിലും പല മാറ്റങ്ങളിലൂടെ ഈ കഥ പിന്നീട് നാം കണ്ടിട്ടുണ്ട്. Tarzan The Wonder Car, നയൻതാരയുടെ ഡോറ എന്നിവയൊക്കെ പെട്ടെന്ന് ഓർമ വരുന്ന ഉദാഹരണങ്ങൾ ആണ്. വിജയ് ദേവരകൊണ്ടയുടെ ടാക്സിവാലയും ഈ കൂട്ടത്തിൽ പെടുന്ന ഒന്നാണ്.

🔥The Good – Astral Projection എന്നൊരു സംഗതി കഥയിൽ ഉൾക്കൊള്ളിച്ചത് നന്നായിരുന്നു.അതിന്റെ സയന്റിഫിക് വശങ്ങൾ പറയുന്നത് ഒന്നും അത്ര കൺവിൻസിംഗ് ആയിരുന്നില്ല എങ്കിലും,സ്ഥിരമായി കണ്ട പ്രേതം,ആത്മാവ് എന്നീ സംഗതികൾ ഇല്ലാതെ പുതിയ ഒരു ആശയം എന്നത് നന്നായി തോന്നി.

🔥The Bad – ടാക്സിവാല ഒരു ഹൊറർ കോമഡി ഫാന്റസി സിനിമയാണ് എന്ന് പറയാം. സയന്റിഫിക് ആയി പറയുന്ന കാര്യങ്ങൾക്കു ഡെപ്ത് ഇല്ലാത്തതു കൊണ്ട് അതിനെ ഫാന്റസി ആയി കണക്കിലാക്കാം. സ്ഥിരം ഇന്ത്യൻ സിനിമയിൽ വരുന്ന പ്രതികാരം ഇതിലും വരുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പി എന്നൊക്കെ പറയാൻ തോന്നും.

ഈ സിനിമയിൽ നായികയുടെ ആവശ്യമെ ഇല്ല. എന്നിരുന്നാലും ഒരു നായിക, പാട്ടുകൾ, താല്പര്യം ജനിപ്പിക്കാത്ത റൊമാൻസ് സീനുകൾ എന്നിങ്ങനെ കാര്യമായി വലിച്ചു നീട്ടിയ ആദ്യപകുതി കാണാം. നായകന്റെ കൂട്ടുകാർ കാണിച്ചു കൂട്ടുന്ന കോമഡി എന്ന പേരിലെ കോമാളിത്തരങ്ങൾ സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സീരിയസ് ആയി നീങ്ങുന്ന ക്ലൈമാക്സിന്റെ ഇടയിൽ കോമഡി സീനുകൾ വരുന്നത് കണ്ടപ്പോൾ പഴയകാല മുകേഷ്-ജഗദീഷ് സിനിമകളുടെ ക്ലൈമാക്സ് പോലെ തോന്നി.

🔥The Ugly – സിനിമയിൽ പ്രതികാരം ഉള്ളതിനാൽ വില്ലനുമുണ്ട്. പക്ഷെ വില്ലൻ കഥാപാത്രത്തിന് യാതൊരു വിധ വെയിറ്റേജ് ഇല്ല എന്ന് മാത്രമല്ല അദ്ദേഹത്തെ കണ്ടാൽ ഒരു ഡമ്മി പീസ് പോലെ തോന്നിക്കും. പഴയകാല മലയാള സിനിമ നായകൻ ആണ്. പേര് ഓർമ വരുന്നില്ല.

സെന്റിമെന്റ്സ് എന്നത് കാര്യമായി വർക്ക്‌ ഔട്ട്‌ ആക്കാനുള്ള ശ്രമം സിനിമയിൽ കാണാം. ആദ്യത്തെ സീനിൽ തുടങ്ങിയ കാവേരിയുടെ കഥാപാത്രത്തിന്റെ ദുഃഖം ടിപ്പിക്കൽ തെലുങ്ക് സെന്റിമെന്റിൽ കലർത്തി സിനിമയ്ക്ക് ഒരു ഹാപ്പി എൻഡിങ് നൽകി അവസാനിപ്പിച്ചിട്ടുണ്ട്.

🔥Engaging Factor – വിജയ് ദേവരകൊണ്ടയുടെ പ്രകടനം നമ്മെ പരമാവധി ബോറടിയിൽ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷെ ചിരിപ്പിക്കാത്ത ചളികൾ കോമഡിയെന്ന പേരിൽ വരുമ്പോൾ ഒരു വിരസത അനുഭവപ്പെടും.

🔥Repeat Value – ഒരു തവണ കണ്ടുമറക്കാവുന്ന സിനിമയായി മാത്രം ഒതുങ്ങുന്ന ചിത്രം. രണ്ടാമത് കാണുന്നതിനെ പറ്റി ആരും ആലോചിക്കുമെന്ന് തോന്നുന്നില്ല.

🔥Last Word – കഴിഞ്ഞ നാല് മാസത്തിലെ മൂന്നാമത്തെ വിജയ് ദേവരകൊണ്ട സിനിമയാണിത്. Too much of devarakondaism na… കുറച്ചു നാൾ പെട്ടിയിൽ കിടന്ന സിനിമ ആണെങ്കിലും വലിയ കുറവുകൾ ഒന്നും തോന്നിക്കുന്നില്ല. ഒരു തവണ കാണാവുന്ന ഒരു ആവറേജ് ചിത്രം.

🔥Verdict – നായകന്റെ ഡ്രൈവർ ആപ്പിൽ നമുക്ക് അഞ്ചിൽ രണ്ടര റേറ്റിംഗ് നൽകാം. ഇടയ്ക്കിടെ കുണ്ടും കുഴിയും ഒക്കെ ചാടിച്ചു എങ്കിലും വല്യ പ്രശ്നം ഇല്ലാതെ ലക്ഷ്യത്തിൽ എത്തിച്ചിട്ടുണ്ട്.