ഒരു സിനിമ കണ്ടു വർഷങ്ങൾ കഴിഞ്ഞാലും ആ സിനിമയേ ഓർക്കുന്നുണ്ടെങ്കിൽ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ എന്തെങ്കിലും ഒന്ന് ആ സിനിമയിൽ ഉണ്ടാകണമല്ലോ..വെണ്ണിലാ കബഡി കുഴു ഇന്നും ഓർത്തിരിക്കാനുള്ള കാരണം സിനിമയുടെ ക്ലൈമാക്സ് ആണ്.

ഒരു സ്പോർട്സ് സിനിമ ആയിരിക്കും എന്നൊക്കെ പേരിൽ തോന്നിപ്പിച്ചു എങ്കിലും ഒരു ഗ്രാമവും അവിടുത്തെ ആളുകളും ഉത്സവവും ഒക്കെയാണ് സിനിമയുടെ ആദ്യത്തെ പകുതിയിൽ വരുന്നത്. രസകരമായ ഒരുപാട് കാര്യങ്ങൾ സിനിമയ്ക്കുണ്ട്. സൂരിയുടെ ഫേമസ് ആയ പൊറോട്ട സീൻ കണ്ടവർ ആരും തന്നെ മറക്കില്ല. കുറേക്കാലം ടിയാൻ അറിയപ്പെട്ടത് തന്നെ പൊറോട്ട സൂരി എന്ന പേരിലാണ്. ഇന്നും യൂട്യൂബിലെ ഈറ്റിംഗ് ചാലഞ്ജ് വീഡിയോകളിൽ പൊറോട്ട സൂരി ഒരു കഥാപാത്രം തന്നെയാണ്.

പേരില്ലാത്ത നായിക എന്നത് മറ്റൊരു ആകർഷണം. അവസാനം വരെയും നായികയുടെ പേര് പറയുന്നില്ല. കിഷോർ അവതരിപ്പിച്ച കബഡി കോച്ചിന്റെ റോൾ അദ്ദേഹത്തിന് നല്ലൊരു ബ്രേക്ക്‌ ആയിരുന്നു. അപ്പുക്കുട്ടി അടക്കമുള്ള പല കലാകാരന്മാർക്കും ഈ സിനിമ നൽകിയ മൈലേജ് ചെറുതല്ല.

നല്ല പാട്ടുകളും കോമഡി സീനുകളും അധികം രോമാഞ്ചം ഉണ്ടാകാത്ത കബഡി സീനുകളും ഒക്കെയായി നല്ലൊരു സിനിമ. വിജയ് സേതുപതി ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി വന്നിരുന്നു എന്നത് ഈയടുത്ത് വീണ്ടും കണ്ടപ്പോഴാണ് മനസ്സിലായത്. കാണാൻ ശ്രമിക്കുക.. നല്ലൊരു ചിത്രം!