കുരുക്ഷേത്രയുദ്ധത്തിൽ അർജുനന്റെ മകനെ നരബലിയ്ക്കു ഇരയാക്കിയ കഥ കേട്ടിട്ടുണ്ടോ? ഇന്ത്യൻ മിത്തോളജി പ്രകാരം അത്തരം ഒരു കഥയുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവർ വിജയിക്കാനായി സാമുദ്രിക ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കേണ്ടി വരുമെന്ന് കൃഷ്ണൻ പറയുന്നു. അർജുനൻ സാമുദ്രിക ലക്ഷണമൊത്ത പുരുഷനാണ്.പക്ഷെ കൃഷ്ണൻ അതിനു നിർബന്ധിക്കുന്നില്ല, പകരം വനവാസകാലത്ത് അര്ജുനനിൽ നിന്നും ഗർഭം ധരിച്ച ഒരു നാഗകന്യകയുടെ മകൻ, അറവാൻ.. അവനെ ബലി കൊടുക്കാൻ തീരുമാനിക്കുന്നു.

അർജുനന്റെ മകനായ അറവാൻ ബലിക്ക് എതിര് പറയുന്നില്ല. പകരം ഒരു നിബന്ധന വയ്ക്കുന്നു. താൻ വിവാഹിതനല്ല, സ്ത്രീസുഖം അറിഞ്ഞിട്ടില്ല.. അതിനാൽ ഒരു പെണ്ണ് തന്നെ ഇന്ന് വിവാഹം കഴിച്ചാൽ നാളെ തന്നെ ബലിക്ക് തയ്യാർ എന്ന് പറയുന്നു. കൃഷ്‌ണൻ അന്ന് രാത്രി സ്ത്രീയായി അവതാരമെടുത്ത് അറവാനെ വിവാഹം കഴിക്കുന്നു. പിറ്റേ ദിവസം അറവാനെ ബലി കൊടുക്കുകയും ചെയ്യുന്നു.

ഇതിന്റെ ഓർമയിൽ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തിൽ കൂവാകം എന്ന ഗ്രാമത്തിൽ ചിത്തിര മാസത്തിലേ പൗർണമി ദിനത്തിൽ ഭിന്നലിംഗക്കാർ നടത്തുന്ന ആഘോഷം. തങ്ങൾ കൃഷ്ണന്റെ പിൻഗാമികളാണ് എന്ന് കരുതി അവർ ഒരു ദിവസത്തേക്ക് മാത്രമായി അറവാനെ വിവാഹം കഴിക്കുന്നു. പിറ്റേ ദിവസം താലി പൊട്ടിച്ചു വെളുത്ത വസ്ത്രം ധരിച്ചു കരയുന്ന ചടങ്ങുകൾ അവിടെ കാണാം.

കാവൽകൂട്ടം എന്ന പുസ്തകം സിനിമയാക്കുന്നത് വസന്തബാലൻ ആണെന്ന് കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ആദി,ഭരത്,പശുപതി,അഞ്ജലി,സായ് ധൻസിക, അർച്ചന കവി തുടങ്ങിയ വലിയ താരനിര തന്നെ സിനിമയ്ക്കുണ്ടായിരുന്നു. അറവാൻ എന്നത് പുരാണത്തിലേ ഒരു കഥാപാത്രം ആണെങ്കിലും സിനിമയിലെ നായകന്റെ ജീവിതത്തെ അറവാന്റെ ജീവിതത്തോട് ഉപമിച്ചാണ് തിരക്കഥ തയ്യാറാക്കിയത്.

പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജാതീയതയും അതിന്റെ വേർതിരിവുകളും മോഷണം കുലത്തൊഴിൽ ആക്കിയ ഒരു വിഭാഗത്തെ പറ്റിയും അതേപോലെ കാവൽ നിൽക്കുന്നത് തൊഴിൽ ആക്കിയ സമൂഹത്തെ പറ്റിയൊക്കെ സിനിമയിൽ കാണാം.

പഴയ കാലത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ദമായി മോഷ്ടിക്കുന്നതും പിന്നെയൊരു കൊലപതകത്തിന്റെ മിസ്റ്ററിയും നരബലിയുടെ ക്രൂരതയും ഒക്കെ പറയുന്ന സിനിമ, രണ്ടാം പകുതിയിൽ ബലമില്ലാത്ത തിരക്കഥ മൂലം ഒരു ബോറൻ അനുഭവം ആകുന്നുണ്ട്.

നല്ല അഭിനേതാക്കളും ആർട്ട് വർക്കും തീമും ഉണ്ടായിട്ടും എക്സിക്യൂഷനിൽ പാളിപ്പോയ ഒരു ബിഗ് ബജറ്റ് ചിത്രം.