കാർത്തിക് സുബ്ബരാജ് അവിയൽ എന്നൊരു ആന്തോളജി എടുക്കുന്ന സമയത്തു തന്നെ ഒരു വെബ് സീരീസ് എടുക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു. വെബ് സീരീസ് ആകുമ്പോൾ സെൻസറിങ് ഉണ്ടാകില്ല. ആവിഷ്കാരസ്വാതന്ത്രം ആവോളം ആസ്വദിക്കാം എന്നതാണ് പോസിറ്റീവ്.അതിനാൽ നമുക്ക് ലഭിച്ചത് നല്ല കിടിലൻ കഥാപാത്രങ്ങളെയാണ്.

Kallachirippu (2018 Web Series)

Thriller, Black Comedy

Tamil

15 മിനുട്ടുള്ള 8 എപ്പിസോഡുകൾ ആണ് ഈ വെബ് സീരീസ്. ഓരോ എപ്പിസോഡിലും വരുന്ന ട്വിസ്റ്റുകൾ മാത്രം കൂട്ടിവെച്ചാൽ ഒരു ട്വിസ്റ്റ്‌ ഹിമാലയം തന്നെ ഉണ്ടാക്കാം. മാത്രമല്ല, ഈ സീരീസിൽ വരുന്ന കഥാപാത്രങ്ങളെ നമ്മൾ ഇതിനു മുൻപ് തമിഴിൽ കണ്ടിട്ടുണ്ടാവില്ല. അത്രയ്ക്ക് ഡെപ്ത് ഉള്ള നല്ല കഥാപാത്രങ്ങളെയാണ് സീരീസ് സമ്മാനിക്കുന്നത്.

സീരീസിന്റെ ആദ്യത്തെ എപ്പിസോഡിൽ തന്നെ തന്റെ ഭർത്താവിനെ ആക്സിഡന്റലി കൊല്ലുന്ന മഹതി എന്ന നായികയെ കാണാം. തന്റെ കാമുകന്റെ കൂടെ ചേർന്ന് ബോഡി ഡിസ്പോസ് ചെയ്യാനുള്ള അവരുടെ പ്ലാനും മഹതിയുടെ കല്യാണത്തിന് മുമ്പുള്ള ജീവിതവും അതിനു ശേഷമുള്ള ജീവിതവും കൊലപാതകത്തിന് ശേഷമുള്ള കാര്യങ്ങളും നമുക്ക് നോൺ ലീനിയർ നരേഷനിലൂടെ ത്രില്ലിംഗ് ആയും ബ്ലാക്ക് കോമഡി കലർത്തിയും പറയുന്നു.

മഹതി എന്തുകൊണ്ട് സദാ സമയവും ദേഷ്യപ്പെടുന്നു എന്നത് ഓരോ എപ്പിസോഡ് കഴിയുന്തോറും നമുക്ക് മനസ്സിലായി വരുന്നു. കല്യാണത്തിനായി അവൾ ഏൽക്കുന്ന ഡീൽ, അവിഹിത ബന്ധം, അമ്മയുമായി പോൺ വീഡിയോയെ പറ്റിയും ഓർഗാസത്തെ പറ്റിയുമുള്ള സംസാരങ്ങളുമൊക്കെ മനോഹരമായി നമുക്ക് തോന്നുന്നത് സെൻസറിങ് എന്ന ശാപത്തെ ഭയപ്പെടാതെയുള്ള ആവിഷ്കാരം ഒന്നുകൊണ്ടു മാത്രമാണ്. കൊലപാതകം പിന്നീട് കൊലപാതകങ്ങൾ ആകുമ്പോഴും അവസാനം അർഹിക്കുന്ന എല്ലാവർക്കും കൃത്യമായ ശിക്ഷ നൽകി സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതും അടക്കം മഹതി മനസ്സിൽ നിൽക്കും. അവതരിപ്പിച്ച അമൃത ശ്രീനിവാസൻ എന്ന കലാകാരിയുടെ ഫാൻ ആകും.

അവനാ നീ? എന്ന് പരിഹാസരൂപേണയാണ് LGBT കമ്യൂണിറ്റിയെ തമിഴ് ദൃശ്യമാധ്യമങ്ങൾ കാണിച്ചിരുന്നത്. തിരുനംഗൈകൾക്ക് കിട്ടുന്ന പരിഗണന ഒരിക്കലും ഗേകൾക്ക് ലഭിച്ചില്ല എന്നിടത് ഈ സീരീസ് വ്യത്യസ്തമാണ്. ഗേ കപ്പിൾസിനെ ഇത്ര മനോഹരമായി കാണിച്ച സൃഷ്ടികൾ ചുരുക്കം ആണ്.

തന്റെ അമ്മയെപ്പോലെ ഒരു വേശ്യാപട്ടം ലഭിക്കാതെ ജീവിക്കണം എന്ന കൺസെപ്റ്റിൽ ഇന്ദ്രജിത്, അവന്റെ ഐഡിയോളോജി ഇവയൊക്കെ കഥയിൽ കൃത്യമായി പ്ലേസ് ചെയ്തു ആ കഥാപാത്രത്തിന് വ്യക്തിത്വം നൽകിയിട്ടുണ്ട്.

പാരന്റ്സിനെ ഗ്രേ ഷേഡിൽ ആണ് കാണിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ ജന്മങ്ങൾ ആയി മക്കളുടെ ജീവിതം നശിപ്പിക്കുന്ന ആളുകളായി കാണിച്ചിരിക്കുന്നു. സമൂഹത്തിൽ ഇത്തരത്തിലും ആളുകൾ ഉണ്ടെന്നത് സത്യവുമാണ്. അവരുടെ കഥാപാത്ര രൂപീകരണം കിടു ആയിരുന്നു. കഥയ്ക്ക് നൽകിയ മൈലേജ് ചില്ലറയല്ല.

മൊത്തത്തിൽ അവിഹിതബന്ധം,LGBT, കൊലപാതകം,തെളിവുകൾ നശിപ്പിക്കൽ, മൈൻഡ് ഗെയിം, Female Sexuality, അബോർഷൻ എന്നിവയൊക്കെ വിഷയമാകുന്ന ഒരു ബോൾഡ് ആയ ത്രില്ലർ ആണ് കള്ളച്ചിരിപ്പ്. ട്വിസ്റ്റുകളുടെ സമ്മേളനം കൂടി നടക്കുമ്പോൾ ഒന്നൊന്നര അനുഭവം ആകും എന്നുറപ്പ്.

For Telegram – Join @sidyzworld