റുഡ്യാർഡ് കിപ്ലിംഗ് ന്റെ ജംഗിൾ ബുക്ക്‌ ഒരു നൊസ്റ്റാൾജിയ ആണ്. ദൂരദർശൻ ഉണ്ടായിരുന്ന സമയത്ത് വൈകുന്നേരം കളിച്ചു ക്ഷീണിച്ചു ടിവിയുടെ മുന്നിൽ ഇരിക്കുമ്പോൾ ചെന്നായ മമ്മി,അങ്കിൾ ബഗീര തേടുന്നു നിന്നെ എന്നുള്ള പാട്ടിൽ തുടങ്ങിയ കാടിന്റെ കഥകൾ തന്നിരുന്ന ഓർമകൾക്ക് കണക്കില്ല. കൂട്ടുകാരുമായി പങ്കു വെച്ച മൗഗ്ലിയുടെ കഥകളും നമ്മുടെ ഭാവനയിൽ ഉണർന്ന മൗഗ്ലിയുടെ ഇല്ലാക്കഥകൾ കൂട്ടുകാരുമായി പങ്കു വെച്ചതും, അതിൽ ഷേർഖാനെ മൗഗ്ലി കൊല്ലുന്ന കാര്യം ഭാവനയിൽ പറഞ്ഞതൊക്കെ ഇന്നും ഓർമയുണ്ട്. അന്ന് അധികം വീടുകളിൽ ടീവി ഇല്ലാതിരുന്നതിനാൽ കൂട്ടുകാരോടൊത്ത് ജംഗിൾ ബുക്ക്‌ കാണുന്നത് തന്നെ ഒരു ആഘോഷം ആയിരുന്നു. കാണാൻ പറ്റാത്തവർക്കായി പിറ്റേന്ന് സ്വന്തം ഭാവന കലർന്ന കഥയും തയ്യാർ! 🙂

കിപ്ലിങ്ങിന്റെ കഥയ്ക്ക് ഒരു പ്രതികാരത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു. പക്ഷെ കുട്ടികളെ ആകർഷിക്കാൻ ഉള്ള ജംഗിൾ ബുക്കിൽ അതൊന്നും അത്രയ്ക്ക് ഡാർക് ആയി അല്ല പറഞ്ഞിരുന്നതും. ഡിസ്നിയുടെ ജംഗിൾ ബുക്ക്‌ റീക്കോർഡുകൾ തകർത്തു മുന്നേറിയത് കുട്ടികൾ കഥാപാത്രങ്ങളെ അത്രമേൽ നെഞ്ചിലേറ്റിയതു കൊണ്ടാണ്.

ഇവിടെ സെർകിസിന്റെ മൗഗ്ലി ഡാർക് ആണ്. ഇന്റൻസ് ആണ്. ജംഗിൾ ബുക്ക്‌ കണ്ടു വളർന്ന തലമുറ ഇന്നിപ്പോൾ യൗവ്വനം കൈവരിച്ചിരിക്കുന്നു. അവർക്കു പറ്റിയ അഭിരുചിയിലേക്ക് മാറിയ ഒരു മൗഗ്ലിയെ ആണ് സെർകിസ് നമുക്ക് നൽകിയിരിക്കുന്നത്. മൗഗ്ലിയെ ജയിപ്പിക്കാൻ സഹായിക്കുന്ന ഭഗീര ഇത്തവണ ഇല്ല. വിജയം എന്നത് ഭഗീരയ്ക്കും ആഗ്രഹിക്കാം. തന്നെ കടന്നു മൗഗ്ലി മുന്നേറുന്നത് തടയാൻ ഭഗീരയ്ക്ക് കഴിയും എങ്കിൽ ഭഗീര അത് ചെയ്യണം. എന്നാലേ പരാജയത്തിൽ നിന്നും ഉയരാൻ മൗഗ്ലിയ്ക്കു കഴിയൂ..

ബാലു ഒരു കോമഡി പീസ് അല്ല എന്നത് മൗഗ്ലിയിലൂടെ നമുക്ക് കാണാം. അതേ ഒരു വ്യക്തിത്വമുള്ള ബാലുവിനെ എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. സെർകിസിനു നന്ദി. കാ പലപ്പോഴും ഒരു കോംപ്ലെക്സ് ക്യാരക്ടർ ആയിരുന്നു. അതിനെ അതിന്റെ പൂർണ്ണതയിൽ കാണിച്ചത് ഈ സിനിമയാണ്. മനുഷ്യരുടെ ഇടയിൽ കഴിയാൻ തീരുമാനിക്കുന്ന മൗഗ്ലി എന്ത് കൊണ്ട് മനസ്സ് മാരി എന്നത് മനുഷ്യരുടെ ഇടയിലെ മൃഗങ്ങളെ കാണിച്ചു തരുന്നു.

ഡാർക് ടോണിൽ കഥ പറയുമ്പോൾ ഷേർഖാൻ അത്രത്തോളം തന്നെ ഡാർക് ആകണം. ഷേർഖാന്റെ സാമിപ്യത്തെക്കാൾ കടുവയുടെ കാട്ടുനീതി ഭയപ്പെടുത്തുന്നുണ്ട്. ക്ലൈമാക്സിൽ ഷേർഖാനും മൗഗ്ലിയും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ എക്സൈറ്റ്മെന്റ് നൽകുന്നില്ല എന്നതും ഒരു കുറവാണ്.

പോസിറ്റീവ് ആയി ഛായാഗ്രഹണവും കളർ മിക്സിങ്ങും മൗഗ്ലിയുടെ മാനസിക സംഘർഷങ്ങളും അടക്കം ഒരുപാട് ഉണ്ട് പറയാൻ. അതിനാൽ തന്നെ കുറവുകൾ ഒന്നും തന്നെ മൈൻഡ് ചെയ്തില്ല. എന്നെ സംബന്ധിച്ച് വളരെ നല്ലൊരു സിനിമ അനുഭവം ആയിരുന്നു മൗഗ്ലി.