I saw the devil, The Unjust എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ..പിന്നീട് New World, The Tiger, V.I.P എന്നീ സിനിമകൾ എഴുതി സംവിധാനം ചെയ്ത Park Hoon Jung ന്റെ പുതിയ സിനിമ The Witch Part 1 – Subversion ഒരു നല്ല എൻഗേജിങ് ആയുള്ള സിനിമാ അനുഭവം ആണ് സമ്മാനിച്ചത്. മാസിനു മാസും ക്ലാസ്സിനു ക്ലാസും എന്നൊക്കെ പറയും പോലെ തീരെ ബോറടിയില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

അജ്ഞാതമായ ഒരു സങ്കേതത്തിൽ നിന്നും രക്ഷപ്പെട്ടു ഓടുന്ന 8 വയസ്സുകാരിയായ Ja Yoon ലൂടെയാണ് സിനിമ നമ്മെ വരവേൽക്കുന്നത്. അവളെ പിടികൂടാനുള്ള ചിലരുടെ ശ്രമം പാഴാകുന്നതും ഓർമ നഷ്ടപ്പെട്ട അവളെ ഒരു വൃദ്ധദമ്പതികൾ ദത്തെടുക്കുന്നതും നമുക്ക് കാണാം. പിന്നീട് 10 വർഷങ്ങൾക്കു ശേഷമുള്ള കഥയാണ് സിനിമ പറയുന്നത്.

ഒരു ടീവി റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിനെ സഹായിക്കാനുള്ള Ja Yoon ന്റെ ശ്രമം അവളെ എത്തിക്കുന്നത് അവളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അജ്ഞാതരായ ആളുകളിലേക്കാണ്. തന്റെ യാത്രയിൽ അവൾ കാണുന്ന നോബിൾമാൻ എന്ന യുവാവും അവളുടെ കഴിഞ്ഞ ജീവിതത്തിലെ ഒരു ഭാഗമാണ് എന്നുള്ള തോന്നൽ അവളിൽ ഉണ്ടാക്കുന്നു. കഴിഞ്ഞ കാല ഓർമകൾ അവളിലേക്ക് എത്താത്തിടത്തോളം വ്യക്തമായ ഒരു രൂപം നമുക്കും ലഭ്യമല്ല. ഒരൊറ്റ രാത്രിയിൽ എല്ലാത്തിനുമുള്ള ഉത്തരം ലഭിക്കുന്നു.

Kim Da Mi യുടെ കിടിലൻ പ്രകടനവും Choi Woo Shik ന്റെ ആർക്കും ഇഷ്ടപ്പെടുന്ന ആറ്റിട്യൂട് ഉള്ള അഭിനയവും Wow ഫാക്ടറിൽ ഉള്ള ആക്ഷൻ സീനുകളും ക്രിസ്പ് ആയ കഥ പറച്ചിലും ഒക്കെ ചേരുമ്പോൾ നല്ല കിടിലൻ ത്രില്ലർ കണ്ട ഫീലാണ് സിനിമ നൽകുന്നത്.

Marionette എന്ന ത്രില്ലറിൽ നമ്മൾ കണ്ട Kim Da Mi അഭിനയത്തിൽ ഒരു ചെറിയ കല്ല് ആണെങ്കിൽ ഇത്തവണ ഒരു പാറ പോലെയാണ് പുള്ളിക്കാരിയുടെ പ്രകടനം. സിനിമ ഒന്നാം ഭാഗം കൊണ്ട് തീരുന്നില്ല എന്നതിനാൽ ഇനിയുള്ള ഭാഗങ്ങൾ കിംമിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിത്തീരും.

മുഴുവൻ സംതൃപ്തി നൽകിയ ഒരു മിസ്റ്ററി ത്രില്ലർ ആണ് ഈ ചിത്രം. സയൻസ് ഫിക്ഷൻ ആണോ ഫാന്റസി ആണോ എന്നുറപ്പിച്ചു പറയാൻ പറ്റാത്ത ഘടകം സിനിമയിൽ ചേരുമ്പോൾ മാസ് സീനുകൾക്ക് കുറവും വരുന്നില്ല, കഥാഗതിയിൽ ട്വിസ്റ്റുകളും വന്നു ചേരുന്നു. കൊറിയൻ സിനിമ പ്രേമികൾക്ക് നല്ലൊരു അനുഭവം ആകുമെന്ന കാര്യത്തിൽ സംശയമില്ല.

@sidyzworld – Find Movie in this telrgram channel.