ഒരു സിനിമയിൽ എങ്ങനെയാണ് പ്രേക്ഷകന് പ്രതീക്ഷ ഉണ്ടാകുന്നത്? അണിയറപ്രവർത്തകരുടെ അഭിമുഖങ്ങളും ഒന്നര വർഷത്തോളമായുള്ള പ്രീ റിലീസ് ബസ്സും ഒക്കെയായി മലയാളികൾ ഏറെ നാളിനു ശേഷം കാത്തിരുന്ന ചിത്രം എന്ന ലേബൽ ഒടിയൻ കരസ്ഥമാക്കി. ശ്രീകുമാരമേനോന്റെ സിനിമയേ കുറിച്ചുള്ള പ്രസ്താവനകൾ കേൾക്കുമ്പോൾ ആർക്കായാലും ഇയാൾ എന്താണ് ഇതിൽ ചെയ്തു വെച്ചിരിക്കുന്നത് എന്നറിയാൻ ആകാംക്ഷ ഉണ്ടാകും. പ്രതീക്ഷ വരും. ആ പ്രതീക്ഷ സംരക്ഷിക്കേണ്ടത് സംവിധായകന്റെ ഉത്തരവാദിത്വമാണ്.ഇത്രയും പ്രതീക്ഷ നൽകിയിട്ടുണ്ട് സിനിമ അതിനൊത്തു ഉയർന്നില്ല എങ്കിൽ എന്ത് സംഭവിക്കുമോ, അത് തന്നെയാണ് ഒടിയൻ കണ്ടപ്പോൾ ഞാൻ നേരിട്ടതും. എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. അതിൽ തെറ്റൊന്നും ഞാൻ കാണുന്നുമില്ല. കാരണം അത്തരത്തിൽ ആണ് ഈ സിനിമയേ മേനോൻ പാക്കേജ് ചെയ്തതും.

🔥The Good – സിനിമയുടെ ഛായാഗ്രഹണം വളരെ നന്നായിരുന്നു. പല ഫ്രെയിമുകളും ഗംഭീരം എന്ന് പറയാതെ വയ്യ. ശങ്കർ മഹാദേവൻ ആലപിച്ച നെഞ്ചിലെ എന്ന ഗാനം മനോഹരം ആയിരുന്നു. അതിന്റെ ഗാനചിത്രീകരണം നന്നായി ഇഷ്ടപ്പെട്ടു. ലാൽ ആലപിച്ച ഗാനം സിനിമയുടെ അവസാനം ആണ് വരുന്നത്. നല്ല എനർജെറ്റിക് മൂഡ് ഉള്ള നല്ലൊരു പാട്ട് ആയിരുന്നു അതും.

🔥The Bad – സൂര്യ ടീവിയിൽ ഹിന്ദിയിൽ നിന്നും മറ്റോ ഡബ്ബ് ചെയ്ത ഡാർക് ഫാന്റസി കലർന്ന സീരിയൽ ഉണ്ട്. നാഗകന്യക എന്നൊക്കെ മറ്റോ ആണ് പേര്..പണ്ട് മുതലേ ഹിന്ദിയിൽ ഇത്തരം സീരിയലുകൾ ഉണ്ടാകാറുണ്ട്. മേനോൻ ഈ സീരിയലുകൾ കണ്ടിരിക്കണം. ഒടിവിദ്യ എന്ന ഫാന്റസി കയ്യിലെടുത്ത് ഒരു സീരിയൽ നിർമിക്കുക ആയിരുന്നു അദ്ദേഹം. ഒരു സീരിയലിന്റെ പ്രധാന USP ആയ മെലോഡ്രാമ നന്നായി കുത്തിത്തിരുകിയ ഒരു തിരക്കഥ കയ്യിൽ കിട്ടിയപ്പോൾ മേനോൻ അതങ്ങു ഉറപ്പിച്ചു.

സീരിയൽ കാണാത്ത ലാൽ ഈ കഥ കേട്ടപാടെ രോമം ഒക്കെ എഴുന്നേറ്റതോടെ ശ്രീകുമാരിലെ സംവിധായകൻ ഉണർന്നു. പഴയ സിനിമകളിൽ നാം ധാരാളം കണ്ടിരിക്കുന്ന ചെയ്യാത്ത തെറ്റിനു നാട്ടുകാരാൽ ക്രൂശിക്കപ്പെടുന്ന, നാട് വിട്ടു പോകുന്ന നായകന്റെ തിരിച്ചുവരവും അയാളുടെ പ്രതികാരവും ഏകദേശം രണ്ടേമുക്കാൽ മണിക്കൂറിൽ ബോറൻ സീനുകളാൽ മനം മടുപ്പിച്ചു പറഞ്ഞിരിക്കുകയാണ് ശ്രീകുമാർ.

🔥The Ugly – ആനയെ കാണാൻ പോകുമ്പോൾ ആനപ്പിണ്ടം ഉണ്ടാകും എന്നത് തീർച്ചയാണല്ലോ..ആന്റണിയുടെ സീനും അയാൾക്ക്‌ നൽകിയ ഡയലോഗും കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ പറ്റുമോ? പദ്മശ്രീ സരോജ് കുമാറിൽ പറയും പോലെ സരോജ് സാർ പറഞ്ഞാൽ ഞാൻ ചത്തുകളയും, സാർ പറയാത്തത് കൊണ്ടാണ് ഞാൻ ജീവിക്കുന്നത് എന്നത് പോലെയാണ് ചിലരുടെ അവസ്ഥ.

ഒരു സിനിമയിൽ നായകൻ ശക്തൻ ആകുന്നതു അവനു തുല്യനായ എതിരാളി ഉണ്ടാകുമ്പോൾ ആണ്. ഇവിടെ മാണിക്യന് മുന്നിൽ എത്തുന്നതോ, ഏവരും ധൈര്യം ഇല്ല എന്ന് പറയുന്ന രാവുണ്ണിയും.. ഇരുട്ടിന്റെ നിറമുള്ളവൻ എന്നൊക്കെ അയാളെ അഭിസംബോധന ചെയ്യുന്നത് മോശമല്ലേ മേനോനെ… അത് പോട്ടെ..അമ്മായിയമ്മ നാത്തൂൻ പോര് പോലെയുള്ള സംഭാഷണങ്ങൾ അയാൾക്ക്‌ നൽകിയ തിരക്കഥാകൃത്തിനെ വെച്ചു നോക്കിയാൽ നിങ്ങൾ എത്രയോ ഭേദം..

മാണിക്യനും പ്രഭയും തമ്മിലുള്ള അടുപ്പം എന്ത് പേരിൽ വിളിക്കണം എന്ന് അവർക്കു തന്നെ അറിയില്ല.. പക്ഷെ രണ്ടാം പകുതിയിൽ അവർ തമ്മിലുള്ള അടുപ്പത്തെ ചിത്രീകരിച്ച കൊണ്ടൊരം എന്ന ഗാനം നല്ല കൾട്ട് ഐറ്റം ആയിട്ടുണ്ട്. സിനിമയിൽ ഇല്ലാത്ത നർമം ഈ ഒരൊറ്റ പാട്ടുകൊണ്ട് നൽകാൻ മേനോനു കഴിഞ്ഞിട്ടുണ്ട്.

നോൺ ലീനിയർ നരേഷൻ ആണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഏതാണ്ട് കഥ എന്താണെന്ന് ആദ്യത്തെ 15 മിനുട്ടിൽ തന്നെ ഏകദേശ ധാരണ കിട്ടും. കാരണം അയാൾ എന്തുകൊണ്ട് നാടുവിട്ടു എന്നത് നാട്ടുകാർ തന്നെ പറയുന്നുണ്ട്. ആ കാര്യങ്ങൾ തന്നെ വലിച്ചു നീട്ടി കാണിചു നന്നായി ക്ഷമ പരീക്ഷിക്കുന്നുണ്ട് സംവിധായകൻ. നായകൻ ചെയ്യാത്ത കുറ്റങ്ങൾ വേറേ ആര് ചെയ്തു എന്നതൊക്കെ ഒരു സസ്പെൻസ് പോലെയാക്കി കാണിച്ചതൊക്കെ എന്തിനാണാവോ..മാണിക്യൻ ഇതറിഞ്ഞു ഞെട്ടിയത് കണ്ടപ്പോൾ എനിക്ക് സത്യായിട്ടും പാവം തോന്നി.

പ്രകടനത്തെ പറ്റി പറയുക ആണെങ്കിൽ.. മഹാനടന്റെ അഭിനയം ശരാശരിയിൽ മാത്രമാണ് ഒതുങ്ങിയത്..നെഞ്ചിലേ എന്ന ഗാനത്തിന് മുൻപ് മുത്തപ്പാ എന്ന് കരഞ്ഞു കൊണ്ടുള്ള ഒരു സീൻ കണ്ടപ്പോൾ ലാൽ എന്ന നടന് ഇതൊക്കെ ഇതിലും മികച്ചതായി ചെയ്യാനുള്ള കഴിവ് ഉണ്ടായിട്ടും ഇതൊക്കെ മതി എന്ന് കരുതി തട്ടിക്കൂട്ടിയ പോലെ തോന്നി. ഈ വർഷത്തെ നാഷണൽ അവാർഡ് കിട്ടാനുള്ള അഭിനയം എന്ന് മേനോൻ പറഞ്ഞു എങ്കിൽ….ഇനി കിട്ടിയാൽ… അത് അർഹതയ്ക്കുള്ള അവാർഡല്ല എന്ന് ഉറപ്പിച്ചു പറയുന്നു..

പീറ്റർ ഹെയ്ൻ ചെയ്ത ആക്ഷൻ സീനുകൾ ആകർഷണീയം ആയി തോന്നിയില്ല. ഈ സിനിമയിൽ അയാളുടെ സ്ഥിരം പറന്നു ഇടിക്കുന്ന ആക്ഷന്റെ ആവശ്യമില്ല. തമിഴ്‌നാട്ടിൽ വെച്ചുള്ള ആദ്യത്തെ ഫൈറ്റ് അനാവശ്യമായി തോന്നി. ക്ലൈമാക്സ് കണ്ടപ്പോൾ വിക്രമിന്റെ കൾട്ട് ആയ കന്തസാമി ഓർമ വന്നു. ക്ലൈമാക്സ് കണ്ടപ്പോൾ മേനോൻ ഇനിയൊരു സിനിമ ഇറക്കിയാൽ അത് ഫ്രീയായി ടോറന്റിൽ മാത്രമേ കാണൂ എന്നുറപ്പിച്ചു. സിനിമയുടെ തുടക്കം മുതൽ ബിൽഡപ്പ് ചെയ്യുന്ന ഒന്നാണ് ക്ലൈമാക്സ്. അത് ഈ അവിഞ്ഞ ക്രിയേറ്റിവിറ്റിയിൽ ചെയ്ത ഇയാളുടെ സിനിമ ഇനി തിയേറ്ററിൽ കാണണം എങ്കിൽ സുരേന്ദ്രൻ കേരള മുഖ്യൻ ആകണം.

🔥Engaging Factor – സിനിമ തുടങ്ങി 15 മിനുട്ട് കാണുക. മാണിക്യന്റെ ബയോഗ്രഫി നമുക്ക് മനസ്സിലാകും..എന്നിട്ട് വേണേൽ അടുത്ത സ്‌ക്രീനിൽ കേറി അക്വാമാൻ കാണുക. അത് തീർന്നു ഇറങ്ങി വരുമ്പോൾ ഓടിയന്റെ കഥ ശകലം പോലും മുന്നോട്ടു നീങ്ങിയിട്ടുണ്ടാവില്ല. ചിലപ്പോൾ ടിയാൻ പ്രഭയോടൊത്ത് യുഗ്മഗാനം പാടുകയാകും. പ്രേക്ഷകർ മുഴുവൻ മൊബൈലിൽ നോക്കിയിരിക്കുകയോ, ഉറങ്ങുകയോ ആകും..

🔥Repeat Value – ആവേശം ഉണർത്തുന്ന സീനുകളോ, ഒരു മാസ് രംഗമോ… wow എന്ന് പറഞ്ഞു പോകുന്ന ആക്ഷൻ സീനോ ഇല്ലാത്ത ഒരു സിനിമ, സീരിയൽ പോലെ വിലകുറഞ്ഞ മെലോഡ്രാമയിലൂടെ പോകുമ്പോൾ.. അത് ക്ഷമയോടെ ഒരു കണക്കിന് കണ്ടുതീർത്ത നിങ്ങൾ ആ സിനിമ വീണ്ടും കണ്ടാൽ… നിങ്ങൾക്ക് മേനോന്റെ അസിസ്റ്റന്റ് ആകാനുള്ള യോഗ്യത കൈവന്നിരിക്കുന്നു.

🔥Last Word – ഒടിയൻ ഒടി വെച്ചത് പ്രേക്ഷകർകിട്ടാണ്. മാണിക്യ.. ഇത്തിരി കഞ്ഞി എടുക്കട്ടെ എന്ന സീൻ വരും കാല മഹാ കൾട്ട് ആണ്. ട്രോളുകളിൽ നിറയാൻ പോകുന്ന ആ സീനിന്റെ സംവിധായകൻ എന്ന നിലയിൽ മേനോൻ സാർ പ്രശസ്തൻ ആകും. ഇനി ഞാനൊരു കോമഡി പറയട്ടെ…”രണ്ടാമൂഴം”

🔥Verdict – Below Average