സീതക്കാതി വിജയ് സേതുപതിയുടെ 25 ആമത്തെ സിനിമയാണ്. ആദ്യത്തെ അര മണിക്കൂറിൽ മാത്രമേ വിജയ് സേതുപതി അഭിനയിക്കുന്നുള്ളൂ..സിനിമയുടെ മൊത്തം നീളം മൂന്ന് മണിക്കൂറിനു അടുത്തുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ വിജയ് സേതുപതിയോടുള്ള ബഹുമാനം വളരെയധികം വർദ്ധിക്കും. കാരണം ഇതുപോലുള്ള ഒരു സിനിമ പ്രേക്ഷകർക്ക് ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ സാമിപ്യം ഉള്ളതിനാൽ ആണ്. ശ്രദ്ധേയനായ ഒരു നടന്റെ 25th പടം എന്ന ലേബലിൽ അല്ലായിരുന്നു ഈ സിനിമ ഇറങ്ങിയത് എങ്കിൽ ഒരുപക്ഷെ ഇത്രയധികം ശ്രദ്ധ ആകര്ഷിക്കുമായിരുന്നില്ല.

🔥The Good – ഒരു ഫാന്റസി സബ്ജക്റ്റ് ആണ് സിനിമ പറയുന്നത്. വളരെ സാവധാനത്തിൽ, സമയമെടുത്ത് ആണ് കഥ പറയുന്നതും. നാടകമേ ജീവിതം എന്ന നിലയിൽ ജീവിച്ച അയ്യാ ആദിമൂലം എന്നയാളുടെ ജീവിതമാണ് നാം ആദ്യം കാണുന്നത്. നാടകത്തട്ടിൽ 50 വർഷങ്ങളിൽ കൂടുതൽ ജീവിച്ച, തന്റെ ജീവിതം അതിനായി അർപ്പിച്ച ഒരുവന്റെ ജീവിതകാലഘട്ടം നാടകത്തട്ടിലൂടെയാണ് നാം കാണുന്നതും. ജീവിച്ചിരിക്കുന്നിടത്തോളം കാലം ജനങ്ങൾക്ക്‌ മുന്നിൽ മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ച ആൾ.. അയാളുടെ ദൃഢനിശ്ചയം എല്ലാം നമുക്ക് കാണാം. തന്റെ നാടകത്തെക്കാൾ കൂടുതൽ തിരക്ക് ടാസ്മാക്കിലും സിനിമാ തിയേറ്ററിലെ കാണുന്ന അയ്യായുടെ മന്ദഹാസവും മറ്റും മനസ്സിൽ ആഴത്തിൽ പതിക്കുകയാണ്.

അയ്യായുടെ ജീവിതം പകർത്തിയ ഛായാഗ്രഹണം, ഗോവിന്ദ് വസന്ത നൽകിയ ഈണം, പാട്ടിലെ വരികൾ എന്നിവയൊക്കെ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമയുടെ മൂഡിലേക്ക് നമ്മെ എത്തിക്കാൻ ഇവ സഹായിക്കുന്നുണ്ട്. സിനിമ ഒരു ഫാന്റസി ലോകത്തേക്ക് എത്തുമ്പോൾ സിനിമ ഷൂട്ടിങ് സ്ഥലങ്ങളിൽ നടക്കുന്ന കോമഡി സീനുകളിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുന്നു.

രാജ്‌കുമാർ എന്ന നടന്റെ ഗംഭീരപ്രകടനമാണ് പിന്നീട് നമ്മൾ കാണുന്നത്. മനഃപൂർവം മോശമായി അഭിനയിക്കുന്നതു കാണിച്ചു നമ്മെ ചിരിപ്പിക്കാനും അഭിനയം നന്നായി അറിയണമല്ലോ….രണ്ടാം പകുതിയിൽ വരുന്ന നിർമാതാവും നടനുമായും അഭിനയിച്ച വ്യക്തിയും നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

സിനിമയിൽ പ്രേത്യേകിച്ചു ഒരാളെ നായകൻ എന്നൊന്നും പറയാൻ ഇല്ല. മൗലിയുടെയും അർച്ചനയുടെയും റോൾ താരതമ്യേന വലുതായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും തുല്യമായി പ്രാധാന്യം നൽകി സിനിമ മുന്നോട്ടു പോകുന്നു. രമ്യ നമ്പീശൻ അടക്കം ചില നടിമാർ ഗസ്റ്റ് റോളിൽ വന്നു പോകുന്നുണ്ട്.

🔥The Bad – സിനിമയുടെ മൂഡിനോട് ഒത്തുപോകാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് നല്ല ബോറൻ അനുഭവം സമ്മാനിക്കും ഈ സിനിമ. കാരണം വളരെ നീളമേറിയ സീനുകൾ ഉള്ള മൂന്ന് മണിക്കൂറിനു അടുത്തു ദൈർഘ്യമുള്ള സിനിമയാണിത്. ആദ്യപകുതിയുടെ സിംഹഭാഗവും കഥ ആവശ്യപ്പെടുന്ന പേസിങ് മാത്രമേയുള്ളൂ.. കഥയിൽ ആകാംക്ഷ ഉണർത്തുന്ന രീതിയിലുള്ള ഒരു കോൺഫ്ലിക്റ്റ് ഒന്നും നടക്കുന്നില്ല. രണ്ടാം പകുതിയിൽ വരുന്ന കോർട്ട് റൂം സീനുകൾ ഒക്കെ വ്യക്തമായ ഒരു ചിത്രം നൽകാതെ കടന്നു പോകുന്നതും ഒരു കുറവായി തോന്നി.

ഷൂട്ടിങ് സമയത്തു നടക്കുന്ന കോമഡികൾ രണ്ടു തവണ ഒരുപാട് സമയം എടുത്ത് കാണിച്ചതൊക്കെ ചുരുക്കിയാൽ റൺ ടൈം കുറഞ്ഞേനേ. അന്ധവിശ്വാസത്തെ ദൈവവിശ്വാസത്തോടു ഉപമിച്ചു വ്യക്തമായി ഒരുത്തരം നൽകാതെ കല മരണത്തെ അതിജീവിക്കും എന്ന മെസ്സേജിൽ സിനിമ നിൽക്കുമ്പോൾ എവിടെയോ ഒരു പൂർണ്ണത ഇല്ലായ്മ മനസ്സിൽ വരുന്നുമുണ്ട്.

🔥Engaging Factor – ചില സിനിമകൾ ആവശ്യപ്പെടുന്ന പേസിങ്, മൂഡ് എന്നിവയിലേക്ക് പ്രേക്ഷകന് എത്താൻ ആയാൽ ബോറടി എന്നൊരു സംഭവം ഉണ്ടാകില്ലല്ലോ.. ഈ ചിത്രം അത്തരത്തിൽ ഒന്നാണ്. ആ മൂഡിലേക്ക് എത്തിയാൽ പ്രേക്ഷകനെ മുഷിപ്പിക്കാനായി യാതൊന്നും തന്നെ സിനിമയിലില്ല.

🔥Repeat Value – വളരെ രസകരമായ ഒരു കൺസെപ്റ്റ് ആണ് സിനിമയുടേത്. പക്ഷെ ഒരൊറ്റ തവണ മാത്രമേ ആസ്വദിക്കാൻ സാധിക്കുന്നുള്ളൂ..

🔥Last Word – പരീക്ഷണ ചിത്രം എന്ന സ്ഥിരം ക്ളീഷേ ഒന്നും പറയുന്നില്ല. കൺസെപ്റ്റ് വ്യത്യസ്തമാണ്. നല്ല പ്രൊഡക്ഷൻ വാല്യൂ ഉള്ള ടെക്നിക്കലി കൊള്ളാവുന്ന ഒരു സിനിമ. എല്ലാവരെയും ഒരേപോലെ ആകർഷിക്കുന്ന സിനിമയാണെന്ന് തോന്നുന്നില്ല.

🔥Verdict – Watchable