ഒരേ റൂട്ടിൽ ഓടുന്ന ബസിൽ ഇത്തവണയും കയറിയപ്പോൾ സത്യൻ സിനിമകളുടെ സ്ഥിരം ഭാവങ്ങൾ തന്നെ യാതൊരു മടുപ്പും കൂടാതെ കാണാനായി. രണ്ടേകാൽ മണിക്കൂർ ചിരിച്ചു, ടെൻഷൻ ഫ്രീയായി ഇത്തിരി ഫീൽ ഗുഡ് ആസ്വദിച്ചു തിയേറ്ററിൽ നിന്നിറങ്ങാൻ പറ്റുന്ന കഥയാണ് പ്രകാശൻ നമ്മളോട് പറയുന്നത്.

🔥The Good – ഫഹദ് ഫാസിൽ പ്രകാശൻ ആകുന്നതും P.R ആകാശ് ആകുന്നതും സിൽവർസ്റ്റർ ആകുന്നതും സിൽവിചായൻ ആകുന്നതും അവസാനം ആകാശത്തു നിന്നും ഭൂമിയിലേക്ക് എത്തി പ്രകാശൻ ആകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സത്യൻ അന്തിക്കാട് സിനിമകളിലേ ചില നായകന്മാരെ പോലെ ജീവിതത്തെ പറ്റി വ്യക്തമായ ധാരണകൾ ഇല്ലാത്ത, അല്ലറ ചില്ലറ ഉഡായിപ്പുകൾ ആയി നടക്കുന്ന, എന്നാൽ ഭാവിയിലെ നന്മ മരമായ പ്രകാശനെ ഫഹദ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീനിവാസന്റെ തിരക്കഥയിൽ വരുന്ന ആക്ഷേപഹാസ്യങ്ങൾ പതിവ് പോലെ ചിരിപ്പിക്കുന്നുണ്ട്.ലാലേട്ടൻ ഫാൻസ്‌ ഇത്തവണ കൂടി ശ്രീനിയേട്ടനോട് പൊറുക്കുക. ഫഹദ് ഫാസിലുമായുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം നന്നായിരുന്നു. ഒന്നിനു പിറകേ ഒന്നായി രസകരമായ രംഗങ്ങൾ വരുമ്പോൾ രണ്ടേകാൽ മണിക്കൂറിൽ പ്രേക്ഷകനെ ബോറടിപ്പിക്കാതെ ഇരിക്കാനുള്ള എല്ലാ ചേരുവയും ശ്രീനിവാസൻ തിരക്കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിഖില വിമൽ, അഞ്ജു കുര്യൻ എന്നീ നായികമാർ അവരുടെ വേഷം നന്നാക്കിയിട്ടുണ്ട്. ഒരു കൗമാരക്കാരി മിടുക്കിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഫഹദിന്റെ കഥാപാത്രം തന്നെയാണ് സിനിമയിൽ ഉടനീളം നമ്മെ എൻഗേജ് ആക്കുന്നത്. ഒരു ഫേക്ക് എക്സ്പ്രെഷൻ ആ കഥാപാത്രം ആവശ്യപ്പെടുന്നു എന്നത് മനസ്സിലാക്കി കഥാപാത്രമായി മാറുന്ന ഫഹദ് നല്ലൊരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചില കോമിക് കൗണ്ടറുകൾ എല്ലാം നന്നായി വർക്ക്‌ ഔട്ട് ആയിട്ടുണ്ട്. കൂടെ ശ്രീനിവാസൻ കൂടി ചേരുമ്പോൾ നല്ലൊരു കൂട്ടുകെട്ട് ആകുന്നുമുണ്ട്.

🔥The Bad – ജീവിതം എന്തിനെന്നു തിരിച്ചറിയുന്ന നായകൻ, കുടുംബം ഒറ്റയ്ക്ക് നോക്കുന്ന നായിക, നന്മ മാത്രമുള്ള കുറേ കഥാപാത്രങ്ങൾ, പ്രിയപ്പെട്ട കഥാപാത്രത്തിന്റെ മരണം, താൽക്കാലികമായി ആണെങ്കിലും വരുന്ന അനാഥൻ തുടങ്ങി ഇത്രയും കാലങ്ങളായി സത്യൻ പടങ്ങളിൽ കണ്ടതൊക്കെ തന്നെയാണ് ഇതിലും ഉള്ളത്. പാട്ടുകൾ അടക്കം ഒരേ ട്യൂൺ തോന്നിപ്പിക്കും. നായികയിലൂടെ നായകനു വരുന്ന മാറ്റവും തുടർന്നുള്ള ഊഹിക്കാവുന്ന ഫീൽ ഗുഡ് ക്ലൈമാക്‌സും തന്നെ.

മേല്പറഞ്ഞത് ഒരു കുറവായി കാണുന്ന തരത്തിൽ സിനിമ നീങ്ങുന്നില്ല. പക്ഷെ ഇത്തവണയും അതേ ഓൾഡ് ഫോർമുലയുമായി തന്നെയാണ് സത്യൻ എത്തിയത് എന്നുള്ളത് ഒരു പോരായ്മയാണ്.

🔥Engaging Factor – നേരത്തെ പറഞ്ഞത് പോലെ ഒരൊറ്റ നിമിഷം പോലും ബോറടിക്കുന്നില്ല. രണ്ടേകാൽ മണിക്കൂർ മുഴുവൻ മറ്റൊന്നും ചിന്തിക്കാതെ സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുവാൻ സാധിക്കും.

🔥Repeat Value – ഇതുപോലുള്ള സിനിമകൾ ഒന്നിൽ കൂടുതൽ തവണയൊക്കെ കണ്ടിരിക്കാം. തിയേറ്ററിൽ ഫാമിലിയുടെ കൂടെ കാണാനും, ഡിജിറ്റൽ റിലീസിന് ശേഷം ഞായറാഴ്ചകളിൽ സമയം പോക്കിനും ഭക്ഷണം കഴിക്കുന്ന സമയത്തൊക്കെ കണ്ടിരിക്കാൻ പറ്റുന്ന രസക്കൂട്ടു ആണ് സിനിമയുടേത്.

🔥Last Word – ഒരേ റൂട്ടിൽ ഓടുന്ന രസകരമായ മറ്റൊരു ബസ്. സത്യൻ സിനിമകളിൽ നിന്നും വ്യത്യസ്ത ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ..അതിനാൽ തന്നെ ഒരു എന്റർടൈൻമെന്റ് എന്ന നിലയിൽ സിനിമ വിജയവുമാണ്. ഒരു നല്ല വെക്കേഷൻ മൂവി.

🔥Verdict – Good