തന്റെ ആദ്യചിത്രത്തിൽ തന്നെ കോളാർ ഗോൾഡ് ഫീൽഡിനെ പറ്റിയും അവിടുത്തെ ജനതയുടെ അതിജീവനത്തെ പറ്റിയും ചെറുതായി സൂചിപ്പിച്ച പ്രശാന്ത് നീൽ ഇത്തവണ തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ എടുക്കുമ്പോൾ തിരഞ്ഞെടുത്തതും KGF ആണ്. ഉഗ്രം പോലെ തന്നെ ഒരു മാസ് ഓവർലോഡഡ് സിനിമയാണ് KGF. 2018 ൽ വലിയ ഹൈപ്പിൽ വന്നിട്ട് അത് പൂർത്തീകരിച്ച ഏക ബിഗ് ബജറ്റ് സിനിമയും ഒരുപക്ഷെ KGF ആയിരിക്കണം.

🔥The Good – സിനിമയുടെ ടെക്ക്നിക്കൽ ആസ്പെക്ട്സ് എടുത്തു പറയേണ്ടതാണ്. ഒരു ഗ്രാഫിക് നോവൽ വായിക്കുന്ന ഫീൽ ആണ് സിനിമ നൽകുന്നത്. സിനിമയുടെ ഇരുണ്ട പശ്ചാത്തലങ്ങൾ, ഡാർക് ആയ ഫ്രെയിംസ്, കളറിംഗ്, നോൺ ലീനിയർ ആയ കഥ പറച്ചിൽ തുടങ്ങി സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതവും നല്ലൊരു അനുഭവം ആയിരുന്നു.

യാഷ് തന്റെ കരിയറിൽ ചെയ്ത ഏറ്റവും വലിയ സിനിമ ആകുമ്പോൾ അതിനായി എടുത്ത പ്രയത്നങ്ങളും എടുത്തു പറയണം. ആക്ഷൻ രംഗങ്ങളിലെ പ്രകടനം മികച്ചു നിന്നു. വയലൻസ് കലർന്ന ആക്ഷൻ സീനുകൾ സിനിമകയിൽ അനാവശ്യമായി ഉപയോഗിക്കാതെ ആവശ്യത്തിന് മാത്രമാണ് നൽകിയത് എന്ന് പറയാനാകില്ല. ചിലയിടങ്ങളിൽ നായകന്റെ ഓവർ ബിൽഡപ്പിനായി ആക്ഷൻ സീനുകൾ എത്തുന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ എന്ന് പ്രധാനമന്ത്രി അടക്കം പറയുന്ന ഒരാളിന്റെ കഥ ആകുമ്പോൾ അതൊക്കെ ആ ഫ്ലോയിൽ അങ്ങ് പോകുന്നു.

സിനിമയുടെ പേസിങ് നന്നായിരുന്നു. ഒരൊറ്റ സെക്കൻഡ് പോലും ബോറടിക്കുന്നില്ല. സിനിമ തുടങ്ങി സ്വർണ്ണഖനിയുടെ ചാരിത്രം പറയുന്നത് മുതൽ നായകനൊത്ത എതിരാളിയെ കാണിക്കുന്ന ഇന്റർവെൽ വരെ ഒറ്റ സ്ട്രെച്ചിൽ പടം കാണാം. പിന്നീട് രണ്ടാം പകുതിയിൽ ഗോൾഡ് ഫീൽഡിൽ അടിമകളെ പോലെ പണിയെടുക്കുന്ന ജനതയുടെ രക്ഷകനായി എത്തുന്ന നായകന്റെ വീര ചരിതവും നമ്മെ മുഷിപ്പിക്കുന്നില്ല.

🔥The Bad – സിനിമയിൽ ഒരു നായികയുടെ ആവശ്യമില്ല. അതിനാൽ തന്നെ നായികയുടെ ട്രാക്ക് അനാവശ്യം ആയിരുന്നു. കൂടാതെ സിനിമയിൽ അഭിനയിച്ച ചെറിയ കഥാപാത്രം മുതൽ ലൈറ്റ് ബോയ്സ് വരെ നായകനെ പുകഴ്ത്തി പറയുന്ന സീനുകളാണ് മുക്കാൽ ഭാഗവും. ചുരുക്കി പറഞ്ഞാൽ ഈ സിനിമയിൽ നായകൻ അടക്കം എല്ലാവരും അയാളെ പുകഴ്ത്തി പറയുന്നുണ്ട്. ഓരോ പത്തു മിനുട്ട് കൂടുമ്പോഴും ഇമ്മാതിരി ഡയലോഗുകൾ വരുന്നത് സത്യത്തിൽ അസഹനീയം ആയിരുന്നു.

പ്രശാന്ത് നീൽ ഡാർക് മൂവികളുടെ ഫാൻ ആയിരിക്കണം. സിനിമയുടെ കളർ ടോൺ തന്നെ ഡാർക് ആണ്. അഭിനേതാക്കൾ ഇരുണ്ട വസ്ത്രങ്ങൾ അണിഞ്ഞു നീണ്ട മുടിയും താടിയും ഒക്കെയായി സ്‌ക്രീനിൽ വരുമ്പോൾ നായകൻ ഏതാ, വില്ലൻ ഏതാ..വില്ലന്റെ കൂട്ടാളി ഏതാ, നായകന്റെ സഹായി ഏതാ എന്നൊക്കെ കൺഫ്യൂഷൻ ഉണ്ടായാൽ തെറ്റു പറയാൻ ഒക്കില്ല.

🔥The Ugly – ഓവറായി മാസ് സീനുകൾ ഉണ്ടാകും എന്ന് അറിയാം. പക്ഷെ അവന്റെ കണ്ണു തുറന്ന ശക്തിയിൽ കെട്ടിടം ഇളകി എന്നൊക്കെ തരത്തിലുള്ള ബാലയ്യയുടെ അപ്പൻ ആകാൻ നോക്കുന്ന തരത്തിലുള്ള ചില ഡയലോഗുകൾ ഒക്കെ ഓവറായിരുന്നു എന്ന് മാത്രമല്ല ബോറായി തോന്നി.

🔥Engaging Factor – രണ്ടര മണിക്കൂർ ആക്ഷൻ മൂഡിൽ നീങ്ങുന്ന, ഇടയ്ക്കിടെ അനാവശ്യ പൊക്കിപറച്ചിലുകൾ ഉള്ള, നല്ല ആക്ഷൻ രംഗങ്ങളുള്ള ഒരു മാസ് ഫിലിം എന്ന നിലയിൽ ബോറടിക്കില്ല എന്ന് മാത്രമല്ല, നന്നായി ത്രില്ലടിച്ചു ആദ്യാവസാനം വരെ കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണിത്.

🔥Repeat Value – Neo Noir സ്റ്റൈലിൽ നടത്തിയ എഡിറ്റിംഗ് സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്. സംവിധായകന്റെ ചില ബ്രില്ലിയൻസുകൾ രണ്ടാമത്തെ തവണ കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കും.

🔥Last Word – ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇറങ്ങിയ കന്നഡയുടെ ഈ മാഗ്നം ഓപ്പസ് ഹൈപ്പിനു നീതി പുലർത്തിയ ഒരു സിനിമയാണ്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

🔥Verdict – Good