സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള തീം പ്രതികാരം ആയിരിക്കണം. പഴയ ക്ലാസ്സിക്കുകൾ മുതൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. പ്രതികാരം എങ്ങനെ ചെയ്യുന്നു എന്നത് പ്രേക്ഷകന് ത്രില്ലിംഗ് ആയി പറഞ്ഞു കൊടുക്കുവാൻ കഴിഞ്ഞാൽ ഈ സിനിമയുടെ വിജയം ആയി. കഥാപരമായി ഇത്തരം സിനിമകൾക്ക് പുതുമയൊന്നും നൽകാൻ ആകില്ല എന്ന് നമുക്കറിയാമല്ലോ. അടങ്ക മറു അതുപോലുള്ള ഒരു സിനിമയാണ്. സിനിമയുടെ ആദ്യാവസാനം വരെ പ്രേക്ഷകനെ മുഷിപ്പിക്കാതെ ത്രില്ലിംഗ് ആയി കഥ പറഞ്ഞു എൻഗേജ് ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

🔥The Good – ആഖ്യാനം. നായകന്റെ ജീവിതം, പോലീസ് ജോലിയോടുള്ള ആത്മാർത്ഥത, കുടുംബാംഗങ്ങൾ, കാമുകി എന്നിങ്ങനെ നായകന്റെ ക്യാരക്ടർ എക്‌സ്‌പോസിഷൻ കഴിഞ്ഞയുടൻ കഥയിലേക്ക് കടക്കുന്നു. ഒരു ടിപ്പിക്കൽ റിവഞ്ജ് സ്റ്റോറി പോലെ തന്നെ മുന്നോട്ടു നീങ്ങുന്നു എങ്കിലും ഓവർ ഡ്രാമാറ്റിക് സീനുകൾ അധികം ഉൾപ്പെടുത്താതെ വേഗത്തിൽ കഥ പറഞ്ഞു നീങ്ങുന്നു.

ഇടവേളയ്ക്കു മുൻപ് തന്നെ നായകന്റെ പ്രതികാരം തുടങ്ങുന്നതും, ആക്ഷൻ രംഗങ്ങളിലെ ചടുലതയും സാം CS ഒരുക്കിയ ത്രില്ലിംഗ് ആയ പശ്ചാത്തല സംഗീതവും സിനിമയേ മുന്നോട്ടു ഉയർത്തുന്നു. രണ്ടാം പകുതി കൃത്യമായ, ത്രില്ലിംഗ് ആയ പേസിങ്ങിൽ തൃപ്തികരമായ ക്ലൈമാക്സ് നൽകി അവസാനിക്കുന്നിടത്ത് തരക്കേടില്ലാത്ത ഒരു സിനിമാഅനുഭവം സമ്മാനിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

ജയം രവിയുടെയും സമ്പത്തിന്റെയും പ്രകടനം നന്നായിരുന്നു. രാശി ഖന്ന ഇത്തവണ മിതത്വമാർന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയിലെ വില്ലന്മാർ നായകന് ഒരു വെല്ലുവിളി ഉയർത്തുന്നില്ല എങ്കിലും അവരുടെ പ്രകടനം മോശമായിരുന്നില്ല.

🔥The Bad – ടെക്‌നോളജി ഉപയോഗിച്ചുള്ള നായകന്റെ പ്രതികാരരീതിയിൽ ഒരുപാട് ലോജിക്കൽ ലൂപ്‌ഹോളുകൾ ഉണ്ട്. ഐഫോൺ ഒക്കെ ഈസി ആയി ഹാക്ക് ചെയ്യുന്ന രീതിയൊക്കെ കുറച്ചൂടെ കൺവിൻസിംഗ് ആയി കാണിക്കാമായിരുന്നു എന്ന് ചിന്തിക്കുമ്പോൾ തോക്കുമായി ഇന്റർനാഷണൽ എയർപോർട്ടിൽ കയറുന്ന സീൻ വരുന്നു. 🙂

നായകന്റെ പല രീതികളും ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. ആധുനിക ടെക്നൊളജികൾ പലതും നായകൻ പഠിച്ചു എന്ന് പറയുന്നതല്ലാതെ അതൊന്നും കൃത്യമായി പ്ലേസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലോജിക്കൽ ലൂപ്‌ഹോളുകൾ മാത്രമായി തിരയാൻ നിന്നാൽ ഒരുപാട് എഴുതാനുണ്ട്. പക്ഷെ അവയൊന്നും ചിന്തിച്ചു തല പുകയാൻ നേരം നൽകാതെ സിനിമ മുന്നോട്ടു നീങ്ങുന്നുമുണ്ട്.

🔥Engaging Factor – സിനിമ തുടങ്ങും മുതൽ അവസാനം വരെ ഒറ്റയിരുപ്പിൽ എൻഗേജ് ആയി കാണാൻ സാധിക്കും. ലൂ ബ്രേക്ക്‌ ഇല്ലാതെ, അനാവശ്യ ഗാനങ്ങൾ ഇല്ലാതെ സിനിമ നന്നായി മുന്നോട്ടു പോകുന്നുണ്ട്. അതിനാൽ ബോറടിക്കുമെന്ന പേടി വേണ്ട.

🔥Last Word – മേല്പറഞ്ഞത് പോലെ, ഒരു പ്രതികാരകഥയുടെ സ്ഥിരം പാറ്റേൺ തന്നെയാണ് ഈ സിനിമയും. പക്ഷെ മുഷിപ്പിക്കാതെ കഥ പറയുന്നിടത്ത് സിനിമ വിജയിച്ചിട്ടുണ്ട്. ഊഹിക്കാവുന്ന കഥ നിങ്ങൾക്ക് ഒരു പ്രശ്നം അല്ലെങ്കിൽ ഈ സിനിമ നിങ്ങൾക്കുള്ളതാണ്. വ്യക്തിപരമായി തമിഴിലെ ക്രിസ്മസ് റിലീസുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ സിനിമയാണ്.

🔥Verdict – Good