നിരൂപകർ എത്രയൊക്കെ വിമർശിച്ചു ഒട്ടിച്ചാലും രോഹിത് ഷെട്ടി ഒരു ബ്രാൻഡ് തന്നെയാണ്. ബോക്സ് ഓഫീസിൽ വിജയം ഉറപ്പാക്കുന്ന സിനിമകൾ സൃഷ്ടിക്കുന്ന ഷെട്ടി നിർമാതാക്കൾക്ക് പൊന്മുട്ടയിടുന്ന താറാവും. ധർമ പ്രൊഡക്ഷൻസിന്റെ ഒരു സിനിമ ഷെട്ടി സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ അതിഗംഭീര മാർക്കറ്റിംഗ് സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പ്രെസ്സ് പ്രീമിയർ ഷോയ്ക്കു ശേഷം വന്ന നിരൂപണങ്ങൾ അപ്രകാരം ആയിരുന്നു. ഒന്നര സ്റ്റാർ സംവിധായകൻ എന്ന് സ്വയം പറയുന്ന ഷെട്ടിയുടെ പുതിയ സിനിമയ്ക്ക് പല പ്രമുഖരും നാല് സ്റ്റാർ വരെ കൊടുത്തപ്പോൾ അത്ഭുതപ്പെട്ടു. പ്രേക്ഷകന് സ്വന്തം കണ്ണുകളും ആസ്വാദനവും ആണല്ലോ ഏറ്റവും വലിയ നിരൂപണം. എന്റെ കാര്യത്തിൽ ഷെട്ടി പറയും പോലെ സിംബ ഒന്നര സ്റ്റാറിൽ ഒതുങ്ങുന്നു.

🔥The Good – രൺവീർ സിംഗിന്റെ എനർജി ലെവൽ. ഒരു മസാല സിനിമയിൽ എന്ത് വേണമോ, അത് കൃത്യമായി അറിഞ്ഞു നൽകിയിട്ടുണ്ട് സിംഗ്. ഇതൊരു റീമേയ്ക്ക് ആണെന്ന് പറയാൻ പറ്റില്ല. Temper സിനിമയിലെ ചില സന്ദർഭങ്ങൾ ഇതിലും കാണാം. തരകിന്റെ പ്രകടനവുമായി താരതമ്യം അർഹിക്കുന്നുമില്ല. രണ്ടു കഥാപാത്രങ്ങളും വ്യത്യസ്‍തമാണ്. രൺവീർ തനിക്കു കിട്ടിയ വേഷം തന്നാൽ കഴിയും പോലെ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് സ്ഥിരം ഷെട്ടി സിനിമകൾ പോലെ വ്യക്തിത്വം ഇല്ലായ്മ കൂടുതലായി ഉണ്ടെങ്കിലും കാര്യമായി പറയാൻ ഒന്നുമില്ല. നായികയെ ഇടക്ക് എവിടെയോ വെച്ചൊക്കെ കണ്ടിരുന്നു. നല്ല സ്ക്രീൻ പ്രസൻസ് ആയിരുന്നു നവാബ് കി ബേട്ടി.

അജയ് ദേവ്ഗൺ വന്ന സീനിൽ ഉണ്ടായ മാസ് ഇമ്പാക്റ്റ് കിടു ആയിരുന്നു. ആ സിനിമ അത്രയും നേരം ഉണ്ടാക്കിയ മൊമന്റത്തേക്കാൾ വലുതായിരുന്നു അത്. അക്ഷയ് കുമാറിന്റെ സൂര്യവംശി എന്ന കഥാപാത്രം വരുന്നതും നന്നായിരുന്നു.

🔥The Bad – ഒരു ഫ്രെയിമിൽ മിനിമം രണ്ടു ലൈറ്റ് എങ്കിലും കാണാം. അടുത്തുള്ളവർ മൊബൈൽ എടുക്കുമ്പോൾ മുഖത്തേക്ക് വെളിച്ചം അടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഈ സിനിമ കാണുമ്പോൾ ഉണ്ടാകില്ല. കാരണം അഭിനേതാക്കൾ നമ്മുടെ മുഖത്തേക്ക് ടോർച് അടിക്കും പോലെ തോന്നും.

Temper ഒരു ഓറഞ്ച് ആണെന്ന് കരുതുക. ഷെട്ടി നമുക്ക് ഈ സിനിമയിലൂടെ തൊലി മാത്രമാണ് നൽകിയത്. ആ സിനിമയിൽ ഉണ്ടായ ചില നല്ല സീനുകൾ, പ്രേത്യേകിച്ചു കോർട്ട് സീൻ ഒന്നും ഇതിലില്ല. പകരം സാധാരണ രീതിയിലാണ് പടം അവസാനിക്കുന്നത്. ഓവർ ദി ടോപ് ആക്ഷൻ സീനുകൾ ഒന്നും ഇല്ല എങ്കിലും സിനിമയുടെ നീളം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

സാധാരണ ക്ലൈമാക്സിൽ ഊള ആകാൻ ആണെങ്കിലും നല്ലൊരു വില്ലൻ ഉണ്ടാകാറുണ്ട്. ഇത്തവണ വില്ലൻ ആണോ കൊമേഡിയൻ ആണോ എന്നൊരു സംശയം ഉള്ളത് പോലെ. ഇതിനൊരു രണ്ടാം ഭാഗം വരുന്നുണ്ട്. അതിലേക്കായി സോനു സൂദ് ഒരുങ്ങുകയാവും. ഷെട്ടി ഒരിക്കലും ഒരു സിനിമയ്ക്കായി മാത്രം കരാർ ഒപ്പിടീക്കില്ലല്ലോ.

🔥The Ugly – Shettyverse ലെ പോലീസ് കഥാപാത്രങ്ങൾ ഇനിയും വരും. അതുവരെ നായകൻ ആയ ഒരാളെ ബാജിറാവ് സിംഗം വരുന്നതിനു വേണ്ടി ഊളയാക്കുന്ന പരിപാടി ഇനിയും തുടരും. എന്തായാലും സ്ക്രീൻ പ്രെസൻസിലും മാസ് സ്‌ക്രീനിൽ കാണിക്കുന്നതിലും അജയ് ദേവ്ഗൺ ഒരു സിംഗം തന്നെ ആണെന്ന് ആ സീൻ മനസ്സിലാക്കി തന്നു.

റേപ്പ് ചെയ്യുന്നവരെ വിചാരണ പോലും കൂടാതെ കൊല്ലണം എന്നതാണ് സിനിമ പറയുന്നത്. അതിനായി ഒരുക്കിയ ഇമോഷണൽ സീനുകൾ ഒന്നും കൃത്യമായി വർക്ക്‌ ഔട്ട് ആയിട്ടില്ല. പാട്ടും ഡാൻസും കളറും ഒക്കെ വിജ്രംഭിച്ചു കിടക്കുന്ന കഥയിൽ പെട്ടെന്ന് ഇമോഷൻ വന്നപ്പോൾ ഗോൽമാലിലെ തുഷാർ കപൂറിനെ പോലെ ആയിപോയി.

🔥Engaging Factor – രണ്ടേമുക്കാൽ മണിക്കൂർ വരുന്ന സിനിമ ഇടയ്ക്കിടെ പേസിങ് നഷ്ടമായി ബോറടിപ്പിക്കുന്നുണ്ട്. രണ്ടാം പകുതി ഫ്‌ളാറ്റ് ആയി ബോറായി വരുമ്പോൾ സിംഗം വന്നു രക്ഷിക്കുന്നുണ്ട്. ഇത്തിരി ട്രിം ചെയ്തെങ്കിൽ നന്നായേനെ.

🔥Last Word – കരൺ ജോഹറിന്റെ റൊമാന്റിക് സിനിമകൾ കണ്ടു കിളിപോയ ക്രിട്ടിക്‌സുകളോട് ടിയാൻ ഇനിമേൽ പടം എടുക്കുന്നില്ല എന്ന് പറഞ്ഞിരിക്കണം. അപ്പർ ക്ലാസിന്റെ കദന കഥയും സങ്കടങ്ങളും ഇനി കാണേണ്ടി വരില്ലല്ലോ എന്ന സന്തോഷത്തിൽ അവർ സിംബയെ ഒന്ന് പൊക്കിയതാകാം. കരൺ നൽകുന്ന ഹാമ്പർ ആഗ്രഹിക്കാത്ത ആരേലും ഉണ്ടോ? എന്തായാലും പടത്തിന്റെ ബജറ്റിനേക്കാൾ ക്രിട്ടിക്‌സിനു നൽകിയ പണത്തിന്റെ തട്ട് താഴ്ന്നിരിക്കും.

🔥Verdict – Below Average