തമിഴിൽ നല്ല ഡാർക് മൂഡിലുള്ള ത്രില്ലറുകൾ ഇറങ്ങാറുണ്ട്. അത്തരത്തിൽ ഇറങ്ങിയ നല്ലൊരു ത്രില്ലർ അനുഭവമാണ് വിടിയും മുൻ. ബ്രിട്ടീഷ് ചിത്രമായ London To Brighton ന്റെ കോപ്പി എന്ന് വേണേൽ പറയാം. കാരണം ഇതൊരു റീമേയ്ക്ക് ആണെന്ന് സംവിധായകൻ എവിടെയും പറഞ്ഞു കണ്ടില്ല. പക്ഷെ മേല്പറഞ്ഞ സിനിമ കണ്ടവർക്ക് ആദ്യത്തെ പത്തു മിനുട്ടിനുള്ളിൽ കാര്യം മനസ്സിലാകും. എന്തൊക്കെ ആണെങ്കിലും നല്ലൊരു എഡ്ജ് ഒഫ് സീറ്റ് മൊമെന്റ്‌സ്‌ നൽകുന്ന സിനിമയാണ് വിടിയും മുൻ.

കഥയുടെ പശ്ചാത്തലം തന്നെ വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന കേന്ദ്രകഥാപാത്രവും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളുമാണ്. ഒരു പ്രമുഖൻ പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ ആവശ്യപ്പെടുന്നതും അതിനിടെ നടക്കുന്ന സംഭവങ്ങളും അതിജീവനത്തിനായി നായികയും ആ കുട്ടിയും തമ്മിലുള്ള ഓട്ടവും അവരെ പിന്തുടരുന്ന ഗാങ്ങും ഒക്കെയായി രണ്ടു മണിക്കൂർ ത്രില്ലടിക്കാനുള്ള വകയൊക്കെ സിനിമയിലുണ്ട്.

പൂജ ഉമാശങ്കർ, മാളവിക മണിക്കുട്ടൻ എന്നീ നടിമാരുടെ ഗംഭീര പ്രകടനത്തിന്റെ കൂടെ സിംഗാരം ആയി അഭിനയിച്ച അമരേന്ദ്രന്റെ ശകുനി സ്റ്റൈലിൽ ഉള്ള കഥാപാത്രം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിനാൽ കഥ നല്ല ത്രില്ലിംഗ് ആകുന്നു. വിനോദ് കൃഷ്ണന്റെ ചിന്നയ്യയും ജോൺ വിജയ് യുടെ ലങ്കനും നല്ല കഥാപാത്രസൃഷ്ടികൾ ആയിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളുടെ കൂടെ സ്റ്റൈലിഷ് ആയ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും നല്ല പേസിൽ നീങ്ങുന്ന ആഖ്യാനവും കൂടി ആകുമ്പോൾ നല്ലൊരു ത്രില്ലർ അനുഭവം സിനിമ നൽകുന്നു.