മണിരത്നം ചിത്രമായ ആയുധ എഴുത്തിലൂടെ അഭിനയരംഗത്തേക്ക് വരേണ്ട നടൻ ആയിരുന്നു കാർത്തി. സിദ്ധാർഥ് ചെയ്ത വേഷം ആദ്യം നൽകിയത് കാർത്തിക്ക് ആണ്. ടിയാൻ ആയിരുന്നു ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ. പക്ഷെ ആ സിനിമ കാർത്തി നിഷേധിച്ചു. പകരം അമീർ സുൽത്താന്റെ പരുത്തി വീരനിലൂടെ സിനിമയിലേക്ക് വന്നു.

പരുത്തി വീരൻ അതുവരെ ഉണ്ടായിരുന്ന സിനിമ ടെംപ്ളേറ്റ് എല്ലാം മാറ്റി വിരുമാണ്ടി സ്റ്റൈലിൽ ഗ്രാമീണ പകയും പ്രതികാരവും റോ ആയി പറയുന്ന സിനിമ ആയിരുന്നു. വിരുമാണ്ടി നൽകിയ സ്വാധീനം വലുതായിരുന്നു. നാട്ടാമൈ, നട്പ്പുക്കാക, മിട്ടാമിറാസ് പോലുള്ള ഗ്രാമീണ സിനിമകളിലേ മസാല ചേരുവകൾ പരമാവധി ഒഴിവാക്കി കോമഡി ട്രാക്ക് വേണ്ടെന്നു വെച്ചു ഒരുക്കിയ സിനിമ വലിയ വിഭാഗം പ്രേക്ഷകരെ ആകർഷിച്ച ഒന്നാണ്.

വയലൻസിന്റെ അതിപ്രസരം സിനിമയിൽ വരുന്നു എങ്കിലും അതിന്റെ അളവിന് പകരമായി ശക്തമായ തിരക്കഥ അമീർ ഒരുക്കിയിരുന്നു. സിനിമയിൽ വരുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പറ്റാത്ത വിധം കഥയും രക്തവും തമ്മിൽ ചേരുന്നു.

ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും മത്സരിച്ചു അഭിനയിക്കുന്നത് കാണണം എങ്കിലും ഈ സിനിമ കാണാം. പ്രിയാമണി നേടിയ ദേശീയ അവാർഡ് അർഹിക്കുന്ന ഒന്നാണ്. കാർത്തി ആദ്യസിനിമയിലൂടെ തന്നെ മികച്ച നടനുള്ള ഫിലിം ഫെയർ നേടുന്നു. ശരവണൻ, പൊൻവണ്ണൻ, കഞ്ചാ കറുപ്പ് എന്നിവരുടെ പ്രകടനവും പ്രശംസനീയമാണ്.

ഇന്നും പരുത്തി വീരന്റെ ക്ലൈമാക്സ് വല്ലാതെ വേട്ടയാടുന്ന ഒന്നാണ്. അത് നൽകുന്ന ഞെട്ടൽ ചെറുതല്ല. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രതികാരകഥകൾ റോ ആയും റിയലിസ്റ്റിക് ആയും പറയുന്ന സിനിമകൾക്ക് വലിയൊരു മൈലേജ് ആണ് സിനിമ നൽകിയത്. പിന്നീട് ഇതേ പാറ്റേണിൽ ഒരുപാട് സിനിമകൾ വന്നു. ഇന്നും വന്നുകൊണ്ടിരിക്കുന്നു.