2018 ൽ കണ്ട സിനിമകളിൽ ഋഷി കപൂർ അഭിനയിച്ച രണ്ടു സിനിമകൾ എന്റെ ഇഷ്ടചിത്രങ്ങൾ ആണ്. രാജ്മാ ചാവൽ ഒരു തിയേറ്റർ റിലീസല്ല. Netflix വഴി നമ്മുടെ മുന്നിലേക്കെത്തിയ സിനിമയിൽ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് പറയുന്നത്.

അമ്മയുടെ മരണ ശേഷം, അമ്മയുടെ ഓർമകൾ നിലനിൽക്കുന്ന ന്യൂ ഡൽഹിയിലെ വീട്ടിൽ നിന്നും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ചാന്ദ്നി ചൗക്കിലേക്ക് പോകുന്ന നായകനെ ആദ്യത്തെ സീനിൽ തന്നെ കാണാം. തന്റെ ജീവിതത്തിൽ അച്ഛനു വലിയ പ്രാധാന്യം ഇല്ല എന്ന് നായകൻ പറയുന്നത് കേൾക്കേണ്ടി വരുന്ന അച്ഛനെയും വൈകാതെ കാണാം. നേരിൽ മനസ്സ് തുറന്നു സംസാരിക്കാത്ത മകനോട് ഇടപഴകാൻ അച്ഛൻ കണ്ടെത്തുന്ന മാർഗം രസകരമാണ്.

ഒരു പെൺകുട്ടിയുടെ ഫോട്ടോ വെച്ചുള്ള വ്യാജ ഫേസ്ബുക് ഐഡിയിലൂടെ അവർ ചാറ്റ് ചെയ്യുന്നു. പക്ഷെ മകന്റെ ജീവിതത്തിലേക്ക് ആ ഫോട്ടോയിലുള്ള പെൺകുട്ടി യഥാർത്ഥത്തിൽ കടന്നു വരുന്നു. അവൾക്കു പണം നൽകി മകനോടൊത്ത് ഇടപഴകാൻ അച്ഛൻ നിർബന്ധിക്കുന്നു. ഇവർ മൂവരും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണ് സിനിമയുടെ കഥ.

അമൈറ ദസ്തർ ഇത്തവണ വ്യത്യസ്ത ഗെറ്റപ്പിൽ വന്നാലും അഭിനയത്തിൽ നാടകീയത മുഴച്ചു നിന്നു. മകന്റെ റോൾ അഭിനയിച്ച അനിരുദ്ധ് തരക്കേടില്ലാതെ പ്രകടനം നടത്തി എന്ന് പറയാം. ഋഷി കപൂറിന് വെല്ലുവിളി ഉയർത്തുന്ന ഒരു റോൾ ഒന്നും ആയിരുന്നില്ല. കഴിഞ്ഞ രണ്ടു സിനിമകൾ പോലെ ഓർമയിൽ നിൽക്കുന്ന ഒരു കഥയും അല്ല. ലൈറ്റ് ഹാർട്ടഡ് ആയ ഒരു കോമഡി ഡ്രാമ.,സമയം ഉണ്ടെങ്കിൽ കാണാം.