വെട്രിമാരൻ സിനിമകളിൽ നായകൻ നായികയോട് ചുംബനം ചോദിക്കുന്ന സീനുകൾ എങ്ങനെ ആയാലും വന്നു ചേരും. വിസാരണൈയിൽ നായകൻ നായിക ട്രാക്ക് ഡെവലപ്മെന്റ് ഇല്ലായിരുന്നു. ബാക്കിയുള്ള മൂന്ന് ധനുഷ് ചിത്രങ്ങളിൽ കിസ്സ് സീൻ ഒരു ഹൈലൈറ്റ് ആകുന്നുണ്ട്. പൊല്ലാതവനിൽ ഒരു റൊമാന്റിക് ബ്രീസി മൂഡിൽ ആ സീൻ അവസാനിക്കുമ്പോൾ വട ചെന്നൈയിൽ ഒരു കിസ്സ് സീൻ ഉണ്ടാകുന്ന കോൺഫ്ലിക്റ്റ് വളരെ വലുതാകുന്നുണ്ട്.

ആടുകളത്തിൽ വളരെ പക്വതയോടെയുള്ള ഒരു സമീപനമാണ് നായിക നായകനോട് കാണിക്കുന്നത്. മനോഹരമായ ഒരു ഗാനവും രാത്രിയിൽ നായകനും നായികയും ഒരുമിച്ചു പലയിടങ്ങളിൽ കറങ്ങുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും ഒക്കെ റിയാലിറ്റിയിൽ കാണിച്ചു അതിനു ശേഷം നമ്മ കിസ്സ് അടിക്കലാമാ എന്നുള്ള ചോദ്യത്തിനുള്ള നായികയുടെ ഉത്തരം ആ കഥാപാത്രത്തിന്റെ വ്യക്തിത്വം കൃത്യമായി പറയുന്നുണ്ട്.

ഓരോ കഥാപാത്രവും കൃത്യമായി അളന്നുമുറിച്ചു എങ്ങനെ പെരുമാറും എന്നത് വ്യക്തമായി കാണിക്കുന്നുണ്ട്. അതിനാൽ തന്നെ കറുപ്പും ഐറീനും പേട്ടക്കാരനും എല്ലാം ഇന്നും മനസ്സിൽ തങ്ങി നിൽക്കും. സിനിമയുടെ നരേഷനിൽ പറയുന്ന കാര്യങ്ങൾ പിന്നീട് ഓരോ വ്യക്തികളുടെ ജീവിതത്തിലൂടെ നമ്മെ കാണിക്കുന്നുണ്ട്.

ഒരു നാടും അവരുടെ സംസ്കാരവും ജീവിതരീതിയും പച്ചയായി കാണിക്കുന്നിടത്ത് സിനിമ വിജയിക്കുന്നുണ്ട്. അതിൽ തന്നെ കഥാപാത്ര വികസനവും ഓരോരുത്തരും തമ്മിലുള്ള കോൺഫ്ലിക്റ്റും കൃത്യമായി ഒരുക്കി അതിലൂടെ ടൈറ്റ് ആയി തിരക്കഥ രൂപീകരിച്ചു അഭിനേതാക്കളുടെ ഗംഭീരപ്രകടനം കൂടി ആകുമ്പോൾ ആടുകളം അർഹിച്ച ദേശീയ അവാർഡ് തന്നെയാണ് വാങ്ങിയത് എന്ന് അടിവരയിടുന്നു.