സിനിമകൾ തിയേറ്ററിൽ കാണുന്നത് വലിയ ഇഷ്ടമാണ്. ട്രെയ്‌ലർ പോലും കാണാതെ സിനിമയേ പറ്റി മുൻധാരണകൾ ഒന്നും ഇല്ലാതെ സിനിമ കണ്ടു പല നല്ല തിയേറ്റർ അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. വീക്കെൻഡ് ആയാൽ സിനിമയ്ക്ക് പോകും ഏതായാലും, അതിനാൽ നിരൂപണങ്ങളെ ആശ്രയിക്കാറുമില്ല. എല്ലാം തന്നെ കാണണം എന്നൊരു ആഗ്രഹവും ഉണ്ടാകാറുണ്ട്. പക്ഷെ ചില താരങ്ങളുടെ സിനിമകൾ ഒഴിവാക്കും. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ഒക്കെ ആ ലിസ്റ്റിൽ പെട്ടതാണ്. വേറെയൊന്നും കൊണ്ടല്ല, ഇവരുടെ സിനിമകളുടെ പ്രേത്യേകത എന്തെന്നാൽ ടോറന്റിൽ കണ്ടാൽ വലിയ നിരാശ തോന്നില്ല എന്നതാണ്. അതേ..ആനക്കള്ളനും ഈ കൂട്ടത്തിൽ പെടുന്നതാണ്. ചുമ്മാ കണ്ടിരിക്കാം..

ഒരു കൊലപാതക മിസ്റ്ററി പോലെ തുടങ്ങി, നായകന്റെ ആൾമാറാട്ടവും ഒരു കുടുംബത്തിൽ ചെന്ന് നല്ല പേര് വാങ്ങി അവരുടെ കണ്ണിലുണ്ണി ആവുകയും പിന്നീട് ഒരു പ്രതികാരകഥയിലേക്ക് മാറുകയും സ്ഥിരം ഉദയകൃഷ്ണ ഫോർമാറ്റിൽ ഉള്ള ക്ലൈമാക്‌സും ആണ് സിനിമയുടെ ആകെത്തുക.

സിദ്ധിക്ക് അവതരിപ്പിച്ച കഥാപാത്രം ആനപ്പാപ്പാന്റെ ബുദ്ധിയുള്ള പോലീസ് ആണെന്ന് പലപ്പോഴും തെളിയിക്കുന്നുണ്ട്. ഇമ്മാതിരി കോമഡി പോലീസ് മലയാളസിനിമയിൽ പുതുമയല്ല. അതിനെ ആ സെൻസിൽ എടുത്താൽ പിന്നീടുള്ള സീനുകൾ എല്ലാം ആസ്വാദ്യകരമാകും.

സുധീർ കരമനയുടെ ലീഫ് വാസുവിന്റെ ഹാങ്ങ്‌ ഓവറിലെ വീണ്ടുമൊരു റോൾ ഇത്തവണ ചിരിപ്പിച്ചു എന്നതാണ് സത്യം. ധർമജൻ ആയുള്ള കട്ടചളി സീനുകൾക്ക് ഇടയിലും ചിലതൊക്കെ ചിരിപ്പിക്കുന്നുണ്ട്. നായകന് സംഭവിച്ച ദുരന്തവും ജയിൽവാസവും ഒക്കെ പ്രിത്വിരാജിനെ പോലെ ഫുൾ ടൈം ഡിപ്രെഷൻ അടിച്ചു നടക്കുന്ന ടൈപ്പ് അല്ല. നായകൻ രമേശ്‌ പിഷാരടിയെ പോലെ ഫുൾ ടൈം കോമഡി അടിച്ചു നടന്നു അവസാനം മാത്രം പ്രതികാരം ചെയ്യുന്ന ഒരു മുതലാണ്.

മൊത്തത്തിൽ ഇങ്ങനെയും ആളുകളോ എന്ന് ചിന്തിക്കും വിധമാണ് കഥാപാത്രങ്ങൾ എങ്കിലും ചുമ്മാ സമയം പോകാൻ കണ്ടിരിക്കാൻ കൊള്ളാം. അത്ര മാത്രം!