അശോക് സെൽവൻ എന്ന നടന്റെ കരിയർ നോക്കിയാൽ ഒരുപാട് വ്യത്യസ്തമായ റോളുകൾ കൈകാര്യം ചെയ്ത ആളാണ്‌ എന്ന് നമുക്ക് മനസിലാക്കാം. അജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടുള്ള തുടക്കവും സൂദ് കവ്വും എന്നുള്ള സിനിമയും തുടർന്ന് വന്ന പിസ 2 വില്ലയും തെഗിടിയും സില സമയങ്ങളിൽ എല്ലാം തന്നിലെ പെർഫോർമറേ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്ത സിനിമകളാണ്.

പിസയുടെ സ്പിരിച്വൽ സീക്വൽ എന്നാണ് വില്ലയെ പറ്റി പറഞ്ഞിരുന്നത്. കഥ നോക്കുകയാണെങ്കിൽ, തന്റെ അച്ഛൻ മറച്ചു വെച്ച പോണ്ടിച്ചേരിയിലെ ഒരു വില്ലയെ പറ്റി അച്ഛന്റെ മരണശേഷം എഴുത്തുകാരനായ നായകൻ അറിയുന്നു. അത് വിൽക്കുവാൻ ആണ് ആദ്യം തീരുമാനിക്കുന്നത് എങ്കിലും പിന്നീട് തന്റെ രണ്ടാമത്തെ ബുക്ക്‌ അവിടെ വെച്ചു എഴുതാം എന്ന് നിശ്ചയിക്കുന്നു.

നെഗറ്റീവ് എനർജി തങ്ങിനിൽക്കുന്ന ആ വീട്ടിൽ താമസിക്കുന്നവർക്ക് ഭാവിയിൽ നടക്കാൻ പോകുന്നതിനെ പറ്റി അറിയാനിട വരികയും എന്തെങ്കിലും കല മൂലം അത് ലോകത്തോട് പറയാൻ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ അച്ഛൻ ഈ വില്ലയെ പറ്റി എന്തുകൊണ്ട് മറച്ചു വെച്ചു എന്നുള്ള ചോദ്യവും ഇതിനു പിന്നിലുള്ള രഹസ്യവുമാണ് ഒന്നര മണിക്കൂറിൽ സിനിമ പറയുന്നത്.

അനാവശ്യ പാട്ടുകളോ രംഗങ്ങളോ ഇല്ലാതെ ക്രിസ്പ് ആയി ഒന്നര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കുന്നു. ഇരുന്നു ഹൊറർ ത്രില്ലറിന് ചേർന്ന പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും പിന്നെ അഭിനേതാക്കളുടെ നല്ല പ്രകടനവും സിനിമയേ നല്ലൊരു അനുഭവം ആക്കുന്നു. സിനിമയുടെ ക്ലൈമാക്സ് ട്വിസ്റ്റ്‌ കൊള്ളാമായിരുന്നു. മൊത്തത്തിൽ നല്ലൊരു ചിത്രം!