വിശാൽ ഭരദ്വാജിന്റെ പഠാഖ തിയറ്ററിൽ കണ്ടു പകുതിക്കു ഇറങ്ങിപ്പോയ സിനിമയാണ്. സിനിമ മോശം ആയതു കൊണ്ടല്ല, സിനിമയിൽ ഉപയോഗിച്ചിരുന്ന രാജസ്ഥാനി ഡയലക്റ്റ് എന്നിലെ പ്രേക്ഷകന് പെട്ടെന്ന് പിടികിട്ടുന്ന ഒന്നായിരുന്നില്ല. പല കിടിലൻ സംഭാഷങ്ങളും നേറ്റീവ് ഡയലെക്റ്റിൽ ആണ് ഒരുക്കിയിരുന്നത്. സിനിമയുടെ കഥ ഏകദേശം മനസ്സിലായാൽ മതി എന്നുള്ളതു മാത്രം പോരല്ലോ…പൂർണ്ണമായും സിനിമ മനസ്സിലാക്കേണ്ട ആവശ്യമുണ്ടല്ലോ…ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടി സിനിമ കണ്ടപ്പോൾ.. നല്ല കിടിലൻ വൺ ലൈനർ ഉള്ള കിക്കിടു കോമഡി സിനിമയാണ് പഠാഖ എന്ന് മനസ്സിലായത്.

ബഡ്‌കിയും ചുട്കിയും പരസ്പരം പോരടിക്കുന്ന സഹോദരിമാരാണ്. ഇവർ തമ്മിൽ വഴക്കിടാത്ത ദിവസങ്ങൾ തന്നെയില്ല. അത്രയ്ക്ക് ദേഷ്യമാണ് ഉള്ളിന്റെയുള്ളിൽ. അവരുടെ അച്ഛൻ നാട്ടിലേ കുപ്രസിദ്ധനായ ഒരു വിഭാര്യന് ഇരുവരിൽ ഒരാളെ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു. ഇരുവരും അവരിടെ സ്വപ്‌നങ്ങൾ പൂവണിയിക്കാനുള്ള ആളുകളെ കണ്ടെത്തി കഴിഞ്ഞതിനാൽ ഈ കല്യാണം ഒരു വിനയായി തീരുന്നു. തുടർന്നുള്ള ഇരുവരുടെ ജീവിതമാണ് രസകരമായി പറഞ്ഞിരിക്കുന്നത്.

സഹോദരിമാർ ആയി രാധിക മധനും സാന്യ മൽഹോത്രയും ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. വർഷങ്ങൾ കഴിഞ്ഞുള്ള ഇരുവരുടെയും ശരീരഭാഷ കാണുമ്പോൾ എത്രത്തോളം അവർ കഥാപാത്രത്തിനായി കഷ്ടപ്പെട്ടു എന്ന് മനസിലാക്കാം. സുനിൽ ഗ്രോവറിന്റെ ഡിപ്പർ എന്ന കഥാപാത്രമാണ് മറ്റൊരു മനോഹരസൃഷ്ടി. പുള്ളിക്കാരൻ വരുന്ന സീനുകളൊക്കെ ചുമ്മാ പൊളിയാണ്… കഥയിലേ എല്ലാം ട്വിസ്റ്റിനും കാരണക്കാരൻ… വിജയ് റാസിന്റെ അബ്ബുവും നമ്മെ ആകർഷിക്കുന്ന കഥാപാത്രമാണ്.

സംഭാഷങ്ങളാണ് ഹൈലൈറ്റ്. ഇത്രയും വിറ്റി ആയുള്ള, ബ്ലാക്ക് ഹ്യുമറിലുള്ള ഡയലോഗുകൾ അടുത്തു വേറേ സിനിമയിൽ കേട്ടിട്ടില്ല. രസകരമായ മുഹൂർത്തങ്ങളുടെ കൂടെ കിടിലൻ സംഭാഷങ്ങൾ കൂടി ആകുമ്പോൾ നല്ല ആസ്വാദനം നൽകുന്നുണ്ട്. രണ്ടാം പകുതിയിലെ അനാവശ്യമായ ഇഴച്ചിൽ മാത്രമാണ് ഒരു പോരായ്മ ആയി തോന്നിയത്. അത് മാറ്റി വെച്ചാൽ ഒറ്റയിരിപ്പിനു കണ്ടിരിക്കാവുന്ന ഒരു നല്ല എന്റർടൈനർ.