അന്ധവിശ്വാസികൾ നിറഞ്ഞ ഒരു ഗ്രാമം. ഒരിക്കൽ സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് ഒരു വെള്ളക്കാര ദുരൈ ആ ഗ്രാമത്തിൽ എത്തി. തന്റെ കയ്യിലുള്ള ക്യാമറ ഉപയോഗിച്ച് ഗ്രാമവാസികളെ ഫോട്ടോ എടുക്കുന്നു. ഒരു വൃദ്ധ ഫോട്ടോ എടുത്തയുടൻ തന്നെ മരണപ്പെടുന്നു. തുടർന്ന് ഗ്രാമം മുഴുവൻ ഏതോ മഹാരോഗം വരികയും ആളുകൾ മരണപ്പെടുകയും ചെയ്യുന്നു. ഫോട്ടോ എടുത്തതാണ് കാരണം എന്ന് അവർ വിശ്വസിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ ആകാശത്തു നിന്നും വീണ ഒരു ഉൽക്ക അവരുടെ ഗ്രാമത്തിൽ വീഴുന്നു. അതിനു അവർ ദൈവമായി കരുതി വാനമുനി എന്ന് വിളിക്കുന്നു. ആ ഉൽക്ക വീണ ശേഷം മഹാരോഗം എന്നന്നേക്കുമായി ഇല്ലാതായി എന്ന് കരുതിപ്പോകുന്നു. വർഷങ്ങൾ കഴിഞ്ഞും അവരുടെ തലമുറകൾ ക്യാമറയും ഫോട്ടോ എടുപ്പും ഭയന്ന് കഴിയുന്നു. പുതിയ പുതിയ അന്ധവിശ്വാസങ്ങൾ അടിക്കടി റിലീസ് ആകുന്നുമുണ്ട്.

അഴഗർ സാമിയിൻ കുതിരൈക്കു ശേഷം ഗ്രാമീണരുടെ മൂഢവിശ്വാസങ്ങളെ ഇതിവൃത്തമാക്കി ഒരുക്കിയ ഒരു ഗംഭീരസിനിമ. രാമദാസ് എന്ന നടൻ അവതരിപ്പിച്ച കഥാപാത്രമായ മുനീഷ് കാന്ത് ഒരുപാട് പ്രശസ്തമായതോടെ പിന്നീട് അദ്ദേഹം മുനീഷ് കാന്ത് രാമദാസ് ആയി മാറി.

വിഷ്ണു വിശാലിന്റെയും കാളി വെങ്കട്ടിന്റെയും കൂട്ടുകെട്ട് അടിപൊളി ആയിരുന്നു. കൂടെ ആനന്ദരാജിന്റെ ജമീൻ കഥാപാത്രം കൂടി ആകുമ്പോൾ മറക്കാൻ പറ്റാത്ത അടിപൊളി കോമിക് കഥാപാത്രങ്ങളുടെ സംഗമം ആകുന്നു.

രണ്ടര മണിക്കൂർ ഉള്ള സിനിമ ഒരിടത്തും രസച്ചരട് മുറിയാതെ നമ്മെ എന്റർടൈൻ ചെയ്യുന്നു. എല്ലാം മറന്നു ചിരിച്ചു ആസ്വദിക്കാൻ പറ്റിയ നല്ലൊരു ഫൺ എന്റർടൈനർ!