വിജയ് സേതുപതിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ മെർക്കു തൊടർചി മലൈ ഒരുപാട് നിരൂപകപ്രശംസ പിടിച്ചു പറ്റിയ സിനിമയാണ്. പശ്ചിമ ഘട്ടത്തിൽ ജീവിക്കുന്ന മലയോരകർഷകരുടെ ജീവിതം ഇത്രമേൽ റിയാലിറ്റിയിൽ പറഞ്ഞ വേറേ സിനിമയില്ല. ആ പ്രദേശത്തെ ആളുകളുടെ സ്വഭാവം, പരസ്പരം സഹകരിച്ചുള്ള ജീവിതം, കമ്മ്യുണിസം തുടങ്ങി സിനിമ പല മേഖലകളിലേക്കും ക്യാമറ ചലിപ്പിക്കുന്നുണ്ട്.

സിനിമയിലെ കാസ്റ്റിംഗ് എടുത്തു പറയേണ്ട ഒന്നാണ്. ഏകദേശം ഒരുമണിക്കൂർ നമുക്ക് അവരുടെ ജീവിതവും ശൈലിയും പറഞ്ഞു തന്നു ഇടവേളയ്ക്കു ശേഷമാണ് കഥയിൽ ഒരു കോൺഫ്ലിക്റ്റ് വരുന്നത്. ആരെയും പറ്റിച്ചോ വഞ്ചിച്ചോ ജീവിക്കാൻ ആഗ്രഹിക്കാതെ, അദ്ധ്വാനിച്ചു ജീവിക്കണം എന്നുള്ള ജനതയുടെ മനോഭാവവും കമ്യൂണിസം നല്ല രീതിയിലും അതേ സമയം പണത്തിനു വേണ്ടി അടിയറവ് വെയ്ക്കുന്നവരെയും കാണാം.

സിനിമയുടെ ക്ലൈമാക്സ് മനസ്സിൽ ഒരു വിങ്ങൽ സമ്മാനിക്കുന്നു എന്നതാണ് സത്യം. കർഷകരുടെ പരിശ്രമങ്ങളെ ആത്മാർത്ഥമായി സ്‌ക്രീനിൽ എത്തിച്ച ലെനിൻ ഭാരതിയ്ക്ക് നല്ലൊരു കയ്യടി.

എത്രയൊക്കെ നല്ലത് എന്ന് പറഞ്ഞാലും ഒറ്റയിരുപ്പിനു കണ്ടിരിക്കാൻ പറ്റുന്ന സിനിമയായി തോന്നിയില്ല. സിനിമയുടെ പേസിങ് അപ്രകാരമാണ്. രണ്ടു ദിവസം കൊണ്ടാണ് കണ്ടുതീർത്തത്.