“സുഷി ഫൂഡ് ഒന്ന് ട്രൈ ചെയ്യണം. ഇന്ന് വൈകിട്ട് സുഷി ആയാലോ”?

“സുഷി? നീ കഴിക്കില്ല. ഉറപ്പാ..”

“അതെന്താ?”

“അതങ്ങനെയാണ്. പക്ഷെ എനിക്കിഷ്ടമാണ്. നീ പറഞ്ഞ സ്ഥിതിക്ക് കഴിക്കാം. മുഴുവൻ കഴിക്കുമല്ലോ അല്ലേ?”

ചങ്ക് ബ്രോ ആയ റഹിം ഷെഫ് ആണ്. ദുബായ് ബുർജിൽ അടക്കം വർക്ക്‌ ചെയ്തു എക്സ്പീരിയൻസ് ഉള്ള ഒരു കോർപ്പറേറ്റ് ഷെഫ്. പുതിയ റെസ്റ്ററന്റ് ഒക്കെ ടിയാന്റെ കൂടെ പോയാൽ നല്ല കിടുക്കൻ വിഭവങ്ങൾ സജസ്റ്റ് ചെയ്തു തരും. അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി ഇങ്ങനെ തരൂ എന്നൊക്കെ ഹോട്ടലിലെ ഷെഫിനോട് മടി കൂടാതെ പറയുകയും അവർ അത് അതുപോലെ ചെയ്തു തരികയും ചെയ്യാറുണ്ട്. അതിനാൽ തന്നെ നാവും മനസ്സും തൃപ്തിപ്പെടണം എങ്കിൽ റഹീമിന്റെ കൂടെ പോകണം എന്നത് നിർബന്ധം ആയി.

സൂഷി കഴിക്കാനുള്ള ആഗ്രഹം മൂലം എത്തിയത് കൊച്ചിൻ ക്ലബ്ബിലേ ഏഷ്യൻ ബേയിലാണ്. ഓതെന്റിക് സുഷി കഴിക്കാൻ ഇതാണ് ബെസ്റ്റ് എന്ന് ഷെഫ് പറഞ്ഞാൽ പിന്നെ വേറേ ഓപ്ഷൻ ഇല്ലല്ലോ… മെനു കാർഡ് അവനു കൈമാറി ഞാൻ ഇരുന്നു. ആമ്പിയൻസിനായി അധികം ഒന്നും ചെയ്തിട്ടില്ല. പക്ഷെ നല്ലൊരു ഫ്രഷ് ഫീലാണ് അവിടം. കൂടുതലും ഫാമിലിയുമായി വന്നവർ. അല്ല..എല്ലാവരും തന്നെ. ഞാനും റഹീമും ഒഴികെ ബാക്കിയുള്ള എല്ലാ ടേബിളും ഫാമിലി തന്നെ.

ആദ്യം Mix Mushroom Soup വൺ ബൈ ടു ആക്കി ഓർഡർ ചെയ്തു. അധികം ഇരുത്തി മുഷിപ്പിക്കാതെ തന്നെ ഐറ്റം എത്തി. Shiitake Mushroom അത്യാവശ്യം നല്ല വലുപ്പമുള്ള കഷണങ്ങളായി അതിൽ കാണാം. കൂടെ ബട്ടൺ മഷ്‌റൂം കൂടെയുണ്ട്. കൃത്യമായ ചേരുവകൾ ആയതിനാൽ തന്നെ ഒന്നിന്റെയും കുത്തൊന്നും തോന്നിയില്ല. Shiitake മഷ്‌റൂമിന്റെ ഗുണങ്ങൾ വിവരിച്ചു കൊണ്ട് റഹീം ആസ്വദിച്ചു അത് കഴിക്കുന്നത് കണ്ടു. സ്വാദുള്ള ഒരു സൂപ്പ് തന്നെ. പക്ഷെ പറയത്തക്ക ഒന്നുമില്ല താനും എന്നുള്ള ഫീലായിരുന്നു അപ്പോൾ. ഇനിയിപ്പോൾ റിയൽ സുഷി ഇഷ്ടപ്പെടില്ലേ എന്നൊരു സംശയം മനസ്സിലുദിച്ചു.

ടേബിളിൽ വെച്ചിരിക്കുന്ന സുഷിയുടെ ഒരു കാർഡിൽ കണ്ട NIGRI ട്രൈ ചെയ്യാം എന്ന് റഹിം പറഞ്ഞു. ആയ്കോട്ടെ..ഇതൊക്കെ ആദ്യമായി കേൾക്കുന്ന ഒന്നാണല്ലോ.. സാൽമൺ ഫിഷ് ആണെന്ന് പറഞ്ഞപ്പോൾ ഹാപ്പി ആയി. സംഭവം എത്തി. മുകളിൽ സ്മോക്ഡ് സാൽമൺ കാണാം. കൂടെ സീവീഡിൽ പൊതിഞ്ഞ ചെറിയ ഒരു റൈസ് ബോൾ. അതിനു മുകളിൽ ആണ് സാൽമൺ ഫിഷ് സ്ലൈസ്. ജാപ്പനീസ് ജിഞ്ചർ പിക്കിൾ, വാസബി പേസ്റ്റ് എന്നിവ കൂടെ വെച്ചിട്ടുണ്ട്. അബദ്ധത്തിൽ ആ ജിഞ്ചർ പിക്കിൾ കൂടുതലായി എടുത്തു വായിൽ വെച്ചു. കാർട്ടൂണിൽ കാണും പോലെ വായിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നുമൊക്കെ പുക വരുന്നത് പോലെ തോന്നി. ഓട്ടം ചെന്ന് നിന്നത് വാഷ്‌റൂമിലും!

തിരിച്ചെത്തി NIGRI കഴിച്ചു. സ്മോക്ഡ് സാൽമൺ ഉപ്പില്ലാതെ, എരിവില്ലാതെ ഒരു മലയാളി കഴിച്ചാൽ എങ്ങനെ ഉണ്ടാകും? ഹാ കുഴപ്പമില്ല എന്ന് റഹിമിനോട് പറഞ്ഞു. പക്ഷെ അവൻ ആസ്വദിച്ചു കഴിക്കുകയായിരുന്നു എല്ലാം. സുഷി കഴിക്കാൻ മുൻപരിചയം ഉണ്ടെങ്കിൽ നല്ലതാണല്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അവന്റെ ഏറ്റവും ഫേവറിറ്റ് സുഷി ആണെന്നാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നല്ല എന്നും.

അവിടുത്തെ ഷെഫ് നേരിട്ട് ഓരോ ടേബിളും എത്തി എല്ലാവരോടും അഭിപ്രായങ്ങൾ ചോദിക്കുന്നത് കണ്ടു. ഷെഫ് ഞങ്ങളുടെ ടേബിളിലും എത്തി. മെനുവിൽ കണ്ട ഒരു ഐറ്റം ചെറിയ മാറ്റങ്ങൾ വരുത്തി റെഡ് സ്നാപ്പർ ഫിഷിൽ തരാമോ എന്ന് റഹിം ചോദിച്ചപ്പോൾ ഷെഫ് സന്തോഷത്തോടെ സമ്മതിച്ചു. കൂടെ ജാസ്മിൻ റൈസ് നന്നായിരിക്കും എന്നും ഷെഫ് അഭിപ്രായപ്പെട്ടു. ഞാനെന്ന മലയാളിക്ക് ഇഷ്ടപ്പെടുന്ന ഒരേ ഒരു വിഭവം ഇതായിരിക്കും എന്ന് റഹിം പറഞ്ഞു. ശരിയായിരുന്നു. ജാസ്മിൻ റൈസ് നല്ല രുചികരമായി അനുഭവപ്പെട്ടു. കൃത്യമായ രുചിക്കൂട്ടുകൾ ഒത്തിണങ്ങുമ്പോൾ ഉണ്ടാകുന്ന മാജിക്. ഫിഷ് വന്നപ്പോൾ കാഴ്ചയിൽ ചില്ലി ഫിഷ് ഡ്രൈ പോലെ തോന്നി എങ്കിലും ടേസ്റ്റ് വ്യത്യസ്തമായ ഒന്നായിരുന്നു. കൃത്യമായ എരിവും തുളസിയിലയുടെ രുചിയും എല്ലാം കൂടി അടിപൊളി ഐറ്റം. വന്നതിൽ സിംഹഭാഗവും കഴിച്ചു തീർത്തത് ഞാൻ തന്നെ ആയിരുന്നു.

വീണ്ടും റഹീമിന്റെ നോട്ടം ഓതെന്റിക് സുഷി മെനുവിലേക്ക് പോയി. Tamago And Sake Maki എന്നത് ഓർഡർ ചെയ്തു. 6 പീസ് ഉണ്ടാകുമെന്ന് പറഞ്ഞു. മെനുവിൽ ആ ഡിഷിന്റെ വിശദീകരണം ഉണ്ടായിരുന്നത് വായിച്ചപ്പോൾ എഗ്ഗ് എന്നും സാൽമൺ എന്നും പിക്കിൾ എന്നുമൊക്കെ കണ്ടപ്പോൾ നെററ്ജ് കഴിച്ചത് പോലെ ആസ്വദിക്കാവുന്ന ഒന്നായിരിക്കുമെന്ന് കരുതി.

ഐറ്റം പെട്ടെന്ന് തന്നെ ടേബിളിൽ എത്തി. മുകളിൽ മുട്ടയും സാൽമൺ കൊണ്ടുമുള്ള ഒരു ഷീറ്റും അതിനുള്ളിൽ പച്ചയായ സാൽമൺ പീസും അതിനു മുകളിൽ ആയി വിനെഗർ റൈസും സീവീഡും കൊണ്ടുള്ള 6 ചെറിയ പീസ്. കാഴ്ചയിൽ നല്ല ഭംഗി ഉണ്ടായിരുന്നു. കൂടെ മാറിനേറ്റ് ചെയ്ത വെജിറ്റബിളും നേരത്തെ എന്റെ മൂഡ് കളഞ്ഞ ജിഞ്ചർ പിക്കിളും വാസബി പേസ്റ്റും. സാൽമൺ കുക്ക്ഡ് അല്ല എന്ന് റഹിം സൂചിപ്പിച്ചു. റോ ആയി ആണ് ഈ ഡിഷിൽ സാൽമൺ വരിക.

ആദ്യത്തെ പീസ് എടുത്ത് വായിൽ വെച്ചു. കഴിച്ചു..പച്ച മീനിന്റെ ചുവ വായിൽ വരുമ്പോൾ ഉള്ള അവസ്ഥ അത്ര ഇഷ്ടപ്പെട്ടില്ല. അതിനാൽ തന്നെ എങ്ങനെയോ അത് ഒരു കണക്കിന് കഴിച്ചു ഇറക്കി. ബാക്കിയുള്ള 5 പീസും റഹിമിന് തന്നെ കൊടുത്തു എന്റെ സുഷിയോടുള്ള പ്രണയം അവിടെ തന്നെ ബ്രേകപ് ആക്കി.

ആദ്യത്തെ തവണ കാര്യമായി ഇഷ്ടപ്പെടില്ല എന്നും മൂന്ന് പ്രാവശ്യം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങും എന്നൊക്കെ റഹിം പറഞ്ഞു. ലോകത്തിലേ ഏറ്റവും ഹെൽത്തി ആയുള്ള ഫൂഡുകളിൽ ഒന്നാണല്ലോ സുഷി. ശരിയായിരിക്കാം..മസാലയും എരിവും പുളിയും ഒക്കെ ശീലിച്ച മലയാളിയുടെ നാവിനു ഇനിയും സമയം വേണ്ടി വരാം. 🙂