സിനിമ തുടങ്ങും മുൻപ് എഴുതിക്കാണിക്കുന്നത് തന്നെ ഈ സിനിമയുടെ സ്വാധീനം തലൈവരുടെ മറ്റുള്ള സിനിമകൾ ആണെന്നാണ്. അതേ..സൂപ്പർ സ്റ്റാർ മാനറിസം കണ്ടു വളർന്ന ഒരു സംവിധായകൻ Get Rajnified എന്ന് പറഞ്ഞു ഒരു സിനിമ ഇറക്കുമ്പോൾ, അതും പൊങ്കൽ പോലുള്ള ഒരു ഫെസ്റ്റിവൽ സമയത്തു റിലീസ് ചെയ്യുമ്പോൾ… പേട്ട ഒരു പെർഫെക്ട് ഫെസ്റ്റിവൽ മൂവി ആണ്. വളരെ നാളുകൾക്കു ശേഷം ഒരു രജനി സിനിമ കണ്ടു കഴിഞ്ഞു തൃപ്തിയോടെ ഇറങ്ങി.

വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. ഫുൾ തലൈവർ ഷോ തന്നെയാണ് സിനിമ. വിജയ് സേതുപതിയും നവാസുദ്ധീൻ സിദ്ധിക്കിയും ഇടയ്ക്കിടെ ഒന്ന് സ്‌കോർ ചെയ്യുന്നു എങ്കിലും രജിനിസം നിറഞ്ഞു നിൽക്കുന്ന സ്‌ക്രീനിൽ അതൊക്കെ നിഷ്പ്രഭം ആകുന്നുണ്ട്. ശശികുമാർ, ബോബി സിംഹ, മേഘ ആകാശ്, മാളവിക മേനോൻ തുടങ്ങിയ മുൻനിര താരങ്ങളൊക്കെ തങ്ങൾക്ക് കിട്ടിയ സ്‌പേസിൽ നിന്നും കഥാപാത്രങ്ങളെ മികച്ചതാക്കി. സിമ്രാനും തൃഷയും ഏകദേശം എല്ലാ സൂപ്പർതാരങ്ങളുടെയും ജോഡി ആയിട്ടുണ്ട്.ആകെ തലൈവർ മാത്രം ആയിരുന്നു ബാക്കി. അത് ഇത്തവണ പൂർത്തീകരിച്ചു.

പേട്ട നമ്മൾ ഒരുപാട് കണ്ട പ്രതികാരകഥ തന്നെയാണ്. സിനിമ തുടങ്ങും മുൻപ് പറഞ്ഞത് പോലെ തലൈവരുടെ മുൻചിത്രങ്ങളുടെ സ്വാധീനം ഒരുപാടുള്ള, ടിപ്പിക്കൽ ടെംപ്ളേറ്റിൽ ഒരുക്കിയ സിനിമ. പാട്ടും ആക്ഷനും മാസും ട്രാൻസ്‌ഫർമേഷനും ഇമോഷനും പഞ്ച് ഡയലോഗും എല്ലാം കൃത്യമായി നൽകുന്ന പൊങ്കലിന് വെട്ടുന്ന കരിമ്പു പോലെ മധുരമുള്ള ഒരു അനുഭവം.

🔥The Good – തലൈവർ സ്വാഗ് തന്നെയാണ് ആകർഷണം. ഇളമൈ തിരുമ്പുതേ എന്ന് പാട്ടിൽ പറയും പോലെ… ഇത്രയ്ക്കും സ്റ്റൈലിഷ് ആയി..ചെറുപ്പം ആയി തലൈവരെ കാണുന്നത് തന്നെ ഒരു സുഖമുള്ള അനുഭവം ആയിരുന്നു. കാർത്തിക് ഓരോ ഫ്രെയിമിലും അത്രയ്ക്ക് അടിപൊളി ആയിട്ടാണ് രജനിയെ കാണിച്ചിരിക്കുന്നത്. ആ നടത്തവും നോട്ടവും ആക്ഷനും എല്ലാം പ്രേക്ഷകർക്ക് ആകർഷണീയമായ രീതിയിൽ ഒരുക്കിയ പുതുതലമുറ ഡയറക്ടർ കാർത്തിക് ആണ്.

ആദ്യപകുതിയുടെ പേസിങ്, നായകന്റെ ബിൽഡപ്പ്, കൃത്യമായി വന്നു ചേരുന്ന മാസ് സീനുകൾ, ലൈറ്റ് ഹാർട്ട് ആയ കോമഡി റൊമാൻസ് സീനുകൾ എന്നിവയും ഇടവേളയോടെ വന്നു ചേരുന്ന കോൺഫ്ലിക്റ്റും ട്രാൻസ്ഫർമേഷനും ഒക്കെ ഒരു എനെർജെറ്റിക് മൂഡാണ് നൽകുന്നത്. ഇടവേളയോടെ സിനിമയോടുള്ള നമ്മുടെ പ്രതീക്ഷ വർദ്ധിക്കുന്നു.

ക്ലൈമാക്സിൽ രാമൻ ആണ്ടാലും രാവണൻ ആണ്ടാലും എന്ന മുള്ളും മലരും സിനിമയിലെ പാട്ടിനു ചുവടു വെയ്ക്കുന്ന തലൈവർ രണ്ടാം പകുതി നൽകിയ ചെറിയൊരു മുഷിപ്പ് പൂർണ്ണമായും ഇല്ലാതാക്കി പേട്ട പറാക്ക് ആക്കുന്നതോടെ കയ്യടിയും വിസിലടിയും നിറയുന്ന തിയേറ്റർ കണ്ടു പുറത്തേക്കു ഇറങ്ങാം.

🔥The Bad – നവാസുദ്ധീൻ സിദ്ധിക്കിയെ പോലെ ഒരാളെ കാസ്റ്റ് ചെയ്യുമ്പോൾ നല്ലൊരു സ്ക്രീൻ സ്‌പേസും ക്യാരക്ടർ ഡെപ്തും നമ്മൾ എക്സ്പെക്റ്റ് ചെയ്യും. ഒരു റീജിയണൽ പ്ലെസിലെ,അതായത് മധുരക്കാരൻ ആയുള്ള നവാസുദ്ധീന്റെ കഥാപാത്രം അത്ര കൺവിൻസിംഗ് ആയി തോന്നിയില്ല എന്ന് മാത്രമല്ല, നായകനു മുന്നിൽ വലിയ ഒരു വെല്ലുവിളിയും ഉയർത്താതെ പോകുന്ന ടിപ്പിക്കൽ വില്ലൻ ആയി മാറുകയാണ് ഇവിടെ. പേട്ട വേട്ട തുടങ്ങുമ്പോൾ മുതൽ തന്നെ പ്രേക്ഷകർക്ക് ആകാംക്ഷ ഉണർത്തുന്ന ഒന്നും തന്നെയില്ല. സേതുപതിയുടെ ആയാലും നവാസുദ്ധീന്റെ ആയാലും ക്യാരക്ടർ എക്‌സ്‌പോസിഷൻ വീക് ആണ്.

രണ്ടാം പകുതിയിലെ സ്ഥിരം കണ്ടു മടുത്ത ഫ്ലാഷ്ബാക്ക് സീനുകൾ സിനിമയുടെ പേസിങ് കുറയ്ക്കുന്നു. പിന്നീട് വരുന്ന സീനുകൾ എല്ലാം എൺപതുകളിലെ സിനിമയുടെ ടെംപ്ളേറ്റ് പോലെ തോന്നിപ്പിക്കുന്നു. പക്ഷെ സിനിമയുടെ ക്ലൈമാക്സ് ഈ കുറവുകൾ ഒക്കെ മറികടക്കുന്നുണ്ട്.

തന്റെ സിനിമയിൽ Nuances നു വലിയ പ്രാധാന്യം കൊടുക്കുന്ന കാർത്തിക് ഇത്തവണ ഒരു മസാല സിനിമ എടുക്കാൻ തീരുമാനിച്ചതിനാൽ ആകണം പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിലെ കണ്ടിന്യുറ്റി മിസ്റ്റെക്കും പ്രസവ രംഗത്തെ മിസ്റ്റെക്കും ഒക്കെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നവയാണ്.

🔥Engaging Factor – ഏകദേശം മൂന്നുമണിക്കൂറിനു അടുത്തുള്ള സിനിമ ഒരൊറ്റ സെക്കൻഡ് പോലും ബോറടിപ്പിക്കുന്നില്ല. മനോഹരമായ ഛായാഗ്രഹണവയും അനിരുദ്ധിന്റെ കിടിലൻ പശ്ചാത്തല സംഗീതവും നമ്മെ സിനിമയോട് കൂടുതൽ എൻഗേജ് ചെയ്യിക്കുന്നുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന താരങ്ങൾ ഒരുപാട് പേർ സ്‌ക്രീനിൽ വന്നു പോകുമ്പോൾ സമയം പോകുന്നത് പോലും അറിയില്ല.

🔥Repeat Value – കുറേ നാളുകൾക്കു ശേഷം തലൈവരുടെ ഒരു നല്ല എന്റർടൈൻമെന്റ് സിനിമ കണ്ട ഫീൽ നൽകിയത് പേട്ട ആണ്. വ്യക്തിപരമായി ഈ സിനിമയുടെ ആദ്യപകുതി ഒരുപാട് ഇഷ്ടപ്പെട്ടു. പലതവണ കണ്ടാലും ബോറടിക്കാതെ ഇരിക്കാനുള്ള എലമെന്റ് അതിലുണ്ട്. പേട്ട പറാക്ക് എന്ന പാട്ടും ക്ലൈമാക്‌സും മരണ മാസ് BGM ഒക്കെയായി പേട്ട ഒന്നിൽ കൂടുതൽ കാണാനുള്ള വക നൽകുന്നുണ്ട്.

🔥Last Word – ഫുൾ രജനി ഷോ ആണ് പേട്ട. ഫാൻസിനു മാത്രമല്ല, എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള വകയെല്ലാം അടങ്ങിയ പുതുമയൊന്നും ഇല്ലാത്ത ഒരു മസാല എന്റർടൈനർ. കഥയും കഥാപരിസരങ്ങളും എല്ലാം പഴയതു തന്നെ എന്നാലും കിട്ടുന്ന എന്റർടൈൻമെന്റ് ഫ്രഷ് ആണ്.. നല്ലൊരു ഫെസ്റ്റിവൽ മൂഡ് സിനിമ.

🔥Verdict – Good