കമലഹാസന്റെ മഹാനദി, പുരട്ചി കലൈജ്ഞരുടെ സേതുപതി IPS എന്നിവയുടെ കൂടെ ആയിരുന്നു സത്യരാജിന്റെ അമൈദി പടയുടെ റിലീസ്. മണിവണ്ണന്റെ സംവിധാനത്തിൽ വന്ന സിനിമ അദ്ദേഹത്തിന്റെയും സത്യരാജിന്റെയും കരിയറിൽ വലിയൊരു വഴിത്തിരിവാണ് നൽകിയത്. ആ പൊങ്കൽ സീസണിലെ കറുത്ത കുതിരയായി മാറാനും സിനിമയ്ക്ക് സാധിച്ചു.

നാഗരാജ ചോളൻ MLA എന്ന കഥാപാത്രം കുറച്ചൊന്നുമല്ല തമിഴ് സിനിമയേ സ്വാധീനിച്ചത്. പൊളിറ്റിക്കൽ പ്രൊപ്പഗാണ്ടയെ പച്ചയ്ക്ക് കളിയാക്കുന്ന ഇതുപോലൊരു സിനിമ അതിനു മുൻപ് തമിഴ് ജനത കണ്ടിരുന്നില്ല. മണിവണ്ണന്റെ സ്വതസിദ്ധമായ ഡയലോഗുകൾ സിനിമയുടെ ഒരു മുതൽക്കൂട്ട് ആയിരുന്നു.

സത്യരാജിന്റെ ഫേമസ് ആയ “അൽവാ കൊടുക്കിറത്” പിന്നീട് തമിഴ് സിനിമകളിൽ ഒരു സ്ഥിരം വാചകം തന്നെ ആയി. കുടുംബ കുത്തുവിളക്ക് എന്ന് പറഞ്ഞു കാണിക്കുന്ന നായികയായ കസ്തൂരിയെ പിന്നീട് സ്പൂഫ് ആയ തമിഴ് പടത്തിൽ ഐറ്റം ഡാൻസിൽ കൊണ്ട് വന്നതൊക്കെ ആ കോമഡിയുടെ ആക്കം കൂട്ടുന്നു.

ഇരട്ട വേഷത്തിൽ സത്യരാജ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ അമാവാസൈ എന്ന നാഗരാജ ചോളൻ തന്നെയാണ് മുഖ്യ ആകർഷണം. ഡയലോഗ് ഡെലിവറി അടക്കം എല്ലാം തന്നെ പക്കാ ആയിരുന്നു. ക്ലൈമാക്സിൽ ഉള്ള സത്യരാജിന്റെ പ്രകടനം ഇന്ന് കാണുമ്പോൾ ഒരു സ്പൂഫ് ഫീൽ തോന്നുമെങ്കിലും കാലഘട്ടത്തിന്റെ മാറ്റം എന്ന് കരുതി കണ്ണടയ്ക്കാം.

ഇന്നും ഫ്രഷ് ആയി തോന്നുന്ന ഒരു സബ്ജക്റ്റ് ആണ് സിനിമയുടേത്. ജാതിയും മതവും എങ്ങനെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്നും അത് രാഷ്ട്രീയക്കാർ എങ്ങനെ മുതലെടുക്കുന്നു എന്നതൊക്കെ കൃത്യമായി വ്യക്തമായി കാണിക്കുന്ന ഒരു സിനിമ. തമിഴ് സിനിമയുടെ പൊളിറ്റിക്കൽ ക്ലാസ്സിക്കുകളിൽ ഒന്ന്!