സമ്മിശ്ര പ്രതികരണം ആയിരുന്നു എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഹനീഫ് അദേനിയുടെ ആദ്യചിത്രം. രണ്ടാമത്തെ സംവിധാനസംരംഭമായ മിഖായേൽ ആദ്യം ഒരു പതർച്ച ഉണ്ടാക്കി എങ്കിലും സംവിധായകൻ ഉദ്ദേശിച്ചത് പോലെ തന്നെ സിനിമ കണ്ടപ്പോൾ വളരെ തൃപ്തികരമായ അനുഭവമാണ് ഉണ്ടായത്. ഇടവേള വരെ ഇതൊരു പ്രതികരകഥ ആയിരിക്കും എന്ന് കരുതിയ എനിക്ക് രണ്ടാം പകുതിയോടു കൂടി ഇതൊരു സ്പൂഫ് Medical Consciousness ആയ സിനിമയാണ് എന്ന് മനസ്സിലായി.FIR ലെ സുരേഷ്‌ഗോപിയെ പോലെ ഒന്ന് റീവൈൻഡ് ചെയ്തു സീനുകൾ ഓർത്തപ്പോൾ വളരെ നല്ലൊരു സ്പൂഫ് അനുഭവമാണ് ലഭിച്ചത്. ആദ്യപകുതിയിലെ ചില കോമഡി രംഗങ്ങൾ കണ്ടപ്പോൾ എനിക്ക് നല്ല കട്ടചളി ആയി തോന്നിയിരുന്നു. പിന്നീടാണ് മനസ്സിലായത് മുഴുവൻ സിനിമ തന്നെ കോമഡി ആകുമ്പോൾ ആ കണ്ട കോമഡി സീനുകൾ യഥാർത്ഥത്തിൽ സീരിയസ് സീനുകൾ ആയിരുന്നു എന്ന്.

തുടർന്ന് വായിക്കുന്നവർ സിനിമ കണ്ടവരാണെങ്കിൽ വളരെ നല്ലത്. കാരണം സ്പോയിലേർസ് ഉണ്ടാകും. ഇതുപോലൊരു സിനിമയിൽ ആസ്വദിച്ച കാര്യങ്ങൾ സ്പോയിലേർസ് ഇല്ലാതെ പറയാൻ സാധിക്കില്ല.

ഹനീഫ്…താങ്കളുടെ സിനിമയിലെ പോലീസുകാർ പറഞ്ഞ പണി എടുക്കാതെ അണ്ടർ ടേബിൾ ഡീലിങ്ങൊക്കെ നടത്തി ഇരിക്കുകയും ഇനി സമർത്ഥർ എന്ന് നമുക്ക് തോന്നിയ പോലീസ് ഉണ്ടെങ്കിൽ അവർ പോലീസിനെ പോലെ ചിന്തിക്കാതെ നായകനെ പൊക്കിയടിക്കാനും അയാളുടെ ബുദ്ധിയെ പുകഴ്‌ത്താനും ഒക്കെയാണ് ശ്രമിക്കാർ. ഇവരാരും പോലീസിന്റെ പണി എടുക്കുന്നത് കണ്ടിട്ടില്ല. നമ്മുടെ PM ന്റെ ആത്മകഥ സിനിമയാക്കാൻ പറ്റിയ ആൾ നിങ്ങളാണ്. അതാകുമ്പോൾ ഇടയ്ക്കിടെ അംബാനിയും അദാനിയും പുള്ളിയെ പുകഴ്ത്തുന്ന സീനുകൾ ഈസിയായി ഉൾപ്പെടുത്താം.

നമ്മുടെ സിനിമയിലെ വില്ലൻ മരണമാസാണ്. വല്ലവന്റെയും വീട്ടിൽ കയറി കുളിക്കുക, കളസം മാത്രമിട്ട് തല നനയാതെ കുളിച്ച ഉടൻ അതുപോലെ തന്നെ ഇറങ്ങിപോകുക, കാറിന്റെ ഡോറിൽ മുട്ടുമ്പോൾ എന്താ എന്നറിയാൻ മിറർ താഴ്ത്തുമല്ലോ, അപ്പോൾ വേടി വെക്കുക, വെള്ളം തീർന്നാൽ കൂജ നിലത്തിട്ടു പൊട്ടിക്കുക തുടങ്ങിയ വില്ലത്തരങ്ങൾ ഒക്കെ ഹൈലൈറ്റ് ആണ്. വില്ലനും വില്ലന്റെ ചേട്ടനും ഒക്കെ കൊല്ലാൻ നടക്കുന്ന ഒരു പെണ്ണുണ്ട്. ആ പെണ്ണിനെ കയ്യിൽ കിട്ടിയാലും കൊല്ലാതെ നായകനെ വിളിച്ചു വരുത്തി ഒറ്റയ്ക്ക് ഒറ്റയ്ക്കു ഇടിക്കെടാ എന്ന് പറഞ്ഞു അവസാനം പവനായി ശവമായി മെഡിക്കൽ അവബോധനം നൽകുന്ന സീനുകളൊക്കെ ഹനീഫ് വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ വാ തുറന്നാൽ തീട്ടം എന്ന് മാത്രമേ പറയൂ..ചിലപ്പോൾ ആമേൻ സിനിമ ഫാൻ ആയിരിക്കും.

മറ്റൊരു പ്രധാന സീൻ എന്തെന്നാൽ സുദേവ് ഉണ്ണിയെ വെടി വെയ്ക്കുമ്പോൾ ഉണ്ണി ഒന്ന് മലക്കം മറിയും. അതായത് കൃത്യമായി ചന്തിയിൽ കൊള്ളുന്ന പോലെ. പക്ഷെ കൊള്ളുമോ? ഇല്ല..എന്താ കാരണം.. ഉണ്ണിയുടെ ചന്തി ഒഴികെ പലതും ക്ലൈമാക്സിൽ ആവശ്യമുണ്ടായിരുന്നു. സുദേവന്റെ കാര്യം പറഞ്ഞാൽ അതിലും കോമഡിയാണ്. പുള്ളിക്കാരനും വീൽ ചെയറിൽ കിടക്കുന്ന അച്ഛനും കൂടി കാണിക്കുന്ന കോപ്രായങ്ങൾ കണ്ടാൽ ചിരിച്ചു ചാകും. ഇതൊരു സീരിയസ് സിനിമയല്ല സ്പൂഫ് ആണ് എന്ന് ഓർമ വരുന്നത് തന്നെ ഇവരെ കാണുമ്പോൾ ആണ്.

നായകന്റെ കൊലമാസ്സ് BGM ആയി ഒലക്ക ചക്ക ചക്ക എന്ന് കേൾക്കാം. പക്ഷെ നായകന്റെ ശരീരം കാണുമ്പോൾ മുഴുത്ത ചക്ക ചക്ക എന്നാണ് വരേണ്ടിയിരുന്നത്. സിനിമയിൽ നായകൻ ആയോധനകലയിൽ പ്രാവീണ്യമുള്ള ഒരാളാണ്. സാക്ഷാൽ ബാബു ആന്റണി ആണ് അതൊക്കെ പഠിപ്പിച്ചത്. പക്ഷേങ്കി നായകന്റെ ആക്ഷൻ കണ്ടാൽ അയ്യേ എന്ന് പറഞ്ഞു പോകും. അതിനു കാരണം ഉണ്ട്. പഠിത്തം പൂർത്തിയാകും മുൻപ് ബാബു ആന്റണി സാർ മരിച്ചു പോകും. അതാണ്‌…അപ്പോൾ പിന്നെ നായകനു അത്രയൊക്കെയേ പറ്റൂ..

നിവിൻ….ഡയലോഗ് മോഡുലേഷൻ കിടു ആയിരുന്നു. ഒരു സ്പൂഫ് പടത്തിൽ ഇതിലും നന്നായി മോഡുലേറ്റഡ് ചെയ്യാൻ ആർക്കും കഴിയില്ല. മലബന്ധം ഉള്ളത് പോലെ സംസാരിച്ചാൽ മാസ് ആകും എന്ന് കരുതുന്ന നായകന്മാരെ കണക്കിന് കളിയാക്കി..നന്നായി ചെയ്തു ബ്രോ! എന്നാലും “നിന്നെ കണ്ടാൽ അറിയാം ഒരു കോഴി ആണെന്ന്” എന്ന ഡയലോഗ് സിനിമയിൽ വന്നപ്പോൾ എന്റെ സാറേ… ചുറ്റുമുള്ള സ്പൂഫ് ഒന്നും ഞാൻ കണ്ടില്ല.. സെൽഫ് ട്രോൾ വരെ ഉൾപ്പെടുത്തിയ നല്ല കിണ്ണൻ സ്പൂഫ്!

ഹനീഫ് ആദ്യപകുതി ഒരു ഫാമിലി റിവഞ്ജ് ഡ്രാമ ആക്കി എടുത്തപ്പോൾ രണ്ടാം പകുതിയിലാണ് ഇതൊരു സ്പൂഫ് ആക്കണം എന്ന മോഹം ഉദിക്കുന്നത്. അതിനാൽ തന്നെ പല സിനിമകളിലേയും സീനുകൾ അതുപോലെ കാണാം. അതൊന്നും കോപ്പിയല്ല..സ്പൂഫ് ആണ്..ഓക്കേ… നായകന്റെ മാസ് കാണിക്കാൻ ആയുള്ള ആക്ഷൻ സീനുകൾ കണ്ടു തുടങ്ങുമ്പോൾ ഒന്നോർക്കുക..ചിരി അൺലിമിറ്റഡ്.

JD ചക്രവർത്തിയും സുരാജും തമ്മിലുള്ള സീനുകൾ കാണുമ്പോൾ എത്ര മനോഹരമായ കഥാപാത്രങ്ങൾ എന്ന് തോന്നിയേക്കാം. പക്ഷെ അതൊക്കെ സൊ കോൾഡ് മാസ് പടങ്ങളിലേ വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളെ കളിയാക്കുന്നതാണ്. എന്തൊക്കെ പറഞ്ഞാലും അവസാനം സിനിമ നല്ലൊരു മെസ്സേജ് തരുന്നുണ്ട്. ഒരു അവബോധനം. അത് കൂടി കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ഹനീഫ്..നിങ്ങളെ ഓവർ റേറ്റഡ് എന്ന് വിളിക്കുന്ന കാപാലികർക്കുള്ള ചാട്ടയടിയാണ് മിഖായേൽ… ഇതിലും ഭേദം ചാട്ടയടി ആണെന്നൊക്കെ ചിലർ പറയും..അസൂയ..വെറും അസൂയ..

🔥The Good – നായകന്റെ മാസ് ആക്ഷനും ഡയലോഗുകളും. പ്രതികാരത്തിനുള്ള കാരണങ്ങൾ കണ്ടാൽ അജിത്തിന്റെ വിശ്വാസം വരെ ഞെട്ടും. ഉണ്ണിയുടെ മസിലും താടിയും കൊള്ളാം. വില്ലൻ കഥാപാത്രത്തിന് തലച്ചോർ ഒഴികെ ബാക്കിയെല്ലാം കൂടുതൽ ആയതിനാൽ നല്ല സ്ക്രീൻ സ്‌പേസ് ആണ്.

🔥The Bad – ഇതൊരു സ്പൂഫ് ആണെന്ന് മനസ്സിലാക്കാതെ ആക്ഷൻ പടം ആയി തെറ്റിദ്ധരിക്കുന്ന പ്രേക്ഷകർ ഈ സിനിമയ്ക്ക് ഒരു ബാധ്യത ആകാൻ ചാൻസുണ്ട്.

🔥Repeat Value – ടോറന്റ് വന്നാൽ ഒരുപാട് ROFL മൊമെന്റ്‌സ്‌ ഉണ്ടാകും. അച്ചായന്റെ IM Waiting ഒക്കെ അടുത്ത ഫേമസ് മീം ആണ്.

🔥Last Word – Jokes Apart… മിഖായേൽ കണ്ടു മടുത്ത ബോറൻ കഥ സ്റ്റൈലിഷ് ആണെന്ന് വിചാരിച്ചു ബോറാക്കി നൽകിയ ഒരു സിനിമയാണ്. നിവിൻ നല്ലൊരു മിസ്‌കാസ്റ്റിംഗ് ആയി തോന്നി. ഉണ്ണിയുടെ കഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ ഒക്കെ വളരെ വീക്ക്‌ ആയിരുന്നു. വ്യക്തിത്വമില്ലാത്ത പോലീസ് കഥാപാത്രങ്ങളും ലോജിക് ലൂപ് ഹോളുകളും ഒക്കെ ഗോപിയേട്ടന്റെ BGM ഇൽ മറക്കാൻ പറ്റുന്നില്ല. വ്യക്തിപരമായി തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷെ സിനിമ ഒരു തവണ കണ്ടിരിക്കാൻ ഉള്ള എന്റർടൈൻമെന്റ്ഞാൻ ഒഴികെയുള്ള പ്രേക്ഷകർക്ക് നൽകിയെന്ന് തിയേറ്റർ റെസ്പോൺസ് സൂചിപ്പിച്ചു.

🔥Verdict – ഒലക്ക ചക്ക ചക്ക…