Out Of The Box Concept ൽ ഒരു സിനിമ എന്ന് പറയുമ്പോൾ ഓർക്കുന്ന സംവിധായകരിൽ ഒരാളാണ് റാം. ആദ്യസിനിമയായ കട്രതു തമിഴ് തുടങ്ങി തങ്കമീൻകളിലൂടെ തറമണിയിൽ എത്തി ഇപ്പോൾ പേരൻപിലൂടെ നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയാണ് റാം. മുന്ചിത്രങ്ങൾ പോലെ ഹാർഡ് ഹിറ്റിങ് അല്ല എങ്കിലും പേരന്പ് മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന സിനിമയാണ്.

പ്രകൃതിയെ ഒരു കഥാപാത്രമാക്കി അവയുടെ ഋതുഭേദങ്ങളിലൂടെ കഥ പറയുകയാണ് റാം. പ്രകൃതി അത്ഭുതമാണ്, സ്നേഹമാണ്, വന്യമാണ്‌ തീവ്രമാണ്,രഹസ്യമാണ്, തുടങ്ങി പത്തിൽ കൂടുതൽ അധ്യായങ്ങളിലൂടെ കഥ പറയുന്നു. തങ്ക മീങ്കൾ സിനിമയിലൂടെ നമ്മെ വിസ്മയിപ്പിച്ച സാധന ഇത്തവണ താനൊരു നല്ല നടിയാണ് എന്ന് വീണ്ടും തെളിയിക്കുന്നു. അതും സിനിമയിൽ ഏറ്റവും കൂടുതൽ നമ്മെ ആകർഷിക്കുന്ന ഒരു കഥാപാത്രത്തിലൂടെ…പാപ്പാ എന്ന കഥാപാത്രത്തെ ഇത്രമേൽ മനോഹരമാക്കാൻ ഇനിയൊരു താരത്തിന് കഴിയുമോ എന്ന സംശയം നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന രീതിയിൽ മികച്ചതായിരുന്നു സാധനയുടെ പ്രകടനം. റാം പറഞ്ഞ വിഷയം സെക്ഷ്വാലിറ്റിയിൽ ആകുമ്പോൾ അതിനൊത്ത രീതിയിൽ കൺവിൻസിംഗ് ആയ ഒരു പ്രകടനം ഈ ചെറിയ അഭിനയ കാലയളവിൽ അവതരിപ്പിച്ച സാധനയുടെ പേരിൽ അറിയപ്പെടും ഈ പേരന്പ്.

അമുദവൻ ഒരുപാട് ലയറുകൾ ഉള്ള ഒരു കഥാപാത്രമാണ്. മിതത്വമാർന്ന പക്വതയുള്ള ഒരു പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രം. അതിൽ നമ്മൾ മുൻപ് കണ്ട കഥാപാത്രങ്ങളുടെ മാനറിസങ്ങൾ കലരാതെ അമുദവനെ അമുദവൻ ആയി തന്നെ കാണണം എങ്കിൽ അതിനു മികച്ച ഒരു അഭിനേതാവ് ആവശ്യമാണ്‌. അയാളുടെ വിരഹം നമ്മൾ കാണുന്നുണ്ട്, നന്മ കാണുന്നുണ്ട്, എല്ലാത്തിലും ഉപരി താനൊരു പച്ച മനുഷ്യൻ ആണെന്നും കാമവും ക്രോധവും എല്ലാം ഒരുപരിധി വരെയേ തന്നിൽ പിടിച്ചമർത്താൻ കഴിയൂ എന്നതും വിജയലക്ഷ്മിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള പ്രകടനവും, തന്നെ ഉപേക്ഷിച്ച ഭാര്യയ്ക്ക് ഉണ്ടായ കുഞ്ഞിന് യാതൊരു കുറവും ഇല്ല എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഉണ്ടാകുന്ന ഭാവമാറ്റവും വലിയൊരു ചതിയിൽ പെട്ടിട്ടും തന്നെ ഇരയാക്കാൻ തീരുമാനിച്ചവരുടെ മുന്നിൽ കൈകൂപ്പുന്ന അമുദവനെ അവതരിപ്പിക്കാൻ റാം മമ്മൂട്ടി എന്ന നടനെ കണ്ടത്തിയതിൽ അതിശയിക്കാനില്ല. ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളുടെ മികച്ച പ്രകടനങ്ങളിൽ ഒന്ന്.

ഓരോരോ അധ്യായങ്ങളിലൂടെ കഥ പറയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയും മനുഷ്യ ജീവിതവും ഒന്നിപ്പിച്ച വിധവും ഹൃദയസപ്ര്ശി ആയിരുന്നു. തല്ലു കൊണ്ട് വിങ്ങിയ കവിളത്തു പാപ്പാ തൊടുമ്പോൾ ദൈവത്തിന്റെ കരസ്പർശം അനുഭവിച്ചറിഞ്ഞു എന്ന് പറയുന്ന പാട്ടിലെ വരികൾ അടക്കം മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു. എന്തിനു സിനിമയിൽ വരുന്ന കുരുവികൾ പോലും ഒരു കഥാപാത്രമായി അവതരിപ്പിച്ച റാമിന് അഭിനന്ദനങ്ങൾ.

റിയൽ എസ്റ്റേറ്റ് മാഫിയ, മാനസിക പ്രശ്നമുള്ള കൗമാരക്കാരിലെ സെക്ഷ്വാലിറ്റി, ട്രാൻസ്ജെൻഡറുകളുടെ ജീവിതം തുടങ്ങി തമിഴ് സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിഷയങ്ങളിലൂടെ റാം ഇത്തവണ സഞ്ചരിക്കുമ്പോൾ തിരക്കഥ ഒരുപക്ഷെ വയലൻസോ ന്യൂഡിറ്റിയോ സെക്സ് സീനുകളോ ആവശ്യപ്പെട്ടാലും അതൊരിക്കലും മോശമായി തോന്നില്ല. പക്ഷെ റാം സിനിമയിൽ അവയെല്ലാം ഇല്ലാതെ തന്നെ, എന്നാൽ ഹാർഡ് ആയി പറയാൻ വന്ന വിഷയത്തിന്റെ ഗൗരവം കുറയ്ക്കാതെ പറഞ്ഞിരിക്കുന്നു.

സിനിമയുടെ മൂഡിനൊത്ത ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും ആണ് മറ്റൊരു ഹൈലൈറ്റ്. കോടൈ കാനൽ പരിസരം ഇത്രമേൽ മനോഹരമായി വേറേ സിനിമയിൽ കണ്ടിട്ടില്ല. അച്ഛൻ മകൾ ബന്ധത്തിന്റെ പല ലയറുകളും എല്ലാവിധ ഇമോഷണൻസും ഉൾപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുവാൻ യുവാന് കഴിഞ്ഞിട്ടുണ്ട്.

പേരൻപ് സാധാരണ ഓഡിയന്സിന്റെ ചിത്രമല്ല. തീർച്ചയായും പക്വതയുള്ള ഒരു പ്രേക്ഷകവിഭാഗത്തിന്റെ സിനിമയാണ്. സിനിമ നൽകുന്ന ചിന്തകൾക്ക് കണക്കില്ല. രണ്ടാം പകുതിയിൽ പറയുന്ന പല കാര്യങ്ങളും നമ്മൾ അനുഭവിക്കാത്ത, ജീവിതത്തിൽ ചിന്തിക്കാത്ത കാര്യങ്ങൾ ആണ്. ആ ഒരു ഇമോഷൻ ലൈനിൽ പ്രേക്ഷകരെ കണക്റ്റ് ചെയ്യാൻ സമർത്ഥനായ ഒരു സംവിധായകനും നല്ല പ്രകടനം നടത്തുന്ന അഭിനേതാക്കൾക്കുമേ കഴിയൂ…അതിനാൽ ഈ സിനിമ ജ്വലിച്ചു നിൽക്കും. തമിഴ് സിനിമയുടെ അഭിമാന സിനിമകളുടെ കൂട്ടത്തിൽ…

🔥The Good – മുകളിൽ പറഞ്ഞത് എല്ലാം.

🔥The Bad – 404

🔥Engaging Factor – സിനിമയുടെ മൂഡിനൊത്ത കൃത്യമായ പേസിങ് തന്നെയാണ് ഇവിടെയും. എവിടെയും ലാഗിംഗ് ഫീൽ ചെയ്തില്ല. കാരണം പാപ്പയുടെയും അമുദവന്റെയും ലോകത്തു നിൽക്കുമ്പോൾ ഫാന്റസിയൊക്കെ വെടിഞ്ഞു നമ്മളും റിയാലിറ്റിയിലേക്ക് കടക്കും.

🔥Last Word – ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ. കണ്ണീർ സിനിമ എന്നോ ഇക്ക കരയിപ്പിച്ചു എന്നൊക്കെ പറയുന്നവരെ അവഗണിക്കുക. പേരൻപ് ഒരു കണ്ണീർ ചിത്രമല്ല, ഇക്ക കരയിപ്പിക്കുന്നുമില്ല. മറിച്ചു, ഒരുപാട് ചിന്തകൾ നമുക്കായി തുറന്നിടുന്നുണ്ട്. അതിനാൽ തന്നെ പക്വതയുള്ള മനസ്സോടെ സിനിമയേ സമീപിക്കുക. നല്ലൊരു അനുഭവം നിങ്ങൾക്ക് ലഭിക്കും.

🔥Verdict – Excellent